സുല്‍ത്താന്‍ബത്തേരി : 1980-ലെ വനം സംരക്ഷണ നിയമ (ഫോറസ്റ്റ് പ്രൊട്ടക്ഷന്‍ ആക്ട്) ത്തിന്റെ ഭേദഗതി നടപ്പായാല്‍ രാജ്യത്തെ വനമേഖലയുടെ നിലനില്‍പ്പിനെയും ആദിവാസികളുടെ അവകാശങ്ങളെയും ബാധിക്കുമെന്ന് ആശങ്ക. നിയമ ഭേദഗതിക്കെതിരേ പരിസ്ഥിതി സംഘടനകളും ആദിവാസി പ്രവര്‍ത്തകരും അടക്കമുള്ളവര്‍ രംഗത്തുണ്ട്.

ഭേദഗതിയിലൂടെ കോര്‍പ്പറേറ്റുകള്‍ക്കും സ്വകാര്യ സംരംഭകര്‍ക്കും വനം തുറന്നിട്ടുകൊടുക്കുകയാണെന്നും ഇത് വന ചൂഷണത്തിനു കാരണമാകുമെന്നുമാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. രാജ്യത്തെ വനമേഖലയെ സംരക്ഷിക്കാന്‍ ഉതകുന്ന ശക്തമായ നിയമമാണ് 1980-ലേത്. ഇത് ഭേദഗതി ചെയ്യാന്‍ ഒക്ടോബര്‍ രണ്ടിനാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം വിജ്ഞാപനം ഇറക്കിയത്.

1980-ലെ നിയമപ്രകാരം വനവുമായി ബന്ധപ്പെട്ട ഏതുതരം പ്രവര്‍ത്തനങ്ങള്‍ക്കും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതി വേണം. വനഭൂമി വനേതര ആവശ്യങ്ങള്‍ക്കു വകമാറ്റാന്‍ കര്‍ശന നിയന്ത്രണമുണ്ടായിരുന്നു. ഭേദഗതിയിലൂടെ ഈ നിയമങ്ങളെല്ലാം ലഘൂകരിക്കപ്പെടും. ഇത് വനഭൂമി വ്യാവസായിക ആവശ്യങ്ങള്‍ക്കായി വകമാറ്റാനുള്ള നീക്കമാണോ എന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആശങ്കപ്പെടുന്നത്. ആദിവാസികള്‍ ഉള്‍പ്പെടെയുള്ളവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന കാര്യങ്ങളിലും വ്യക്തതയില്ല.

ഗോദവര്‍മന്‍ തിരുമുല്‍പ്പാടും കേന്ദ്രസര്‍ക്കാരും തമ്മിലുണ്ടായ കേസില്‍ ഫോറസ്റ്റിന് നിഘണ്ടു അര്‍ഥം കണക്കാക്കണമെന്ന സുപ്രീംകോടതിവിധിയുണ്ടായി. തുടര്‍ന്ന് 1996 ഡിസംബര്‍ മുതല്‍ വനമായി കണക്കാക്കിവരുന്ന ലക്ഷക്കണക്കിന് ഹെക്ടര്‍ സ്വകാര്യ വനം രാജ്യത്തുണ്ട്. പുതിയ ഭേദഗതി നടപ്പായാല്‍ അവയൊന്നും വനമായി കണക്കാക്കില്ലെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എന്‍. ബാദുഷ പറയുന്നു.

ഇത്തരം വനങ്ങള്‍ക്ക് ഇനി കോംപന്‍സേറ്ററി അഫോറസ്റ്റേഷന്‍ (നഷ്ടപരിഹാര വനവത്കരണം) നിബന്ധനകളും ബാധകമാവില്ല. റിസര്‍വ് വന പ്രദേശങ്ങളില്‍ ജീവിച്ചിരുന്ന ആദിവാസി സമൂഹത്തിന്റെ എല്ലാ അവകാശങ്ങളും ഇല്ലാതാകും. റിസര്‍വ് വനങ്ങള്‍ സ്വകാര്യ വ്യക്തികള്‍ക്ക് വനേതര ആവശ്യങ്ങള്‍ക്കായി പാട്ടത്തിനു നല്‍കാന്‍ കേന്ദ്രാനുമതി വേണമെന്ന സെക്ഷന്‍ രണ്ട് (iii) എടുത്തുകളയും. വനഭൂമിയുടെ ശോഷണത്തിന് നഷ്ടപരിഹാരം ഈടാക്കാന്‍ പാടില്ല. റിസര്‍വ് വനത്തിനുള്ളില്‍ വികസന പദ്ധതികള്‍ക്കുള്ള പഠനത്തിനും സര്‍വേക്കും വനേതര നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും കേന്ദ്രാനുമതി ആവശ്യമില്ല. ഇതെല്ലാം ദുരുപയോഗപ്പെടുത്താന്‍ സാധ്യതയേറെയാണെന്നും ബാദുഷ പറയുന്നു.

സഫാരി പാര്‍ക്കുകള്‍, മൃഗശാലകള്‍, വനംവകുപ്പിന്റെ മറ്റു നിര്‍മിതികള്‍ എന്നിവയുള്ള സ്ഥലം ഭേദഗതിയിലൂടെ വനഭൂമിയായി മാറും. ഇതുവഴി റിസര്‍വ് വനത്തില്‍ വനേതര പ്രവര്‍ത്തനമെന്ന് സുപ്രീംകോടതി വിധിച്ച ടൂറിസം പദ്ധതികള്‍ നിയന്ത്രണമില്ലാതെ കൊണ്ടുവരാന്‍ കഴിയും. ഇത് വനത്തിന്റെയും വന്യമൃഗങ്ങളുടെയും ആവാസ വ്യവസ്ഥയെ തകര്‍ക്കുമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്.

content highlights: Plan to amend Indian forest act will only help corporates