ഫുകുഷിമ ആണവ നിലയത്തിൽ നിന്നുള്ള റേഡിയോ ആക്ടീവ് ജലം സമുദ്രത്തിലേക്ക് പുറന്തള്ളുന്നതിനതിരേ പ്രതിഷേധിക്കുന്നവർ | Photo-Gettyimage
തകര്‍ന്ന ഫുകുഷിമ ആണവ നിലയത്തില്‍ നിന്ന് പസഫിക് സമുദ്രത്തിലേക്ക് ആണവമാലിന്യം കലര്‍ന്ന ജലം ഒഴുക്കിവിടാനുള്ള ജപ്പാന്റെ വിവാദ പദ്ധതിക്കെതിരേ വ്യാപക പ്രതിഷേധം. ഇതോടെ കടലിനടിയിലൂടെ നിര്‍മിക്കുന്ന നിര്‍ണായകമായ ടണലിന്റെ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെച്ചിരിക്കുകയാണ്. റോഡിയോ ആക്ടീവ് ഹൈഡ്രജന്‍ ഐസോടോപ്പ് ട്രിറ്റിയം വേര്‍തിരിച്ചെടുക്കാന്‍ സാധിക്കാത്തത് മൂലം പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് ഇത് കാരണമാകുമെന്ന് വിദ്ഗധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ശുദ്ധീകരിച്ച് വേര്‍തിരിച്ച ജലത്തിന്റെ സുരക്ഷ അധികൃതര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ശുദ്ധീകരിച്ച ജലത്തില്‍ ഉറപ്പുണ്ടെങ്കില്‍ അത് നിങ്ങള്‍ക്ക് പൂന്തോട്ടങ്ങളില്‍ ഉപയോഗിച്ചൂടെ എന്ന് പ്രാദേശിക മത്സ്യത്തൊഴിലാളികള്‍ ചോദിക്കുന്നു.
തുടര്‍ച്ചയായുള്ള മഴ മൂലം ആണവ നിലയത്തിലെ മലിന ജലത്തിന്റെ അളവ് ദിനംപ്രതി ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം പ്രതിദിനം ശരാശരി 150 ടണ്‍ മലിനജലമാണ് പ്ലാന്റിന്‍ കുമിഞ്ഞുകൂടിയത്. ഭൂഗര്‍ഭ ജലം റേഡിയോ ആക്ടീവ് കൂളിങ് ജലവുമായി കലരുന്നതും മറ്റൊരു പ്രധാന പ്രശ്‌നമാണ്. ജനുവരി 20 വരെയുളള കണക്ക് പ്രകാരം ടാങ്ക് കപ്പാസിറ്റിയുടെ 94 ശതമാനവും മലിനജലം നിറഞ്ഞിരിക്കുകയാണെന്ന് കണ്ടെത്തി. മുന്‍കൂട്ടി നിശ്ചയിച്ചത് അനുസരിച്ച് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി വിദ്ഗധര്‍ എത്താത്തതും പദ്ധതി വൈകാന്‍ കാരണമായി.
ശുദ്ധീകരിച്ച വെള്ളത്തിന്റെ സുരക്ഷ വിലയിരുത്തുന്നതിന് വേണ്ടിയാണ് ഏജന്‍സി അധികൃതരെ ജപ്പാന്‍ സര്‍ക്കാര്‍ ക്ഷണിച്ചത്. ഡിസംബറില്‍ സന്ദര്‍ശനം ആസൂത്രണം ചെയ്തിരുന്നുവെങ്കിലും കോവിഡ് കേസുകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ മാറ്റുകയായിരുന്നു. ഘട്ടം ഘട്ടമായിട്ടാണ് സമുദ്രത്തിലേക്ക് റേഡിയോ ആക്ടീവ് ജലം പുറന്തള്ളുക. എന്നാല്‍ കൃത്യമായ രീതിയില്‍ ശുദ്ധീകരിക്കുന്നതിനാല്‍ പാരിസ്ഥിതിക ആഘാതങ്ങളുണ്ടാകില്ലെന്ന് അധികൃതര്‍ പറയുന്നു. എന്നാല്‍ സമുദ്രത്തിലേക്ക് റോഡിയോ ആക്ടീവ് മാലിന്യങ്ങളെത്തിയാല്‍ മത്സ്യസമ്പത്തിന് ഭീഷണിയാണെന്നും അത് ഉപജീവന മാര്‍ഗത്തെ ബാധിക്കുമെന്നും മത്സ്യബന്ധനം നടത്തുന്നവര്‍ പറയുന്നു.
Content Highlights: people in japan protest as government try to dumb radio active waste in ocean
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..