കുങ്കുമക്കുരുവി | Photo:eBird
ഒറ്റപ്പാലം: ഭാരതപ്പുഴയിൽ പുൽത്തകിടിയിൽ തീയിടുന്നതുമൂലം പുഴയോരത്തെത്തുന്ന കുങ്കുമക്കുരുവികളുടെ എണ്ണം കുറഞ്ഞതായി പഠനം. ഏഷ്യൻ നീർപക്ഷി സർവേയുടെ ഭാഗമായി പാലക്കാട് നാച്വറൽ ഹിസ്റ്ററി സൊസൈറ്റി ഭാരതപ്പുഴയിലെ ഒറ്റപ്പാലം മായന്നൂർ പാലത്തിനുസമീപം നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.
പുഴയോരത്തെ തിട്ടകളിൽ കൂടുവെക്കുന്ന കുങ്കുമക്കുരുവികളുടെ (റെഡ് മുനിയ) എണ്ണത്തിൽ കഴിഞ്ഞവർഷങ്ങളെ അപേക്ഷിച്ച് പകുതിയിലേറെ കുറവുണ്ടെന്നാണ് പക്ഷിനിരീക്ഷകർ നടത്തിയ പഠനത്തിലെ കണ്ടെത്തൽ. ഇടയ്ക്കിടെ ഇവിടെ തീ പടരുന്നതുമൂലം ഇവ പേടിച്ച് മറ്റിടങ്ങൾ തേടിപ്പോകുന്നതാണെന്നാണ് നിരീക്ഷണം. മായന്നൂർപ്പാലംഭാഗത്ത് ദേശാടനപ്പക്ഷികളടക്കം 50 ഇനം പക്ഷികൾ വന്നുപോകുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. ഇതിൽ കുങ്കുമക്കുരുവികൾ ഉൾപ്പെടെ 12 ഇനമെങ്കിലും പുഴയിലെ മണൽത്തിട്ടയിൽ കൂടൊരുക്കി മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിക്കുന്നുണ്ടെന്ന് പക്ഷിനിരീക്ഷകൻ കെ. സുസ്മിത് കൃഷ്ണൻ പറയുന്നു.
മൂന്നുവർഷംമുമ്പ് ഭാരതപ്പുഴയിൽ ഇതേസ്ഥലത്ത് തീയിട്ടതുമൂലം പക്ഷികളും മുട്ടകളും നശിച്ചുപോവുകയും ഹരിതട്രിബ്യൂണൽ കേസെടുക്കുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി ആവാസവ്യവസ്ഥ സംരക്ഷിക്കാനുള്ള പദ്ധതികൾ നടക്കവേ, ഇത്തവണ അഞ്ചുതവണ പുഴയിൽ തീയിടലുണ്ടായി. ഇതിനൊപ്പമാണ് പ്രദേശത്തെത്തുന്ന പക്ഷികളുടെ കണക്കെടുപ്പ് തുടങ്ങിയത്.
തണ്ണീർത്തടങ്ങളുടെയും നീർപ്പക്ഷികളുടെയും സംരക്ഷണത്തിനും പരിപാലനത്തിനും പിന്തുണ നൽകുകയെന്ന ലക്ഷ്യത്തോടെയാണ് ഏഷ്യൻ നീർപക്ഷി സർവേ നടക്കുന്നത്. ഓരോയിടത്തെയും പക്ഷികളുടെ കണക്കെടുത്ത് ‘ഇ-ബേഡ്സ്’ എന്ന വെബ് സൈറ്റിൽ രേഖപ്പെടുത്തും. എം. ആര്യകുമാരൻ, സുകുമാരൻ, പി.എം. സ്മിജിത്ത്, എം. സിദ്ധാർഥ്, എൻ. പ്രീതി തുടങ്ങിയവർ സർവേയിൽ പങ്കെടുത്തു. വിവേക് സുധാകരന്റെ നേതൃത്വത്തിലാണ് ജില്ലയിൽ പഠനംനടത്തുന്നത്.
നിളയിൽ പക്ഷികളെത്തുന്ന പ്രദേശം സംരക്ഷിക്കുന്നതിന് ജൈവവേലി നിർമിക്കാൻ ഒറ്റപ്പാലം സബ്കളക്ടറുടെ നേതൃത്വത്തിൽ തീരുമാനിച്ചിരുന്നെങ്കിലും ഇപ്പോഴും പണി തുടങ്ങിയിട്ടില്ല.
Content Highlights: red avadavat Birds face threat in bharathapuzha
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..