peepal tree
ടിഡിപി നേതാവ് റിയാസ് ഗോസ്ര ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രം

വിശാഖപട്ടണം:  മരം ഒരു വരമാണ്. അത് പറച്ചിലില്‍ മാത്രം പോര, സംരക്ഷിക്കാന്‍ മനസ്സും വേണം. പരിസ്ഥിതി സ്‌നേഹം വാക്കില്‍ മാത്രം ഒതുങ്ങുമ്പോള്‍ ആന്ധ്രയില്‍ ഒരു എംഎല്‍എ ചെയ്തത് അറിയണം. ദേശീയപാത വികസനത്തിനായി മരം മുറിക്കേണ്ടി വരുമെന്നായപ്പോള്‍ ചുവടുമാന്തി മരം ഒന്നാകെ പറിച്ചെടുത്ത് മാറ്റിനട്ടാണ് പെനമലരു എം.എല്‍.എ ബോധെ പ്രസാദ്  മാതൃകയായത്. നാല് ആല്‍മരങ്ങളാണ് സ്വന്തം ചിലവില്‍ മാന്തിയെടുത്ത് ക്രെയിന്‍ ഉപയോഗിച്ച് വലിയ ലോറിയില്‍ തടിഗഡപ്പ പാലത്തിന് സമീപം കൊണ്ടുപോയി വീണ്ടും നട്ടുപിടിപ്പിച്ചത്. 

വിജയവാഡ-മച്ചിലിപ്പട്ടണം ദേശീയപാതയുടെ ഓരത്തായിരുന്നു ഈ നാല് മരങ്ങള്‍ നിന്നിരുന്നത്. നാട്ടുകാരും പോലീസും മരംമാറ്റി നടീല്‍ യത്‌നത്തില്‍ പങ്കാളികളായി. നാലടി താഴ്ചയില്‍ ചുറ്റം മണ്ണ് നീക്കി മരം പറിച്ചെടുത്താണ് നീക്കിയത്. വേരുകള്‍ അധികം മുറിയാതെ പറിച്ചെടുത്തതിനാല്‍ ഇത് മാറ്റി നട്ടാലും വളരാന്‍ തടസ്സമുണ്ടാവില്ലെന്ന് അദ്ദേഹം പറഞ്ഞു. 

'കുഞ്ഞുനാള്‍ മുതല്‍ ഞാന്‍ കാണുന്നതാണ് ഈ മരങ്ങള്‍, അതിന് കോടാലി വെക്കാന്‍ മനസ്സ് വന്നില്ല-അദ്ദേഹം പറയുന്നു. അധികൃതര്‍ രണ്ടാമതൊന്ന് ആലോചിക്കാതെ മരങ്ങള്‍ കൂട്ടമായി വെട്ടിമാറ്റുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു പേരാല്‍, ഉങ്ങ് തുടങ്ങിയ മരങ്ങള്‍ കുറച്ച് വേര് ബാക്കിയുണ്ടെങ്കിലും വീണ്ടും വളരും. 

peepal tree
ടിഡിപി നേതാവ് റിയാസ് ഗോസ്ര ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രം

റോഡ് വികസനത്തിന്റെ ഭാഗമായി ആയിരക്കണക്കിന് മരങ്ങളാണ് ഇവിടെ മുറിച്ചുമാറ്റിയത്. എം.എല്‍.എ മുന്‍കൈ എടുത്ത് മാറ്റി സ്ഥാപിച്ച മരങ്ങളും മുറിക്കാനായി ഉദ്ദേശിച്ചിരുന്നവയാണ്. 

ഒരു ലക്ഷം രൂപ സ്വന്തം പോക്കറ്റില്‍ നിന്ന് ചിലവഴിച്ചാണ് ബോഡെ പ്രസാദ് മരത്തോടുള്ള സ്‌നേഹം തെളിയിച്ചത്. മരങ്ങള്‍ വെട്ടിക്കളയുന്നതിന് മുമ്പ് അത് മാറ്റി നടാനുള്ള താത്പര്യമുണ്ടായാല്‍ മതി. അത് തന്നെ വലിയ കാര്യമാണ്. സാങ്കേതിക വിദ്യ ഏറെ വികസിച്ച ഈ കാലത്ത് മരങ്ങള്‍ മാറ്റിനടുന്നത് അത്ര ബുദ്ധിമുട്ടല്ലെന്നും അദ്ദേഹം പറയുന്നു.