പ്ലാസ്റ്റിക്ക് കൊണ്ട് നിർമിച്ച വിശ്രമബെഞ്ച്
തളിപ്പറമ്പ്: പ്ലാസ്റ്റിക് നിര്‍മാര്‍ജനത്തിന് വേറിട്ടരീതിയുമായി മൂത്തേടത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീം വൊളന്റിയര്‍മാര്‍. വലിച്ചെറിയുന്ന പ്ലാസ്റ്റിക് ബാഗുകളും മറ്റും ശേഖരിച്ച് കഴുകി ഉണക്കി ചെറുകഷണങ്ങളാക്കി പ്ലാസ്റ്റിക് കുപ്പികളില്‍ നിറച്ച് കട്ടകളാക്കുന്നു (ഇക്കോ ബ്രിക്കുകള്‍). ഇത്തരം കട്ടകള്‍ ചേര്‍ത്തുവെച്ച് വിശ്രമബെഞ്ച് ഒരുക്കുകയാണ് എന്‍.എസ്.എസ്. വിദ്യാര്‍ഥികള്‍.
'എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം' എന്ന സന്ദേശം വിദ്യാര്‍ഥികളില്‍ എത്തിക്കുകയാണ് ഉദ്ദേശ്യം. ഒരുലിറ്റര്‍ കൊള്ളുന്ന കുപ്പിയില്‍ 300 മുതല്‍ 350 ഗ്രാം വരെ പ്ലാസ്റ്റിക് മാലിന്യം നിറയ്ക്കാന്‍ കഴിയും. ഒരു വൊളന്റിയര്‍ അഞ്ചെണ്ണം എന്ന നിലയില്‍ ആദ്യഘട്ടത്തില്‍ 500 കട്ടകള്‍ നിര്‍മിച്ചു. ഇതുവഴി 175 കിലോഗ്രാം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിറയ്ക്കാനായി.
എന്‍.എസ്.എസ്. വൊളന്റിയര്‍മാര്‍ തങ്ങളുടെ വീടുകളില്‍നിന്നും അടുത്ത വീടുകളില്‍നിന്നും സ്‌കൂള്‍പരിസരത്തുനിന്നും ശേഖരിച്ച മിഠായി കടലാസ്, ക്യാരി ബാഗുകള്‍, പാല്‍കവറുകള്‍ തുടങ്ങി വിവിധതരത്തിലുള്ള പ്ലാസ്റ്റിക് മാലിന്യം ഇതിനായി ഉപയോഗിച്ചു. ഇങ്ങനെ തയ്യാറാക്കിയ 320 ബോട്ടില്‍ കട്ടകള്‍ ഉപയോഗിച്ചാണ് സ്‌കൂള്‍പരിസരത്തെ മാവിനുചുറ്റും വിശ്രമബെഞ്ച് സ്ഥാപിച്ചത്. കല്ലുപോലെ നല്ല ഉറപ്പ് ഇത്തരം ബെഞ്ചിനുമുണ്ടെന്നതാണ് സവിശേഷത.
പ്ലാസ്റ്റിക് കുപ്പിക്കട്ടകളുടെ നിര്‍മാണത്തിന് മറ്റു വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കാനും ലക്ഷ്യമിടുന്നുണ്ട്. വലിച്ചെറിയുന്ന പ്ലാസ്റ്റിക്കുകള്‍ മണ്ണിനടിയിലൂടെയുള്ള സ്വാഭാവിക നീരൊഴുക്കിനെ തടസ്സപ്പെടുത്തും. പ്ലാസ്റ്റിക് ശേഖരിച്ച് കുപ്പിക്കട്ടകളാക്കുന്നതിലൂടെ നിര്‍മാര്‍ജനത്തോടൊപ്പം പ്രകൃതിസംരക്ഷണവുമാണ് ലക്ഷ്യമിടുന്നതെന്ന് മൂത്തേടത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ പി.വി.രസ്‌നമോള്‍ പറഞ്ഞു.
വൊളന്റിയര്‍മാരായ പി.വി.അമല്‍രാജ്, എം.അഭയ്, സായൂജ് ആര്‍. നാഥ്, എ.നിവേദ് രവീന്ദ്രന്‍, ശാശ്വത് ദാസ്, അര്‍ജുന്‍ ദാസ്, അലോക് രമേശ് എന്നിവര്‍ വിശ്രമബെഞ്ച് സ്ഥാപിക്കാന്‍ നേതൃത്വം നല്‍കി.
Content Highlights: NSS Volunteers create plastic restbench
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..