യമുനാനദിയിൽ വിഷപത രൂപപ്പെട്ടപ്പോൾ | Photo-ANI
ന്യൂഡല്‍ഹി : മലിനീകരണത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ കാളിന്ദി കുഞ്ജിനടുത്തുള്ള യമുനാനദിയില്‍ വിഷപ്പത രൂപപ്പെട്ടു. യമുനാനദിയുടെ പലഭാഗങ്ങളും വിഷപ്പതയില്‍ മൂടപ്പെട്ട് കിടക്കുകയായിരുന്നു. ചാട്ട്പൂജയ്ക്ക് പങ്കെടുക്കാനായി നിരവധി ഭക്തരാണ് ഇവിടെ എത്തിച്ചേര്‍ന്നത്.
നദിയിലെ ഉയര്‍ന്ന അമോണിയ തോതും ഫോസ്ഫേറ്റ് അംശവുമാണ് വിഷപത രൂപപ്പെടാനുള്ള പ്രധാന കാരണം. വ്യാവസായിക മാലിന്യം നദിയിലേക്ക് പുറന്തള്ളിയതാണ് അമോണിയുടെ തോതും ഫോസ്ഫേറ്റിന്റെ അംശവും നദിയില്‍ ഉയരാനുള്ള പ്രധാന കാരണം.
നദിയിലെ മലിനീകരണത്തിന്റെ സൂചകമായ അമോണിയയുടെ അംശം ശനിയാഴ്ചയും ഞായറാഴ്ചയും 2.2 പി.പി.എമായിരുന്നു (പാര്‍ട്ട്സ് പെര് മില്ല്യണ്‍). വായു, ജലം, മറ്റ് ദ്രാവകങ്ങള്‍ എന്നിവയിലെ മലിനീകരണത്തിന്റെ സാന്ദ്രത മനസ്സിലാക്കാനുപയോഗിക്കുന്ന അളവാണ് പാര്‍ട്സ് പെര് മില്ല്യണ്‍.
നാല് ദിവസം നീണ്ടുനില്‍ക്കുന്ന ചാട്ട്പൂജയില് പ്രധാനമായും സൂര്യഭഗവാനെയാണ് ആരാധിക്കുന്നത്. ബീഹാര്‍, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലുള്ളവരാണ് പൂജയില്‍ പ്രധാനമായും പങ്ക് കൊള്ളുന്നത്. ആരാധനവേളയില് ഭക്തര്‍ പുണ്യനദിയില്‍ മുങ്ങികുളിക്കും.
വിഷപ്പത രൂപപ്പെട്ടതു മൂലം ഡല്‍ഹിയിലെ പല പ്രദേശങ്ങളിലേക്കുള്ള ജല വിതരണത്തെയും ബാധിച്ചു. സോണിയ വിഹാര്‍, വസീറാബാദ്, ചന്ദ്രവാല്‍, ഓഖ്ല എന്നിവിടങ്ങളിലുള്ള ജല വിതരണത്തെയാണ് മലിനീകരണം ബാധിച്ചത്.
ഡല്‍ഹി ഡിസാസ്റ്റര്‍ മാനേജ്മെന്റ് (ഡി.ഡി.എം.എ) ഈ വര്‍ഷം യമുനാ നദിക്കരയില്‍ ചാട്ട് പൂജയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ബി.ജെ.പിയും ആം ആദ്മി പാര്‍ട്ടിയും തമ്മില്‍ വാക്കുതര്‍ക്കങ്ങളുണ്ടായി. തുടര്‍ന്ന് ഡി.ഡി.എം.എ ഡല്‍ഹിയിലെ യമുനാനദിക്കരയുടെ ഭാഗങ്ങളൊഴിച്ച് മറ്റിടങ്ങളിൽ ചാട്ട് പൂജയ്ക്ക് അനുമതി നല്‍കുകയായിരുന്നു.
കഴിഞ്ഞ ദിവസം ദീപാവലി ആഘോഷങ്ങള്‍ക്ക് പിന്നാലെ ഡല്‍ഹി നഗരം മലിനവായുവില്‍ മുങ്ങിയിരുന്നു. തുടര്‍ച്ചയായ മൂന്നാം ദിവസവും ഡല്‍ഹിയില്‍ വായുഗുണ നിലവാര സൂചിക ഗുരുതരമായ നിലവാരത്തിലായിരുന്നു. മലിനീകരണ തോത് ഉയര്‍ന്നത് മൂലം പലര്‍ക്കും ശ്വാസതടസ്സം, കണ്ണുകളില്‍ ചൊറിച്ചില്‍ പോലെയുള്ള ആരോഗ്യപ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Content Highlights; poison foam in yamuna river during chhath pooja
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..