പച്ച എരണ്ട അഥവാ കോട്ടൺ പിഗ്മി ഗൂസ്
അരൂര്‍: പുലര്‍ച്ചെ ആറര മുതല്‍ പത്തര വരെ വീണ്ട നാലു മണിക്കൂര്‍. ആലപ്പുഴ ജില്ലയിലെ 12 പഞ്ചായത്തുകളിലായി തിരഞ്ഞെടുത്ത 13 ഇടങ്ങളിലായി എണ്‍പതോളം വരുന്ന പക്ഷിനിരീക്ഷകര്‍ ചിറകടി ഒച്ചയ്ക്കായി കാത്തിരുന്നു. പരിണതഫലമാകട്ടെ കണ്ടെത്തിയത് 15,335 പക്ഷികളെ. ഇവയെ ഇനം തിരിക്കുകയും ചെയ്തു. ആകെ കണ്ടെത്തിയത് 113 ഇനങ്ങളില്‍പ്പെട്ട പക്ഷികളെ. ഏഷ്യന്‍ നീര്‍പക്ഷി സെന്‍സസ് 2023-ന്റെ കണക്കുകളാണ് മുകളില്‍ നിരത്തിയത്. ചേര്‍ത്തലയുടെ വടക്കന്‍ പ്രദേശങ്ങളായ നീണ്ടകര, ചങ്ങരം, കണ്ണാട്ട്, പള്ളിത്തോട്, ചെമ്പകശ്ശേരി, കൊട്ടളപാടം തുടങ്ങി 13 ഇടങ്ങളിലാണ് സര്‍വേ സംഘടിപ്പിച്ചത്. ആലപ്പുഴ സാമൂഹ്യ വനവത്കരണ വിഭാഗം, പക്ഷി നിരീക്ഷണ കൂട്ടായ്മയായ എഴുപുന്ന ബേര്‍ഡ്സ് എന്നിവ ചേര്‍ന്നാണ് സര്‍വേ പൂര്‍ത്തീകരിച്ചത്. മലപ്പുറം, തൃശ്ശൂര്‍, കോട്ടയം, എറണാകുളം എന്നിവിടങ്ങളില്‍ നിന്നുള്ള പക്ഷിനിരീക്ഷകരും പങ്കാളികളായി.

താറാവ് വര്‍ഗത്തില്‍പ്പെട്ട പക്ഷികള്‍ കുറവ്
സര്‍വേയ്ക്കും ശേഷം നിരീക്ഷകര്‍ ഒത്തു ചേര്‍ന്ന് അവലോകനവും സെമിനാറും സംഘടിപ്പിച്ചു. ഇതില്‍ കണ്ടെത്തിയത് താറാവ് വര്‍ഗത്തില്‍പെട്ട ദേശാടന പക്ഷികളില്‍ മുന്‍ കാലങ്ങളെക്കാള്‍ കുറവുണ്ടെന്നാണ്. അഞ്ച് വര്‍ഷങ്ങള്‍ക്കു മുന്‍പ് പത്ത് ഇനത്തില്‍പ്പെട്ട താറാവ് വര്‍ഗ പക്ഷികളെ കണ്ടിരുന്നു. എന്നാല്‍, നിലവില്‍ അത് അഞ്ചില്‍ താഴെയായി.
.jpg?$p=f415453&&q=0.8)
ചൂളന്‍ എരണ്ട, പച്ച എരണ്ട, ഗാഗിനി, ഇന്ത്യന്‍ സ്കോട്ട് വീല്‍ ഡക്ക് എന്നിവ മാത്രമാണ് ഈ വര്‍ഷത്തെ സര്‍വേയില്‍ കണ്ടെത്തിയത്. മറ്റ് താറാവ് വര്‍ഗത്തില്‍ പെട്ട കോരിച്ചുണ്ടന്‍ എരണ്ട, പട്ടക്കണ്ണന്‍ എരണ്ട, ചന്ദനക്കുറി എരണ്ട എന്നിവയില്‍ ഒന്നിനെ പോലും കണ്ടെത്താനായില്ല. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കാലാവസ്ഥയില്‍ ഉണ്ടാകുന്ന മാറ്റം ജില്ലയിലേക്ക് എത്തുന്ന ദേശാടനപ്പക്ഷികളുടെ എണ്ണത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. തുടര്‍ വര്‍ഷങ്ങളില്‍ നടക്കുന്ന കണക്കെടുപ്പുകളും പഠനങ്ങളും കൂടി ആധാരമാക്കി മാത്രമേ പരിസ്ഥിയെയും പക്ഷികളെയും കാലാവസ്ഥാ വ്യതിയാനം എത്രമേല്‍ ബാധിച്ചട്ടുണ്ട് എനനത് വ്യക്തമാകൂ എന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു. ആലപ്പുഴ സോഷ്യല്‍ ഫോറസ്ട്രി ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് കെ.സജി മുഖ്യപ്രഭാശണം നടത്തി. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത ഷാജി അധ്യക്ഷത വഹിച്ചു. എഴുപുന്ന ബോര്‍ഡ്സ് പ്രസിഡന്റ് ബി.സുമേഷ്, ജോയിന്റ് സെക്രട്ടറി ജി.അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Content Highlights: over fifteen thousand birds found out during counting in alappuzha
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..