പനത്തടി: മണ്ണിനോട് പടവെട്ടി മക്കളെ ഉയരങ്ങളിലെത്തിച്ച അമ്മയ്ക്ക് മക്കളുടെ പ്രണാമം മരങ്ങളിലൂടെ. കൃഷിയെ ജീവിതത്തിന്റെ ഭാഗമായിക്കണ്ട സ്‌നേഹനിധിയായ അമ്മ മണ്ണിലേക്ക് മടങ്ങിയപ്പോള്‍ ബലിതര്‍പ്പണത്തിനൊപ്പം പ്രകൃതിസംരക്ഷണവും അമ്മയ്ക്കുള്ള പ്രണാമമാകുമെന്ന് മക്കള്‍ തിരിച്ചറിയുകയായിരുന്നു.
 
കഴിഞ്ഞ 13-ന് ചെറുപനത്തടിയില്‍ അന്തരിച്ച കൂക്കള്‍ വീട്ടില്‍ കേക്കടത്ത് പാട്ടിയമ്മയുടെ മരണാനന്തരച്ചടങ്ങ് ചൊവ്വാഴ്ചയായിരുന്നു. ഇതില്‍ പങ്കെടുത്തവര്‍ക്ക് മക്കള്‍ ഓരോ വൃക്ഷത്തൈകൂടി സമ്മാനിച്ചാണ് മടക്കിയയച്ചത്. പാട്ടിയമ്മയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ തലമുറകളോളം പച്ചപിടിച്ചുനില്ക്കാന്‍ നിലമ്പൂര്‍ തേക്കിന്‍തൈകള്‍തന്നെയാണ് കൂടുതലായി വിതരണം ചെയ്തത്.

അഞ്ചു പതിറ്റാണ്ടുമുമ്പ് പറക്കമുറ്റാത്ത ആറു മക്കളെ പാട്ടിയമ്മയുടെ കൈകളിലേല്‍പ്പിച്ച് ഭര്‍ത്താവ് കൂക്കള്‍ നാരായണന്‍ നായര്‍ ലോകത്തോട് വിടപറഞ്ഞു. തോല്ക്കാന്‍ മനസ്സില്ലാത്ത പാട്ടിയമ്മ സ്വന്തം കൃഷിയിടത്തില്‍ പണിക്കാര്‍ക്കൊപ്പം പണിയെടുത്തു. പാറക്കൂട്ടങ്ങളെ പിന്തള്ളി തെങ്ങും കവുങ്ങും റബ്ബറുമെല്ലാം ഇവരുടെ പറമ്പില്‍ തലയുയര്‍ത്തി നിന്നു.

മക്കളെല്ലാംസുരക്ഷിതരായിക്കഴിഞ്ഞ് രണ്ടാഴ്ച മുമ്പ് 85-ാം വയസ്സില്‍ പാട്ടിയമ്മ നിത്യതയിലേക്ക് മടങ്ങി. ഈ അമ്മയ്ക്കുവേണ്ടിയാണ് മക്കള്‍ 1000 വൃക്ഷത്തൈകള്‍കൊണ്ട് പ്രണാമമൊരുക്കിയത്. 700 നിലമ്പൂര്‍ തേക്കിന്‍തൈകളും 100 മുള്ളാത്ത (ലക്ഷ്മണപ്പഴം) തൈകളും ലഷ്മിതരുവുമാണ് ചൊവ്വാഴ്ച വിതരണംചെയ്തത്.

പ്രവാസിയും നാടകനടനും ജേക്കബിന്റെ സ്വര്‍ഗരാജ്യമുള്‍പ്പെടെ മൂന്ന് സിനിമകളില്‍ അഭിനയിച്ചിട്ടുള്ളയാളുമായ കൂക്കള്‍ രാഘവന്‍, പൊതുപ്രവര്‍ത്തകനും കാസര്‍കോട്ടെ എല്‍.ഐ.സി. ഏജന്റുമായ കൂക്കള്‍ ബാലകൃഷ്ണന്‍, യു.എ.ഇ.യിലെ ഒപ്പല്‍ ലാന്‍ഡ് സ്‌കേപ്പിങ് സ്ഥാപനത്തിന്റെ ഉടമ കൂക്കള്‍ രാമചന്ദ്രന്‍, പരപ്പയിലെ ദാക്ഷായണി നാരായണന്‍, മാലോം ദര്‍ഘാസിലെ രമണി ബാലകൃഷ്ണന്‍, കാഞ്ഞങ്ങാട്ടെ രുഗ്മിണി ദാമോദരന്‍ എന്നിവരാണ് മക്കള്‍.

അയല്‍വാസിയും കുടുംബസുഹൃത്തും പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുംകൂടിയായ പി.രാജന്‍ ആദ്യത്തെ വൃക്ഷത്തൈ കൈമാറി. തുടര്‍ന്ന് കുടുംബസുഹൃത്തുക്കളായ പനത്തടി പഞ്ചായത്ത് മുന്‍ പ്രസിഡന്റ് എം.വി. കൃഷ്ണന്‍, വി.വി. കുമാരന്‍ എന്നിവരും തൈകള്‍ നല്‍കി.