പരപ്പനങ്ങാടി: മീന്‍പിടിത്തത്തിന് ഭീഷണിയായി കടലില്‍ കടല്‍മാക്രികള്‍ (പഫര്‍ ഫിഷ്) വര്‍ധിക്കുന്നു. കാലാവസ്ഥയിലും കടലിലെ ആവാസവ്യവസ്ഥയിലുമുണ്ടാകുന്ന മാറ്റങ്ങളാണ് കടല്‍മാക്രികള്‍ വര്‍ധിക്കുന്നതിനു കാരണം . മീന്‍പിടിത്തത്തിനുള്ള ഇരുപതുലക്ഷം രൂപവരെ വിലയുള്ള വലകളാണ് കടല്‍മാക്രികള്‍ നശിപ്പിക്കുന്നത്.

ഇതോടെ കിട്ടിയ മീനും ഉപയോഗശൂന്യമാകുന്ന വലകളും ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് മത്സ്യത്തൊഴിലാളികള്‍. ജില്ലയില്‍ വള്ളിക്കുന്ന്, പരപ്പനങ്ങാടി, താനൂര്‍, പൊന്നാനി മേഖലകളിലെല്ലാം കടല്‍മാക്രികളെ കാണുന്നുണ്ട്.

ചില പ്രത്യേക സ്ഥലങ്ങളില്‍ കടല്‍മാക്രികള്‍ വലയില്‍ കുടുങ്ങിയാല്‍ ആ ഭാഗത്തേക്കു പോകുന്നതില്‍നിന്ന് മറ്റു വള്ളക്കാരെ വിലക്കുന്നതുകൊണ്ടാണ് പലരും രക്ഷപ്പെടുന്നത്. മുന്‍വര്‍ഷങ്ങളില്‍നിന്ന് വ്യത്യസ്തമായി കടല്‍മാക്രികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടെന്ന് മത്സ്യത്തൊഴിലാളികള്‍ സാക്ഷ്യപ്പെടുത്തുന്നു.

മത്സ്യത്തൊഴിലാളികളും ശ്രദ്ധിക്കണം

കടല്‍മാക്രികള്‍ വലയില്‍ അകപ്പെട്ടാല്‍ കടലിലേക്ക് തിരിച്ചിടുന്നതാണു നല്ലത്. ഇവ ശരീരത്തില്‍ സ്പര്‍ശിച്ചാല്‍ ചൊറിയും മുറിവും ഉണ്ടാകാനിടയുണ്ട്. കൂട്ടമായെത്തി വലയില്‍ കുടുങ്ങിയ മത്സ്യങ്ങളെ കടിച്ചെടുക്കുകയും വല തകര്‍ക്കുകയും ചെയ്യും.

സാമ്പത്തികനഷ്ടം ഇല്ലാതാക്കാന്‍ കടല്‍മാക്രികള്‍ കൂടുതലുള്ള ഭാഗത്തുനിന്ന് മാറി മീന്‍പിടിക്കുകയാണു വേണ്ടത്. കടല്‍മാക്രികള്‍ കേടുവരുത്തിയ ഭൂരിഭാഗം വലകളും നന്നാക്കാനുമാകില്ല.

 

കടല്‍മാക്രികള്‍ (പഫര്‍ ഫിഷ്)
 

വീര്‍ത്ത് വലുതാകുന്ന ശരീരപ്രകൃതമുള്ളതും ശരീരത്തിലാകെ മുള്ളുകളുമുള്ള മത്സ്യമാണ് കടല്‍മാക്രി. വലിയ മൂര്‍ച്ചയുള്ള പല്ലും മുള്ളുമാണ് ഇവയുടെ ആയുധം. ഇവര്‍ കൂട്ടത്തോടെ വലയില്‍ അകപ്പെട്ടല്‍ വല പാടെ നശിക്കും. ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് കടല്‍മാക്രികളെ സാധാരണയില്‍ കൂടുതലായി കണ്ടുവരാറുള്ളത്. വിവിധ രൂപത്തിലുള്ള കടല്‍മാക്രികളുമുണ്ട്. വിഷമുള്ള മത്സ്യമായതിനാല്‍ ഇതിനെ ഭക്ഷിക്കാറില്ല. എന്നാല്‍ ജപ്പാന്‍കാര്‍ ചില രോഗങ്ങള്‍ക്ക് ചികിത്സയ്ക്കായി കടല്‍മാക്രികളെ ഉപയോഗിക്കാറുണ്ട്.

Content Highlights: puffer fish increase in number