പ്രതീകാത്മക ചിത്രം | Photo-PTI
കോട്ടയം: കാലാവസ്ഥാവ്യതിയാനകാലത്ത് പുതിയ തലവേദനയായി മിന്നല്‍ച്ചുഴലികളും. രണ്ടോമൂന്നോ മിനിറ്റ് മുതല്‍ 10 മിനിറ്റ് വരെ മാത്രം ദൈര്‍ഘ്യമുള്ള അതിശക്തമായ ചുഴലിക്കാറ്റാണ് മിന്നല്‍ച്ചുഴലി. മണിക്കൂറില്‍ 80-100 കിലോമീറ്റര്‍ വരെ വേഗമുള്ള, ഒരു പ്രത്യേക സ്ഥലത്ത് മാത്രം വീശുന്ന ഈ കാറ്റ് അതിനാശം വിതയ്ക്കാന്‍ കെല്‍പ്പുള്ളതാണ്. സമീപകാലത്ത് കേരളത്തില്‍ വിവിധ ഇടങ്ങളില്‍ ഉണ്ടായ ശക്തമായ കാറ്റ് ഈ വിഭാഗത്തിലുള്ളതാണെന്ന് കൊച്ചിന് യൂണിവേഴ്സിറ്റി റഡാര്‍ ഗവേഷണകേന്ദ്രം വിലയിരുത്തുന്നു.
കോട്ടയം ജില്ലയിലെ വാഴൂര്‍, പത്തനംതിട്ടയിലെ തടിയൂര്‍, അയിരൂര്‍, കണ്ണൂരിലെ പാനൂര്‍, എറണാകുളത്തെ ഏലൂര്‍, ആലുവ, തൃശ്ശൂരിലെ ചാലക്കുടിപ്പുഴയുടെ തീരം തുടങ്ങിയ ഇടങ്ങളില്‍ അതിനാശം വിതച്ച പ്രാദേശിക ചുഴലി ഈ വിഭാത്തിലുള്ളതാണ്. 'ഗസ്റ്റിനാഡോ' എന്നാണ് ഇത് അറിയപ്പെടുന്നത്. മുന്‍കാലങ്ങളില്‍ വേനല്‍മഴയ്ക്കൊപ്പം മാത്രമായിരുന്നു ഈ പ്രതിഭാസമെങ്കില്‍ ഇപ്പോള്‍ കാലവ്യത്യാസമില്ലാതെ ഇതുണ്ടാകുന്നു. കടലിന്റെ അതിതാപമാണ് കാരണം.
കടലില്‍ നീരാവി കൂടുകയും 15 കിലോമീറ്റര്‍ വരെ ഉയരമുള്ള കൂമ്പാരമേഘങ്ങള്‍ ഒരു പ്രത്യേക ഇടത്ത് കേന്ദ്രീകരിക്കുകയും ചെയ്യും. ഇതില്‍നിന്ന് തണുത്തുറഞ്ഞ വായു അതിശക്തമായി ഭൗമപ്രതലത്തിലേക്ക് വരുകയും ചുറ്റിയടിക്കുകയും ചെയ്യുന്നതാണ് മിന്നല്‍ച്ചുഴലി.
ഭൗമപ്രതലത്തിലെ ഘര്‍ഷണം കൂടിയാകുമ്പോള്‍ കാറ്റിന്റെ ചുഴറ്റിയടിക്കലിന് ശക്തിയേറും. കൂമ്പാരമേഘങ്ങള്‍ ഉണ്ടാക്കുന്ന അതിതീവ്രമഴയ്ക്ക് പുറമേയാണ് പലപ്പോഴും ഇതുംകൂടിവരുന്നത്. ഇത് നാശത്തിന്റെ തീവ്രത ഇരട്ടിയാക്കുമെന്ന് ശാസ്ത്രജ്ഞനായ ഡോ.എം.ജി. മനോജ് പറയുന്നു. സാധാരണ കാറ്റില്‍നിന്ന് വ്യത്യസ്ഥമായി ചുഴറ്റിവീശുന്നതു കാരണം മരങ്ങളും മറ്റും വട്ടത്തില്‍ ഒടിച്ചെടുക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..