പ്രതീകാത്മക ചിത്രം | Photo-Gettyimage
വിലവര്‍ധനവില്‍ തലയ്ക്കടിയേറ്റ ജനങ്ങള്‍ക്ക് പലപ്പോഴും വൈദ്യുതി ചാര്‍ജിലെ വര്‍ധനവ് ഇരുട്ടടിയായി മാറാറുണ്ട്. എന്നാല്‍ ഇതിന്റെ നല്ല വശങ്ങള്‍ ചൂണ്ടിക്കാണിക്കുന്ന സര്‍വേ ഫലവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇംഗ്ലണ്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിപിആര്‍ഇ, ദി കണ്‍ട്രിസൈഡ് ചാരിറ്റി (CPRE, the countryside charity) എന്ന സംഘടന. വൈദ്യുതി ചാര്‍ജ് കൂടുമ്പോള്‍ ഉപകരണങ്ങളുടെ ഉപയോഗം ഗണ്യമായി കുറയും. വൈദ്യുത വിളക്കുകളുടെ ഉപയോഗത്തിലും നിയന്ത്രണങ്ങള്‍ വരും. തത്ഫലമായി പ്രകാശ മലിനീകരണ തോത് കുറയുന്നത് പോലെ പ്രത്യാശയ്ക്ക് വക നല്‍കുന്ന കാര്യങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാമെന്നും സര്‍വേയില്‍ കണ്ടെത്തി. ഒറിയോണ്‍ കോണ്‍സ്റ്റലേഷനില്‍ നഗ്ന നേത്രങ്ങളാല്‍ കാണാന്‍ കഴിയുന്ന നക്ഷത്രങ്ങള്‍ എത്ര പേര്‍ക്ക് കാണാന്‍ കഴിയുമെന്നതിനെ അടിസ്ഥാനമാക്കിയാണ് സര്‍വേ സംഘടിപ്പിച്ചത്.
വൈദ്യുതി ചാര്‍ജില്‍ ഇനിയും വര്‍ധനവ് രേഖപ്പെടുത്തുകയാണെങ്കില്‍ പൊതുജനങ്ങളുടെയും കച്ചവട സ്ഥാപനങ്ങളുടെയും രാത്രി സമയത്തുള്ള പ്രകാശ ഉപയോഗത്തില്‍ ഗണമായ കുറവ് വരാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് സംഘടന പറയുന്നത്.
വൈദ്യുതി ചാര്‍ജ് വര്‍ധന, തൊരുവോര വെളിച്ചങ്ങളുടെ എണ്ണം കുറയല്‍ പോലെയുള്ള ചെറിയ കാര്യങ്ങള്‍ പോലും പ്രകാശ മലിനീകരണ തോത് കുറയ്ക്കുമെന്നാണ് കരുതപ്പെടുന്നത്. മുന്‍വര്‍ഷങ്ങളിലെ സര്‍വേ ഫലങ്ങള്‍ ഇത് സാക്ഷ്യപ്പെടുത്തുന്നുമുണ്ട്. പ്രകാശ മലിനീകരണം മൂലമുള്ള പ്രത്യാഘാതങ്ങള്‍ക്ക് വന്യജീവികളും ഒരു പരിധി വരെ വിധേയമാകുന്നുണ്ട്. അനാവശ്യമായുള്ള വെളിച്ചങ്ങള്‍ വന്യജീവികള്‍ക്ക് പകലും രാത്രിയും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാതിരിക്കാന്‍ കാരണമാകുകയും അതുവഴി സ്വാഭാവിക സ്വഭാവ സവിശേഷതകളില്‍ വ്യതിയാനമുണ്ടാകുകയും ചെയ്യും.
സര്‍വേയില്‍ പങ്കെടുത്ത പകുതിയിലധികം ആളുകളും പ്രകാശ മലിനീകരണം നക്ഷത്രങ്ങള്‍ കാണുന്നതിന് തടസം സൃഷ്ടിച്ചുവെന്ന് ചൂണ്ടിക്കാട്ടി. പ്രകാശ മലിനീകരണത്തിന് എതിരായുള്ള നിയമപോരാട്ടത്തിലാണ് സംഘടന. പ്രകാശ മലിനീകരണം ഉണ്ടാകാത്ത രീതിയില്‍ തെരുവോരങ്ങളില്‍ പ്രകാശ സംവിധാനങ്ങള്‍ സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് നിര്‍ദേശം അധികൃതര്‍ക്ക് മുമ്പില്‍ സംഘടന മുന്നോട്ട് വെച്ചിട്ടുണ്ട്.
Content Highlights: relation between soaring energy charge and light pollution
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..