കടലുണ്ടിയിലെ കണ്ടൽപ്രദേശത്ത് കാണുന്ന സ്മൂത്ത് കോട്ടഡ് നീർനായ
തൃശ്ശൂർ: കൂട് മത്സ്യക്കൃഷിയുടെ വ്യാപനവും തണ്ണീർത്തടങ്ങളുടെ നാശവും കീടനാശിനികളുടെ അമിതോപയോഗവും നീർനായ്ക്കൾക്ക് കടുത്ത ഭീഷണിയാവുന്നു. ‘നദിയിലെ കടുവ’യായി കണക്കാക്കുന്ന ജീവിയാണിത്. കൂടുകൃഷിപോലുള്ള മീൻപിടിത്തമാർഗങ്ങളുടെ വ്യാപനം പലപ്പോഴും ഇവയും മനുഷ്യരും തമ്മിലുള്ള സംഘർഷത്തിന് ഇടയാക്കുന്നുണ്ട്. കൂടുകൃഷിയുമായി ബന്ധപ്പെട്ട് ഇവയെ വിഷംവെച്ചുകൊന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ജലത്തിലെ ഭക്ഷ്യശൃംഖലയുടെ ഏറ്റവും മുകളിലത്തെ കണ്ണിയായ നീർനായ്ക്കളുടെ സാന്നിധ്യം പുഴകളുടെയും തണ്ണീർത്തടങ്ങളുടെയും പാരിസ്ഥിതികാരോഗ്യത്തിന്റെ സൂചനയാണ്. അടുത്തിടെ കടലുണ്ടിക്ക് സമീപം തീവണ്ടിതട്ടി അഞ്ചു നീർനായ്ക്കൾ ചത്തിരുന്നു.
ലോകത്താകമാനം 13 ഇനം നീർനായ്ക്കളുണ്ട്. ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറിന്റെ (ഐ.യു.സി.എൻ.) ചുവപ്പുപട്ടികയിൽവരുന്ന, വംശനാശഭിഷണിയുള്ള സ്മൂത്ത് കോട്ടഡ് നീർനായ, മല നീർനായ എന്നിവയാണ് കേരളത്തിലുള്ളത്.
നിലവിൽ സംസ്ഥാനത്തെ സംരക്ഷിതപ്രദേശങ്ങളിലുള്ള നീർനായ്ക്കളെക്കുറിച്ചുമാത്രമാണ് പഠനം നടക്കുന്നത്. ഈ സാഹചര്യത്തിലാണ് കേരള വനഗവേഷണകേന്ദ്രം വനംവകുപ്പിന്റെ ധനസഹായത്തോടെ സംരക്ഷിത വനപ്രദേശങ്ങൾക്കുപുറത്തുള്ള നീർനായ്ക്കളെക്കുറിച്ച് പങ്കാളിത്ത ഗവേഷണ-സംരക്ഷണ പഠനപദ്ധതി ഒരുക്കുന്നത്.
ചാലിയാർ, ഭാരതപ്പുഴ, മീനച്ചിൽ ഉൾപ്പെടെയുള്ള നദീതീരങ്ങളിൽ മനുഷ്യനും നീർനായ്ക്കളും തമ്മിലുള്ള സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് വനഗവേഷണകേന്ദ്രം വൈൽഡ്‌ലൈഫ് വിഭാഗം മേധാവിയും പഠനപദ്ധതിയുടെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററുമായ ഡോ. പേരോത്ത് ബാലകൃഷ്ണൻ പറഞ്ഞു.
കേരളത്തിലെ നദീതീരങ്ങളുടെയും ശുദ്ധജല ആവാസവ്യവസ്ഥകളുടെയും സംരക്ഷണവും ഈ പഠനത്തിന്റെ ലക്ഷ്യമാണെന്ന് വനഗവേഷണകേന്ദ്രം ഡയറക്ടർ ഡോ. ശ്യാം വിശ്വനാഥ് പറഞ്ഞു. പൊതുജനങ്ങൾക്കും വിവരങ്ങൾ പങ്കിടാം. ഫോൺ: 8281443338, 8281730109.
Content Highlights: otters face threat, forest research institute in action
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..