Photo-Wiki/By © 2009 Jee & Rani Nature Photography (License: CC BY-SA 4.0), CC BY-SA 4.0, https://commons.wikimedia.org/w/index.php?curid=30646803
കുടയത്തൂർ: മലങ്കര ജലാശയം കിടക്കുന്ന കിടപ്പുകണ്ടോ. മൂലമറ്റംമുതൽ മുട്ടംവരെയുള്ള സ്ഥലങ്ങളിലെ മാലിന്യങ്ങളെല്ലാം വലിച്ചെറിയുന്നതും വന്നടിയുന്നതും ഈ ജലാശയത്തിലേക്കാണ്. ഈ പ്രദേശത്തെ തോടുകളിലും നീർച്ചാലുകളിലും ഓടകളിലും തള്ളുന്ന പച്ചക്കറി, മത്സ്യമാംസ മാലിന്യങ്ങളും അറവുശാല മാലിന്യങ്ങളും പ്ലാസ്റ്റിക്കുമെല്ലാം ഒഴുകിയെത്തിയാണ് ജലാശയം മലിനമാകുന്നത്.
എല്ലാ വർഷവും മഴക്കാലത്ത് മാലിന്യങ്ങളെല്ലാം ജലാശയത്തിലെത്തുന്നു. നിരവധിയായ കുടിവെള്ള പദ്ധതികളും അവയുടെ ടാങ്കുകളും ഈ ജലാശയത്തിലുണ്ട്. ഈ പ്രദേശത്തിന്റെയാകെ ജലസ്രോതസ്സായ ജലാശയം മലിനമാകാതിരിക്കാൻ യാതൊരു നടപടിയും അധികാരികളുടെ ഭാഗത്തുനിന്നും ജനങ്ങളുടെ ഭാഗത്തുനിന്നുമുണ്ടാകുന്നില്ല.
കാഞ്ഞാർ, ശങ്കരപ്പിള്ളി, പെരുമറ്റം തുടങ്ങി ഒട്ടേറെ ഇടങ്ങളിൽ സ്ഥിരമായി മാലിന്യം തള്ളാറുണ്ട്. ജലാശയത്തിൽ ഇ-കോളി ബാക്ടീരിയയുടെ അളവും വളരെ കൂടുതലാണെന്ന് കണ്ടെത്തിയിരുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പ് ഇവിടെനിന്ന് വിതരണം ചെയ്ത കുടിവെള്ളത്തിന്റെ സാമ്പിൾ ശേഖരിച്ച് ആരോഗ്യവകുപ്പാണ് കോളിഫോം ബാക്ടീരിയയുടെ അളവ് 1100 അധികമാണെന്ന് കണ്ടെത്തിയത്.
മലിനീകരണം തടയാൻ നിയമമില്ലെന്ന വിചിത്രമായ വിശദീകരണമാണ് അധികൃതർ നൽകുന്നത്. സംസ്ഥാനം നടപ്പാക്കിയ ഹരിതനിയമം, പരിസ്ഥിതി സംരക്ഷണനിയമം, ജലസംരക്ഷണനിയമം തുടങ്ങി ഒട്ടേറെ ചട്ടങ്ങൾ മലിനീകരണം തടയുന്നതിന് നിലവിലുണ്ട്.
ജലസ്രോതസ്സുകളിലേക്ക് മാലിന്യം വലിച്ചെറിയുകയോ അതിന്റെ പരിസരത്ത് മാലിന്യം കത്തിക്കുകയോ ചെയ്താൽ വിവിധ വകുപ്പുകളിലായി രണ്ടുലക്ഷം രൂപവരെ പിഴ ചുമത്താൻ കഴിയുമെന്ന് ഹരിതകേരളം പ്രവർത്തകർ വ്യക്തമാക്കുന്നു. മാത്രമല്ല ആറുമാസംവരെ തടവ് ശിക്ഷയും ലഭിക്കാം. എന്നാൽ, പഞ്ചായത്തുകളുടെയോ മൂവാറ്റുപുഴവാലി ഇറിഗേഷൻ പദ്ധതി അധികൃതരുടെയോ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടാകുന്നില്ല.
Content Highlights: plastic waste pollution in malankara river
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..