പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: തലസ്ഥാനത്ത് നീർപക്ഷികളുടെ എണ്ണത്തിലും ഇനങ്ങളിലും വർധനവ്. മുൻവർഷത്തെ അപേക്ഷിച്ച് അധികമായി നാലിനങ്ങളെ കണ്ടെത്തി. ഏഷ്യൻ നീർപക്ഷി സെൻസസിലാണ് വ്യത്യസ്ത ഇനങ്ങളിൽപ്പെട്ട പക്ഷികളെ ജില്ലയിൽ കണ്ടെത്തിയത്. ഇത്തവണ 76 ഇങ്ങളിലായി 5396 പക്ഷികളുടെ സാന്നിധ്യം തിരിച്ചറിഞ്ഞു. കഴിഞ്ഞ വർഷം 72 ഇനങ്ങളിലായി 3270 പക്ഷികളെയാണ് കണ്ടെത്തിയത്.
പൊൻമണൽക്കോഴി, നരയൻ വാലുകുലുക്കി, വെള്ള വാലുകുലുക്കി, വർണക്കൊക്ക്, കരണ്ടികൊക്കൻ, പുള്ളിക്കാടക്കൊക്ക്, ചാരത്തലയൻ തിത്തിരി, തെറ്റിക്കൊഴൻ, പച്ചക്കാലി, ചോരക്കാലി, കായൽപൊന്മാൻ തുടങ്ങിയ ഇനത്തിൽപ്പെട്ട പക്ഷികളെയാണ് പ്രധാനമായി തിരിച്ചറിഞ്ഞത്. ആറ്റിങ്ങലിനു സമീപത്തുള്ള പഴഞ്ചിറ തണ്ണീർത്തടത്തിൽ 200 പുള്ളിച്ചുണ്ടൻ താറാവ്, 140 വരി എരണ്ട, 210 ചൂളൻ എരണ്ട, 110 പവിഴക്കാലി ഉൾപ്പെടെ 34 ഇനങ്ങളിലായി 1298 പക്ഷികളെയാണ് കണ്ടെത്തിയത്.
വംശനാശഭീഷണി നേരിടുന്ന ചാരക്കോഴികളുടെ സുരക്ഷിത ആവാസസ്ഥലം മൃഗശാലയാണെന്ന് തിരിച്ചറിഞ്ഞു. പൂവാർ അഴിമുഖം, ആക്കുളം കായൽമേഖല, അരുവിക്കര, നെടുങ്കാട്, കണ്ണമ്മൂലതോട്, കഠിനംകുളം, വേളി കായൽ എന്നിവിടങ്ങളിലാണ് പ്രധാനമായും നീർപക്ഷികളെ കണ്ടത്. അതേ സമയം നീർപക്ഷി ഇനങ്ങളുടെ എണ്ണത്തിൽ കുറവുണ്ടെങ്കിലും മൊത്തം പക്ഷികളുടെ എണ്ണത്തിൽ 65 ശതമാനം വർധനവ് രേഖപ്പെടുത്തി.
തീവ്രമായ വളപ്രയോഗം, കർഷകർ പടക്കം പൊട്ടിക്കുന്നത്, നിലംനികത്തൽ, ഉച്ചഭാഷിണി ഉപയോഗം, ഫോട്ടോഷൂട്ടിനായി പക്ഷികൾക്കു നേരേയുള്ള അക്രമം തുടങ്ങിയവയാണ് നീർപക്ഷികൾ നേരിടുന്ന പ്രധാന ഭീഷണി. 45 വിദഗ്ധ പക്ഷിനിരീക്ഷകരും ഫോട്ടോഗ്രാഫർമാരും സന്നദ്ധപ്രവർത്തകരും പങ്കെടുത്ത സെൻസസ് ജനുവരി 21-നാണ് നടന്നത്.
Content Highlights: presence of water birds in trivandrum shows a hike
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..