ബ്രാക്കിസ്റ്റെൽമ അറ്റെനോട്ടം | Photo-Amber Srivastava,Botanical Survey of India
ഷിംല:നൂറിലേറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് വംശമറ്റുവെന്ന് കരുതിയ സസ്യ വര്‍ഗ്ഗത്തെ ഹിമാചലില്‍ കണ്ടെത്തി. ബ്രാക്കിസ്റ്റെല്‍മ അറ്റെനോട്ടം (brachystelma attenuatum) എന്ന സസ്യ വര്‍ഗ്ഗത്തെയാണ് 188 വര്‍ഷം നീണ്ട ഇടവേളയ്ക്ക് ശേഷം ഹിമാചല്‍ പ്രദേശില്‍ കണ്ടെത്തിയത്. ഡെറാഡൂണിലെ ബൊട്ടാണിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും ഷിംലയിലെ ഹിമാചല്‍ പ്രദേശ് സര്‍വകലാശാലയും സംയുക്തമായി നടത്തിയ പരിശ്രമങ്ങളാണ് അപൂര്‍വവും വംശമറ്റുവെന്ന് കരുതിയതുമായ സസ്യത്തെ വീണ്ടും കണ്ടെത്താന്‍ സഹായകരമായത്. 1835-ല്‍ ബ്രിട്ടീഷ് സസ്യശാസ്ത്രഞ്ജരായ ജോണ്‍ ഫോര്‍ബ്സ്, റോബര്‍ട്ട് വൈറ്റ് എന്നിവരാണ് നിലവില്‍ ഹമീര്‍പുര്‍ എന്നറിയപ്പെടുന്ന മേഖലയില്‍ സസ്യത്തെ ആദ്യമായി കണ്ടെത്തുന്നത്. പിന്നീട് ഇവയുടെ സാന്നിധ്യം രേഖപ്പെടുത്തിയിരുന്നില്ല.
2020-ല്‍ പടിഞ്ഞാറന്‍ ഹിമാലയ മേഖലയില്‍ കിഴങ്ങുവര്ഗ്ഗത്തില്പ്പെട്ട ചില സസ്യങ്ങളുടെ സാന്നിധ്യം ഗവേഷകര്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇവ 186 വര്‍ഷം മുമ്പേ വംശമറ്റ് ബ്രാക്കിസ്റ്റെല്‍മ പാര്വിഫ്ളോറം എന്ന സസ്യ വര്ഗത്തില്പ്പെട്ടവയാണെന്ന് തിരിച്ചറിഞ്ഞു. ഇത് വംശമറ്റുവെന്ന് കരുതപ്പെട്ടിരുന്നവയുടെ സാന്നിധ്യം ഈ മേഖലകളില്‍ ഉണ്ടായിരിക്കാമെന്ന നിഗമനത്തിലേക്ക് ഗവേഷകരെ എത്തിക്കുകയായിരുന്നു.
ഹമീര്‍പുര്‍ മേഖലയില്‍ ബ്രാക്കിസ്റ്റെല്‍മ അറ്റെനോട്ടം എന്ന സസ്യവര്ഗ്ഗത്തെ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ കണ്ടെത്തിയിരുന്നെങ്കിലും പൂവിടല്‍ കാലം കഴിഞ്ഞിരുന്നതിനാല്‍ ഇവ ഏത് വിഭാഗത്തില്‍പ്പെടുന്ന സസ്യ വിഭാഗമാണെന്ന് തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല. ശേഷം ഈ വര്‍ഷം മേഖലയില്‍ വീണ്ടും നടത്തിയ പരിശോധനയിലാണ് ഇവയെ തിരിച്ചറിഞ്ഞത്.
കുറഞ്ഞ സമയത്തിനുള്ളില്‍ വംശമറ്റുവെന്ന് കരുതിയ രണ്ട് സസ്യങ്ങളുടെ സാന്നിധ്യം ശുഭപ്രതീക്ഷയാണ് നല്‍കുന്നത്. മേഖലയില്‍ കൂടുതല്‍ ഗവേഷണങ്ങളും സംരക്ഷണ പ്രവര്‍ത്തനങ്ങളും ഗുണം ചെയ്തേക്കുമെന്നും ഗവേഷകര്‍ പ്രതികരിച്ചു. ബ്രാക്കിസ്റ്റെല്‍മ എന്ന ജെനുസ്സില്‍ ഉള്‍പ്പെട്ട നൂറിലധികം വിഭാഗങ്ങളുണ്ട്. ഇവയുടെ ഏറിയ പങ്കും ദക്ഷിണാഫ്രിക്കയിലാണ് കാണപ്പെടുന്നതെന്നും ഗവേഷകര്‍ പറയുന്നു. ബ്രാക്കിസ്റ്റെല്‍മ വിഭാഗത്തില്‍പ്പെട്ട ബ്രാക്കിസ്റ്റെല്‍മ അറ്റെനോട്ടം, ബ്രാക്കിസ്റ്റെല്‍മ പാര്വിഫ്ളോറം എന്നിവയുടെ സാന്നിധ്യം മാത്രമാണ് ഇതുവരെ പടിഞ്ഞാറന്‍ ഹിമാലയ മേഖലയില്‍ തിരിച്ചറിഞ്ഞിരിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..