ആനിക്കാട് ചിറയിൽ കണ്ടെത്തിയ ചെഞ്ചെവിയൻ ആമകളെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റാനൊരുങ്ങുകയാണ് പീച്ചി വനഗവേഷണ കേന്ദ്രം അധികൃതർ | Photo-Wiki/By Greg Hume - Own work, CC BY-SA 3.0, https://commons.wikimedia.org/w/index.php?curid=17397881
മൂവാറ്റുപുഴ: ആനിക്കാട് ചിറയില്‍ കണ്ടെത്തിയ ചെഞ്ചെവിയന്‍ ആമകളെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റാനൊരുങ്ങി വനഗവേഷണ കേന്ദ്രം അധികൃതര്‍. പീച്ചി വനഗവേഷണ കേന്ദ്രം അധികൃതരാണ് ചെഞ്ചെവിയന്‍ ആമകളെ കുറിച്ച് പഠനം നടത്താനും പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റാനും ഒരുങ്ങുന്നത്. വനഗവേഷണ കേന്ദ്രത്തിലെ സീനിയര്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റും ഈ മേഖലയിലെ വിഗ്ദധനുമായ ഡോ.ടി.വി സജീവിന്റെ നേതൃത്വത്തിലാകും പഠനങ്ങള്‍ നടത്തുക. കേരളത്തില്‍ പലയിടങ്ങളിലായി പിടികൂടിയ ചെഞ്ചെവിയന്‍ ആമകളെ നിലവില്‍ നിലമ്പൂര്‍, പീച്ചി, പാരിപ്പിള്ളി എന്നിവിടങ്ങളിലുള്ള പുനരധിവാസ കേന്ദ്രങ്ങളില്‍ മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്.
ഇവിടേക്കുതന്നെ ആനിക്കാട് ചിറയിലെ ആമകളെയും പിടികൂടുന്ന മുറയ്ക്ക് മാറ്റും. ഇപ്പോള്‍ 240 ആമകള്‍ മൂന്ന് പുനരധിവാസ കേന്ദ്രങ്ങളിലായിട്ടുണ്ട്. ഇത്തരം ആമകളെ കണ്ടെത്തിയാല്‍ ജലാശയത്തില്‍ നിന്നും പിടികൂടാനുള്ള പ്രത്യേക തരം കെണി വനഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും ഡോ.സജീവ് മാതൃഭൂമിയോട് പറഞ്ഞു.
വെയില് കൊള്ളാന്‍ ഏറെ താത്പര്യമുള്ള ഇവ വെള്ളത്തിനു മുകളിലേക്ക് വീണു കിടക്കുന്ന മരക്കമ്പുകളിലും മറ്റും കയറി നില്‍ക്കാറുണ്ട്. അത്തരം സാഹചര്യം കൃത്രിമമായി ഒരുക്കി ഇവയെ പിടികൂടാനുള്ള ശ്രമങ്ങളാകും നടത്തുക. ഇവയെ കൈവശം വെയ്ക്കുന്നത് കുറ്റകരമാക്കാനുള്ള നിയമം കൊണ്ടുവരാനുള്ള ശ്രമവും കാര്യമായുണ്ടെന്നും ഡോ.സജീവ് കൂട്ടിച്ചേര്‍ത്തു.
അലങ്കാരജീവി എന്ന നിലയിലാണ് ഇവ കേരളത്തിലെ ജലാശയങ്ങളിലേക്കെത്തുന്നത്. വലിപ്പം വര്‍ധിക്കുന്നതോടെ പലരും ഇവയെ ഉപേക്ഷിക്കുകയാണ് പതിവ്. ഇത് ചെയ്യരുതെന്ന് വനഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വേണ്ടാത്ത ആമകളെ സ്വീകരിക്കാന്‍ കേന്ദ്രം തയ്യാറാണെന്നും ഡോ.സജീവ് പറയുന്നു. ഇവയുടെ വ്യാപനം തടയാനാണ് ഒരുമിച്ച് പാര്‍പ്പിച്ചിരിക്കുന്നത്. ജലാശയങ്ങളെയും ജലസമ്പത്തിനെയും സാരമായി നശിപ്പിക്കുന്ന ഇവ ആഫ്രിക്കന്‍ ഒച്ചിനെ പോലുള്ള ഭീഷണികള്‍ സൃഷ്ടിക്കാന്‍ കാരണമാകും, ഇത് ഇല്ലാതാക്കാനാണ് ശ്രമം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..