ചെമ്മാറൻ പാറ്റപിടിയൻ | Photo: Wiki/By Davidvraju - Own work, CC BY-SA 4.0, https://commons.wikimedia.org/w/index.php?curid=62207128
സുൽത്താൻബത്തേരി: കിഴക്കൻ യൂറോപ്പിലും റഷ്യയിലും പ്രജനനം നടത്തുന്ന ചെമ്മാറൻ പാറ്റപിടിയൻ (Red-breasted Flycatcher) പക്ഷിയെ വയനാട് വന്യജീവിസങ്കേതത്തിൽ കണ്ടെത്തി. കഴിഞ്ഞ മൂന്നു ദിവസമായി വയനാട് വന്യജീവിസങ്കേതത്തിൽ നടത്തിയ സർവേയിലാണ് അപൂർവയിനത്തിൽപ്പെട്ട ഈ ചെറു പക്ഷിയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്.
തവിട്ട് നിറമുള്ള പക്ഷിയുടെ കഴുത്തിലും മാറിലും ചുവന്ന നിറവും വാലിന് കറുപ്പും വെള്ളയും നിറവുമാണ്. കേരളത്തിൽ ഇതിനുമുൻപ് അഞ്ചുതവണ മാത്രമേ ഈ പക്ഷിയെ കണ്ടെത്തിയിട്ടുള്ളൂ. ചെറുപ്രാണികളെ ഭക്ഷണമാക്കുന്ന ഇത്തരം പക്ഷികൾ യൂറോപ്പിലുംമറ്റും അതിശൈത്യമാകുമ്പോൾ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് ദേശാടനം നടത്തും.
വന്യജീവിസങ്കേതത്തിന്റെ നാല് റെയ്ഞ്ചുകളിലെ 12 ക്യാമ്പുകളിലായി നടത്തിയ സർവേയിൽ 185 ഇനം പക്ഷികളെയാണ് കണ്ടെത്തിയത്. വംശനാശഭീഷണി നേരിടുന്ന കഴുകൻ ഇനങ്ങളായ ചുട്ടിക്കഴുകൻ, കാതിലക്കഴുകൻ എന്നിവ ഒട്ടുമിക്ക സർവേ ക്യാമ്പുകളിലുമുണ്ടായിരുന്നു. സർവേയിൽ കണ്ടെത്തിയ ഈ രണ്ടിനം കഴുകന്മാരും ഇന്ന് കേരളത്തിൽ വയനാട് വന്യജീവിസങ്കേതത്തിൽ മാത്രമേ അവശേഷിക്കുന്നുള്ളൂ. ഈ രണ്ടിനങ്ങളും ഐ.യു.സി.എൻ. ചുവപ്പു പട്ടികയിൽ അതീവവംശനാശഭീഷണി നേരിടുന്നവയായി കണക്കാക്കുന്നവയാണ്.
കഴുകനുപുറമെ 17 മറ്റു പരുന്ത് വർഗങ്ങളെയും കണ്ടെത്തി. മാംസാഹാരികളായ ഇത്തരം പക്ഷികൾ ആവാസവ്യവസ്ഥയുടെ ആരോഗ്യസൂചകങ്ങളാണ്. കരിയിലക്കിളി എന്നുവിളിക്കുന്ന ചിലപ്പൻ പക്ഷികളെയാണ് ഏറ്റവുമധികം കണ്ടത്. തുറന്ന ഇലപൊഴിയും കാടുകളിൽ തറയിലൂടെ ഇരതേടി ജീവിക്കുന്നവരാണ് കരിയിലക്കിളികൾ. ചിന്നക്കുട്ടുറുവൻ, പൂന്തത്ത, തീക്കുരുവി, കാട്ടുമൈന എന്നിവയാണ് വയനാട് വന്യജീവിസങ്കേതത്തിൽ സർവസാധാരണമായി കാണാനായ മറ്റുചില പക്ഷികൾ.
മുപ്പതിലധികം ഇനങ്ങളെ ഓരോതവണ വീതം മാത്രമാണ് കാണാനായിട്ടുള്ളത്. ഇവയിലേറെയും കേരളത്തിലെ കാടുകളിൽ മാത്രം കാണപ്പെടുന്നവയാണ്. ചതുപ്പുനിലങ്ങളെയും തണ്ണീർത്തടങ്ങളെയും ആശ്രയിച്ചുജീവിക്കുന്ന വിവിധയിനം പക്ഷികളെയും സർവേയിൽ കണ്ടെത്തി.
വയനാട്ടിലെ ഇക്കോ ടൂറിസം വികസനത്തിൽ വലിയ സാധ്യതകളാണ് പക്ഷികൾക്കുള്ളതെന്നും എന്നാൽ വർധിച്ചുവരുന്ന അധിനിവേശ സസ്യങ്ങളുടെ വ്യാപനവും എകവിള വനവൃക്ഷ തോട്ടങ്ങളും വന്യജീവിസങ്കേതത്തിന്റെ ജൈവവൈവിധ്യത്തിന് ആഘാതം സൃഷ്ടിക്കുന്നുവെന്ന് പക്ഷിനിരീക്ഷകർ അഭിപ്രായപ്പെട്ടു.
സ്വതന്ത്ര സോഫ്റ്റ്‌വേറായ ഒ.ഡി.കെ., കോബോ കളക്റ്റ് എന്നിവ ഉപയോഗിച്ചായിരുന്നു സർവേ. സംസ്ഥാനത്ത് ആദ്യമായാണ് ഈരീതി ഉപയോഗിക്കുന്നത്. സാങ്കേതികസഹായം നൽകിയത് ഫേൺസ് നേച്ചർ കൺസർവേഷൻ സൊസൈറ്റിയാണ്. വയനാട് വന്യജീവിസങ്കേതം വൈൽഡ് ലൈഫ് വാർഡൻ അബ്ദുൽ അസീസ് ഉദ്ഘാടനംചെയ്തു. എ.ഡി.സി.എഫ്. ജി. ദിനേശ് കുമാർ, രാഹുൽ രവീന്ദ്രൻ, രൺജിത്ത് കുമാർ, പി.എ. വിനയൻ, മുനീർ തോല്പെട്ടി തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമുള്ള 24 പക്ഷിനിരീക്ഷകർ സർവേയിൽ പങ്കെടുത്തു.
Content Highlights: presence of red breasted flycatcher have been recorded in wayanad
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..