പ്രതീകാത്മക ചിത്രം | ഫോട്ടോ:അജിത് ശങ്കരൻ
തിരുവനന്തപുരം: പ്ലാസ്റ്റിക് നിരോധനത്തിന് ഓരോതവണ ഉത്തരവുണ്ടാകുമ്പോഴും സര്‍ക്കാര്‍ നടപടികള്‍ പേരിനു മാത്രം. ആദ്യമൊക്കെ പരിശോധനയുണ്ടാകുമെങ്കിലും പിന്നീട് എല്ലാം വഴിപാടാകുന്നതാണ് പതിവ്. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്ക് ജൂലായ് ഒന്നുമുതല്‍ നിരോധനം കര്‍ശനമാക്കുകയാണ്. അപ്പോഴും നിരോധനം നടപ്പാക്കാനുള്ള നടപടികള്‍ എത്രകണ്ടു ശക്തമാകുമെന്ന് കണ്ടറിയണം.
കോവിഡിന്റെ പേര് പരിശോധന പൂര്‍ണമായും നിലച്ചപ്പോള്‍ പ്ലാസ്റ്റിക്കിനോട് തുടങ്ങിയ ഉദാരസമീപനം ഇപ്പോഴും തുടരുകയാണ്. രണ്ടുവര്‍ഷംമുമ്പ് സംസ്ഥാനത്ത് നിരോധനം നടപ്പാക്കിയെങ്കിലും വിലക്കിയ ഉത്പന്നങ്ങള്‍ ഇപ്പോഴും വിപണിയില്‍ വേണ്ടുവോളമുണ്ട്.
നിരോധനം നിലവിലുള്ളതിനാല്‍ വീണ്ടുമൊരു ഉത്തരവോ സര്‍ക്കുലറോ ആവശ്യമില്ലെന്നാണ് തദ്ദേശവകുപ്പ് പറയുന്നത്. മൂന്നുതലത്തില്‍ പിഴത്തുക നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഉപഭോക്താക്കളെ ഒഴിവാക്കിയിട്ടുള്ളതിനാല്‍ ഉപയോഗത്തിന് തടസമൊന്നും ഇപ്പോഴില്ല. ഉത്പാദനം, സംഭരണം, വിതരണം എന്നിവയ്ക്കാണ് വിലക്കും ലംഘനത്തിന് പിഴയും.
ഗ്രേഡിങ്ങിന് പ്ലാസ്റ്റിക് ഒഴിവാക്കലും
മാലിന്യനിര്‍മാര്‍ജനത്തിന് തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഗ്രേഡിങ് ഏര്‍പ്പെടുത്തുകയാണ്. വീടുകള്‍, സ്ഥാപനങ്ങള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളിലെ മാലിന്യം സംസ്കരിക്കുന്നതിലെ മികവ് അടിസ്ഥാനത്തിലായിരിക്കും ഗ്രേഡിങ്. നിര്‍മാര്‍ജനത്തിനുള്ള ക്രമീകരണം, പ്രവര്‍ത്തനാവസ്ഥ, പരിപാലനം എന്നിവ വിലയിരുത്തും. ഇതില്‍ പ്ലാസ്റ്റിക് ഒഴിവാക്കലിന് മുന്‍ഗണനയുണ്ട്.
നിലവാരം ശരാശരിയില്‍ താഴെയാണെങ്കില്‍ ലഭിക്കുന്ന നെഗറ്റീവ് മാര്‍ക്ക് കുറ്റകരമായി കണക്കാക്കും. ഇങ്ങനെയും പ്ലാസ്റ്റിക്കിനെ ചെറുക്കുമെന്ന് തദ്ദേശവകുപ്പ് പറയുന്നു. ആറുമാസത്തില്‍ ഒരിക്കല്‍ നിരന്തര വിലയിരുത്തലിലൂടെയാണ് മൂല്യനിര്‍ണയം.
നാലുതട്ടിലുള്ള പരിശോധന ഗ്രേഡിങ്ങിനുണ്ടാകും. സംസ്കരണത്തിന് ഇതൊക്കെ ഉപകാരപ്പെടുമെങ്കിലും വിപണിയില്‍നിന്ന് പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ ഇല്ലാതാക്കാന്‍ കടുത്ത നടപടിയുണ്ടായില്ലെങ്കില്‍ നിരോധനം ഇപ്പോഴത്തേതുപോലെ കടലാസില്‍ മാത്രമാകും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..