സിറിലാബ്രസ് ഫിനിഫെൻമാ | Photo-instagram.com/p/Ca3J30zvKGL/
മാലദ്വീപില്‍ പുതിയ ഇനം മത്സ്യത്തെ കണ്ടെത്തി. ദ്വീപിലെ ഗവേഷകനായ അഹമ്മദ് നജീബാണ് 'സിറിലാബ്രസ് ഫിനിഫെന്‍മാ' എന്ന് പേരിട്ടിരിക്കുന്ന മത്സ്യത്തെ കണ്ടെത്തിയത്. അപൂര്‍വമായ ജന്തുജാലങ്ങള്‍ ഒട്ടെറെയുള്ള ദ്വീപ് സമൂഹമാണ് മാലദ്വീപ്. ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റുകളില്‍ ഏഴാം സ്ഥാനത്തുമാണ് രാജ്യം. 21,000 സ്‌ക്വയര്‍ കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള പവിഴപ്പുറ്റുകള്‍ ആയിരത്തോളം വരുന്ന മത്സ്യ ഇനങ്ങളുടെ വാസസ്ഥലമാണെന്നാണ് ഐയുസിഎനിന്റെ (ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍) പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. പലപ്പോഴും വിദേശ രാജ്യങ്ങളിലെ ഗവേഷകര്‍ ദ്വീപിന്റെ തനത് ജീവിവിഭാഗങ്ങളെ കണ്ടെത്താറുമുണ്ട്.
"മാലദ്വീപിന്റെ അത്യപൂര്‍വ ജീവിവര്‍ഗങ്ങളെ സാധാരണയായി വിദേശീയര്‍ കണ്ടെത്താറും പഠനങ്ങള്‍ നടത്താറുമുണ്ട്. പ്രാദേശിക ഗവേഷകരുടെ പങ്ക് കുറവാണ്. എന്നാല്‍ ഇത്തവണ പതിവിന് വിപരീതമായി അത്യപൂര്‍വ ഇനത്തില്‍പെട്ട ഒരു മത്സ്യവിഭാഗത്തെ തിരിച്ചറിയാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്'', നജീബ് പ്രതികരിച്ചു.
മാരിവില്ലിന്റെ നിറമാണെങ്കിലും പിങ്ക് നിറമാണ് ഇവയ്ക്ക് ഭംഗി കൂട്ടുന്നത്. മാലദ്വീപിന്റെ ദേശീയ പുഷ്പമായ പിങ്ക് റോസില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് മത്സ്യത്തിന് 'സിറിലാബ്രസ് ഫിനിഫെന്‍മാ' എന്ന പേര് നല്‍കിയിരിക്കുന്നത്. ആഴക്കടലിലെ പവിഴപ്പുറ്റുകളാണീ സുന്ദരിയുടെ വാസസ്ഥലം.
കാലിഫോര്‍ണിയ അക്കാദമി ഓഫ് സയന്‍സസും യൂണിവേഴ്‌സിറ്റി ഓഫ് സിഡ്‌നിയും മാലദ്വീപ് മറൈന്‍ റിസര്‍ച്ച് ഇന്‍സ്റ്റിട്ട്യൂട്ടുമായി (എംഎംആര്‍ ഐ) സഹകരിച്ചുള്ള പഠന റിപ്പോര്‍ട്ട് സൂകീസ് (zookeys) എന്ന ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
1990-കളിലാണ് ഈ മത്സ്യത്തെ ആദ്യമായി കണ്ടെത്തുകയും പഠിക്കുകയും ചെയ്തത്. എന്നാല്‍ അക്കാലത്ത് ഇത് സിറിലാബ്രസ് റബ്രുസ്‌ക്വാമിസ് എന്ന മത്സ്യവിഭാഗത്തിന്റെ മുതിര്‍ന്നവയാണെന്നാണ് തെറ്റിദ്ധരിക്കപ്പെട്ടത്. "വ്യാപകമായ ഒരിനം മത്സ്യമാണിതെന്നാണ് മുമ്പ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ രണ്ടും വ്യത്യസ്ത സ്വഭാവ സവിശേഷതയുള്ളവയാണെന്ന് മനസിലാക്കി", പഠനം രചിക്കാൻ നേതൃത്വം നൽകിയ ഗവേഷക വിദ്യാര്‍ത്ഥിയായ യി-കൈ ടീ വിശദീകരിക്കുന്നു. കാലിഫോര്‍ണിയ അക്കാദമി ഓഫ് സയന്‍സസിന്റെ 'ഹോപ്പ് ഫോര്‍ റീഫ്‌സ്' എന്ന പദ്ധതിയുടെ ഭാഗമായിട്ടുള്ള പഠനങ്ങള്‍ക്കിടയിലാണ് കണ്ടെത്തല്‍.
Content Highlights: new species of fish found in maldives
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..