കണ്ണൂര്‍: തോട്ടക്കാരന്‍ തിനക്കുരുവിയെ തേടി പൊന്നാനിയിലെത്തിയപ്പോള്‍ കണ്ടത് കേരളത്തിലാദ്യമെത്തിയ സ്പാനിഷ് കുരുവിയെ. അങ്ങാടിക്കുരുവിയോട് സാദൃശ്യമുള്ള ഇതിനെ തലയിലെ തവിട്ടുനിറവും ഉദരഭാഗത്തെ വരകളും കൊണ്ടാണ് തിരിച്ചറിയുന്നത്. ആണ്‍പക്ഷിയെയാണ് പൊന്നാനിയില്‍ കണ്ടെത്തിയത്.

കണ്ണൂരിലെ നേത്രരോഗ വിദഗ്ധനും പക്ഷിനിരീക്ഷകനും ഫോട്ടോഗ്രാഫറുമായ ഡോ. ജയന്‍ തോമസും അശ്വിന്‍ ജനാര്‍ദനനുമാണ് പൊന്നാനി കടലോരത്ത് റോഡരികിലെ പൊന്തക്കാട്ടിലിരിക്കുന്ന സ്പാനിഷ് സ്റ്റാറോയെ (Passer hispaniolensis) കണ്ടെത്തിയത്. 

മെഡിറ്ററേനിയന്‍, മധ്യേഷ്യന്‍ ഭാഗങ്ങളില്‍ ജീവിക്കുന്ന ഈ പക്ഷി ഉത്തരേന്ത്യയില്‍ ഗുജറാത്ത് ഭാഗത്തും മറ്റും കണ്ടിട്ടുണ്ടെങ്കിലും ദക്ഷിണേന്ത്യയില്‍ ആദ്യമായാണിതിനെ കണ്ടെത്തുന്നത്. അങ്ങാടിക്കുരുവിയുടെ വലുപ്പമാണിതിന്. ഇന്ത്യയില്‍ ആദ്യമെത്തിയ ബഫ് ബ്രസ്റ്റഡ് സാന്‍ഡ് പൈപ്പറിന്റെ പടമെടുത്തതും ജയന്‍ തോമസാണ്.

Content Highlights: Passer hispaniolensis Found In Ponani