മൊണാർക്ക് ചിത്രശലഭം | Photo-Gettyimage
മെക്സിക്കോയില്‍ ശീതകാലം ചിലവഴിക്കാനെത്തുന്ന മൊണാര്‍ക്ക് ചിത്രശലഭങ്ങളുടെ എണ്ണത്തില്‍ വര്‍ധനവ്. ഇവ കാണപ്പെടുന്ന മേഖലകളെ ആധാരമാക്കിയാണ് ശതമാനം നിര്‍ണയിച്ചത്. അതായത് മുന്‍കാലങ്ങളെ അപേക്ഷിച്ച് 35 ശതമാനത്തിന്റെ വര്‍ധനവ്. വിവിധ കാലാവസ്ഥകളോട് പൊരുത്തപ്പെടാനുള്ള മൊണാര്‍ക്ക് ചിത്രശലഭങ്ങളുടെ കഴിവായിരിക്കാം ഇതിന് പിന്നിലെന്നാണ് വിദ്ഗധര്‍ പറയുന്നത്.ദേശാടനത്തിന്റെ ഭാഗമായി അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമെത്തുന്ന ഇവയുടെ പ്രധാന ഭക്ഷണമായ മില്‍ക്ക് വീഡിന്റെ ലഭ്യത കുറവ്, വനനശീകരണം പോലെയുള്ള ഘടകങ്ങള്‍ മെക്സിക്കോയില്‍ ഇവയുടെ സാന്നിധ്യം കുറയാന്‍ പ്രധാന കാരണമായിരുന്നു.
എന്നാല്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് രാജ്യത്തിന്റെ വനനശീകരണ തോതില്‍ ഗണ്യമായി കുറവുണ്ടായിട്ടുണ്ട്. ഇതും ഇവയുടെ എണ്ണം കൂടാനുള്ള കാരണമായി തീര്ന്നിരിക്കാമെന്നാണ് നിഗമനം.
ശീതകാലം ചിലവഴിക്കാൻ മെക്സിക്കോയിൽ നവംബറിലെത്തുന്ന മൊണാർക്ക് ശലഭങ്ങൾ മാര്‍ച്ച് മാസത്തില്‍ യു.എസിലേക്കും കാനഡയിലേക്കും തിരികെ പോകും. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ തന്നെ ഇവ തിരികെപോയി. വരള്‍ച്ച പോലെയുള്ള പ്രതികൂല സാഹചര്യങ്ങളാണ് കാരണമെന്ന് നാഷണല്‍ കമ്മിഷന് ഓഫ് നാച്ചുറല്‍ പ്രൊട്ടക്ട്ഡ് ഏരിയാസ് റീജിയണല്‍ ഡയറക്ടര്‍ ഗ്ലോറിയ ടവേര പറയുന്നു. പ്രതികൂല കാലാവസ്ഥകളോട് പൊരുത്തപ്പെടാനുള്ള അവരുടെ കഴിവായി ഇത് കണക്കാക്കപ്പെടുന്നുണ്ട്.

അതേസമയം ഈ വര്‍ഷം ഏപ്രില്‍ മാസം വരെയും മൊണാര്‍ക്ക് ചിത്രശലഭങ്ങള്‍ മെക്സിക്കോയിലുണ്ടായിരുന്നു. ഇതേ രീതി അടുത്ത വര്‍ഷവും തുടരുകയാണെങ്കില്‍ കാലാവസ്ഥയോട് പൊരുത്തപ്പെടാനുള്ള ഇവയുടെ കഴിവ് കൂടുതൽ മനസ്സിലാക്കാനാകും. രാജ്യത്ത് 2021-22 കാലയളവില്‍ 18.8 ഹെക്ടറിലുള്ള മരങ്ങള്‍ പൂര്‍ണമായും നശിപ്പിക്കപ്പെട്ടിരുന്നു. കാട്ടുതീ, വരള്‍ച്ച പോലെയുള്ള പ്രതികൂല ഘടകങ്ങളും ഇതിന് കാരണമായി. വനനശീകരണം പോലെയുള്ള പ്രവര്‍ത്തനങ്ങള്‍ ഇവയുടെ അംഗസംഖ്യ കുറയാന്‍ കാരണമായിരുന്നു. 2020-21 കാലഘട്ടത്തില്‍ ഇത് 20.6 ഹെക്ടറായിരുന്നു.
അമേരിക്ക, കാനഡ പോലെയുള്ള രാജ്യങ്ങളില്‍ മില്‍ക്ക് വീഡ് പോലെയുള്ളവ നട്ടുപിടിപ്പിക്കാന്‍ പരിസ്ഥിതി പ്രവര്‍ത്തകരും വിദ്യാര്‍ത്ഥികലും മറ്റും ആഹ്വാനം ചെയ്തിരുന്നു. നഷ്ടപ്പെട്ട മരങ്ങള്‍ക്ക് പകരമെന്നോണമായിരുന്നു ഇത്. എന്നാല്‍ മരങ്ങൾ നഷ്ടപ്പെടുന്നത് സ്വാഭാവിക ദേശാടന ക്രമത്തെ ബാധിച്ചേക്കാമെന്ന് ടവേര അഭിപ്രായപ്പെട്ടു. മെക്സിക്കോയിലെ പൊതുജനങ്ങള്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്യരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മനോഹരമായ ചിത്രശലഭമായതിനാല് ഇവയെ വിവാഹത്തിലോ മറ്റ് ആഘോഷ വേളകളിലോ തുറന്ന് വിടാനായി വളർത്തുന്ന പ്രവര്‍ത്തനങ്ങളും ദോഷം ചെയ്യുമെന്ന് ടവേര പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..