പട്ടാളത്തിന്റെ അധീനതയിലുള്ള മാലിന്യസംസ്കരണ കേന്ദ്രത്തിൽ കൂട്ടിയിട്ട മാലിന്യം കത്തിച്ചപ്പോൾ പുകയുയരുന്നു
കണ്ണൂര്‍: പട്ടാളത്തിന്റെ അധീനതയിലുള്ള സ്ഥലത്തെ മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചപ്പോള്‍ താവക്കര മേഖല പുകയില്‍ മുങ്ങി. ഇവിടെ കൂട്ടിയിടുന്ന മാലിന്യത്തിന് തീയിടുന്നതായാണ് പ്രദേശവാസികളുടെ ആരോപണം. സാമൂഹ്യവിരുദ്ധരാണ് ഇതിന് പിന്നിലെന്നാണ് പട്ടാളത്തിന്റെ മറുപടി. താവക്കര പുതിയ ബസ് സ്റ്റാൻഡിന് സമീപത്തുള്ള പട്ടാളത്തിന്റെ സ്ഥലത്താണ് മാലിന്യം സംഭരിച്ച് കൂട്ടിയിടുന്നത്. എന്നാല്‍ ഇത് നിര്‍മാര്‍ജനം ചെയ്യാന്‍ ശാസ്ത്രീയമായ രീതി നടപ്പാക്കിയിട്ടില്ല.
പ്ലാസ്റ്റിക് മാലിന്യങ്ങളുള്‍പ്പെടെ മൈതാനമാകെ പരന്നുകിടക്കുകയാണ്. മാലിന്യത്തില്‍നിന്ന് ഇടയ്ക്കിടെ ഇത്തരത്തില്‍ പുക ഉയരാറുണ്ട്. രാത്രിയും പുകഞ്ഞുകത്തുന്നതിനാല് പലപ്പോഴും ശ്വാസതടസ്സമടക്കമുള്ള ആരോഗ്യപ്രശ്നത്തിന് ഇത് ഇടയാക്കാറുണ്ടെന്നാണ് നാട്ടുകാരുടെ പരാതി.
താവക്കര ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് ജില്ലാ ആശുപത്രിയിലേക്കും ജില്ലാ ആശുപത്രി ബസ് സ്റ്റാൻഡിലേക്കും എളുപ്പത്തില്‍ എത്താവുന്ന ഇടറോഡും ഇവിടെയുണ്ട്. ഇതിലൂടെയുള്ള യാത്രക്കാര്‍ക്കും മാലിന്യക്കൂമ്പാരത്തില്‍നിന്ന് ഉയരുന്ന പുക ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. കഴിഞ്ഞമാസം മാലിന്യത്തില്‍നിന്ന് തീ പടര്‍ന്നതിനെത്തുടര്‍ന്ന് അഗ്നിരക്ഷാസേനയെത്തിയാണ് തീയണച്ചത്. ഇതിനടുത്തായി കന്റോണ്മെന്റിന്റെ ശാസ്ത്രീയ മാലിന്യനിര്‍മാര്‍ജന സംവിധാനമുണ്ട്.
'തീയിടുന്നത് സാമൂഹ്യവിരുദ്ധർ'
മാലിന്യത്തില്‍നിന്ന് കമ്പിയും മറ്റും വേര്‍തിരിച്ചെടുത്ത് വില്പന നടത്താനായി സാമൂഹ്യവിരുദ്ധരാണ് മാലിന്യത്തിന് തീയിടുന്നതെന്ന് കന്റോണ്‍മെന്റ് അധികൃതര്‍ പറഞ്ഞു. കന്റോണ്‍മെന്റ് പരിസരത്തെ വീടുകളിലെയും പട്ടാളക്കാരുടെ ക്വാര്ട്ടേഴ്സുകളിലെയുമെല്ലാം മാലിന്യം വേര്‍തിരിച്ച് നിര്‍മാര്‍ജനം ചെയ്യാന്‍ പ്ലാന്റ് സ്ഥാപിച്ചിട്ടുണ്ട്. ഇവ വേര്‍തിരിക്കുന്നത് ഈ സ്ഥലത്തുവെച്ചാണ്.
ജില്ലാ ആശുപത്രിയിലെ മാലിന്യമാണ് ഇവിടെ കൂട്ടിയിടുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇത് വേര്‍തിരിച്ച് സംസ്കാരിക്കാനാവില്ല. അതിനാണ് സാമൂഹ്യവിരുദ്ധർ തീയിട്ടത്. ഇതിനുമുന്‍പ് മാലിന്യത്തിന് തീയിട്ട രണ്ടുപേരെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചിരുന്നു.
Content Highlights: plastic waste burned in thavakkara leads to severe air pollution in the area
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..