പ്രതീകാത്മക ചിത്രം
കണ്ണൂർ: പ്ലാസ്റ്റിക് സഞ്ചിക്ക് പകരം ഉപയോഗിക്കാൻ ‘മീറ്റ് ക്രാഫ്റ്റ്’ എന്ന പേരിൽ പ്രത്യേക കടലാസുകൊണ്ട് നിർമിച്ച സഞ്ചി വിപണിയിൽ. ഏറെ പ്രത്യേകതകളുള്ള സഞ്ചിയിൽ പക്ഷേ വ്യാപാരികൾ താത്പര്യം കാണിക്കുന്നില്ലെന്നാണ് നിർമാതാക്കളുടെ പരാതി. പ്ലാസ്റ്റിക് സഞ്ചിയെക്കാൾ അല്പം വില കൂടുതലാണെന്ന കാരണത്താല്‍ കേരളത്തിലെ വ്യാപാരികൾ വിപണിയിലിറക്കിയ ഉത്പന്നം സ്വീകരിക്കുന്നില്ല. ബെംഗളൂരുവിലെ ‘കാത്പാക്ക്' നേതൃത്വത്തിലാണ് നിർമാണം.
സഞ്ചിക്ക് തൂക്കിയെടുക്കാനുള്ള പിടിയില്ലാത്തതും പരിമിതിയായി ചൂണ്ടിക്കാട്ടുന്നുവെന്ന് ഉടമകളായ രാജു ജോസഫ്, സിപ്സൻ ഫിലിപ്പ് എന്നിവർ പറയുന്നു. കോട്ടയം സ്വദേശിയാണ് രാജു ജോസഫ്. സിപ്സൻ ഫിലിപ്പ് ബെംഗളൂരു സ്വദേശിയും. കേരളത്തിലെ പ്രധാനപ്പെട്ട വ്യാപാര സംഘടനകളുമായും ഹരിത കേരള മിഷൻ അധികൃതരുമായും പുതിയ ഉത്പന്നം പുറത്തിറക്കിയ കാര്യം ചർച്ചചെയ്തിരുന്നു. ഹരിത കേരള മിഷൻ ഈ സംരംഭത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
ഇറച്ചിയും മീനും മൂന്നുമണിക്കൂറിലധികം സൂക്ഷിക്കാം
ഇറച്ചിയും മീനും വാങ്ങിയ പ്ലാസ്റ്റിക് സഞ്ചികളാണ് ആളുകൾ അലക്ഷ്യമായി വലിച്ചെറിയുന്നത്. അത് കഴുകി വൃത്തിയാക്കി സൂക്ഷിക്കാൻ ആരും മെനക്കെടില്ല. ഈ പ്രശ്നം പരിഹരിക്കാനാണ് ‘മീറ്റ് ക്രാഫ്റ്റ്’എന്ന ഇറക്കുമതി ചെയ്ത പ്രത്യേക കടലാസുകൊണ്ടുള്ള സഞ്ചി വികസിപ്പിച്ചതെന്നും സംരംഭകർ പറയുന്നു.
ഇറച്ചിയും മീനും പൊതിഞ്ഞ് മൂന്നുമണിക്കൂറിലധികം ഫ്രിഡ്ജിൽപ്പോലും സൂക്ഷിച്ചുവെക്കാൻ സാധിക്കുന്ന ഈ സഞ്ചി മണ്ണിൽ ലയിച്ചുചേരുന്നതും പരിസ്ഥിതിപ്രശ്നങ്ങൾ സൃഷ്ടിക്കാത്തതുമാണെന്നും നിർമാതാക്കൾ പറയുന്നു.
ബെംഗളൂരുവിലെ ഷോപ്പിങ് മാളുകളിലും സൂപ്പർ മാർക്കറ്റുകളിലും ഇവ ധാരാളമായി ഉപയോഗിക്കുന്നുണ്ട്. ഒരുകിലോ സഞ്ചിക്ക് 125 രൂപയാണ് വില. 1.5 കിലോ, മൂന്നുകിലോ, അഞ്ചുകിലോ, പത്തുകിലോ സാധനങ്ങൾ വാങ്ങാൻ പറ്റുന്ന സഞ്ചികളാണ് വിപണിയിലെത്തിച്ചിട്ടുള്ളത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..