ബൈക്കുള മൃഗശാലയിലെ കടുവ | Photo-ANI
മുംബൈ: വേനലവധി തുടങ്ങിയതോടെ ബൈക്കുളയിലെ വീര്‍മാതാ ജീജാഭായ് ഭോസലെ ഉദ്യാന്‍ മൃഗശാലയില്‍ ഞായറാഴ്ച റെക്കോഡ് സന്ദര്‍ശകര്‍. ആകെ 26,173 സന്ദര്‍ശകരാണ് ഞായറാഴ്ച മൃഗശാലയിലെത്തിയത്. മൃഗശാല തുടങ്ങിയശേഷം ഇതുവരെയുള്ള ഏറ്റവുമുയര്‍ന്ന സന്ദര്ശകരാണിതെന്ന് മൃഗശാലാ അധികൃതര്‍ അറിയിച്ചു. റാണി ബാഗെന്നറിയപ്പെടുന്ന ഇവിടെ ആഴ്ചയില്‍ ശരാശരി 4,000 മുതല്‍ 4,500 പേര് വരെയാണ് വരാറുള്ളത്. ആഴ്ചാവസാനമിത് 15,000 മുതല്‍ 18,000 വരെ ആകാറുണ്ട്.
കോവിഡ് ലോക്ഡൗണ്‍ കാലത്ത് മൃഗശാലയില്‍ പുതിയ മൃഗങ്ങളെ എത്തിച്ചതും അറ്റകുറ്റപ്പണികള്‍ നടത്തിയതുമെല്ലാം കാഴ്ചക്കാരുടെ എണ്ണംകൂടാന്‍ കാരണമായതായാണ് കരുതുന്നത്. ഒരു ജോഡി പുള്ളിപ്പുലികള്‍, ഹൈന, ബംഗാള്‍ കടുവ തുടങ്ങിയവയെയാണ് പുതുതായി എത്തിച്ചത്. കൂടാതെ ഇവിടെയുള്ള പെന്ഗ്വിന് കുഞ്ഞുങ്ങളായ ഓറിയോയും ഓസ്കറും മൃഗശാലയെ ശ്രദ്ധാകേന്ദ്രമാക്കി മാറ്റിയിട്ടുണ്ട്.
ശനിയാഴ്ച 16,747 സന്ദര്ശകരില്നിന്നായി 6.27 ലക്ഷം രൂപയും ഞായറാഴ്ച 9.74 ലക്ഷം രൂപയുമാണ് മൃഗശാലയിലെ വരുമാനം. മേയ് 15 -നും ഇവിടെ സന്ദര്‍ശകരുടെ എണ്ണം 26,000 കടന്നിരുന്നു. സന്ദര്‍ശകര്‍ കൂടിയതോടെ ഇവരെ നിയന്ത്രിക്കാനായി മൃഗശാലാ അധികൃതര്‍ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..