കല്പറ്റ: അപൂര്‍വയിനം സസ്യങ്ങളാല്‍ സമ്പന്നമായ വയനാട്ടിലെ ചെമ്പ്രമലയിലെ പുല്‍മേട്ടില്‍നിന്ന് പുതിയ സസ്യത്തെ കണ്ടെത്തി. സമുദ്രനിരപ്പില്‍നിന്ന് 2000 മീറ്ററിലധികം ഉയരമുള്ള പുല്‍മേട്ടില്‍നിന്നാണ് നിയനോട്ടിസ് പ്രബുവെ എന്നുപേരിട്ടിരിക്കുന്ന സസ്യത്തെ കണ്ടെത്തിയത്. തെച്ചിയും വെള്ളിലയും ഉള്‍പ്പെടുന്ന റൂബിയേസി കുടുംബത്തിലുള്‍പ്പെടുന്നതാണ് പുതിയ സസ്യം.

അന്താരാഷ്ട്ര ശാസ്ത്ര ജേണലായ നെതര്‍ലന്‍ഡ്സിലെ ഫൈറ്റോടാക്‌സ് മാസികയുടെ പുതിയ ലക്കത്തില്‍ ഈ സസ്യത്തെ സംബന്ധിച്ച ഗവേഷണപ്രബന്ധം പ്രസിദ്ധീകരിച്ചു. ലഖ്നൗ നാഷണല്‍ ബൊട്ടാണിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സീനിയര്‍ സയന്റിസ്റ്റായ ഡോ. കെ.എം. പ്രഭുകുമാറിനോടുള്ള ആദരവായാണ് പുതിയ സസ്യത്തിന് നിയനോട്ടിസ് പ്രബുവെ എന്നുപേരിട്ടിരിക്കുന്നത്.

ചെങ്കുത്തായ പുല്‍മേടുകളില്‍ കൂട്ടമായി വളരുന്ന ഇവയുടെ പൂക്കാലം ഒക്ടോബര്‍-ഡിസംബര്‍ മാസങ്ങളാണ്. സസ്യശാസ്ത്ര ഗവേഷകരായ പ്രൊഫ. ഡോ. സി.എന്‍. സുനില്‍, സലീം പിച്ചന്‍, ഡോ. എം.കെ. രതീഷ് നാരായണന്‍, വി.എം. നിത്യ, ഡോ. എം.ജി. സനില്‍കുമാര്‍, ഡോ. എന്‍. അനില്‍കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പുതിയ ചെടി കണ്ടെത്തിയത്. റെഡ് ഡേറ്റബുക്കില്‍ ഇടംപിടിച്ച 'ഇപ്സിയ മലബാറിക്ക' എന്ന അപൂര്‍വ ഓര്‍ക്കിഡുകളുടെ ആവാസകേന്ദ്രംകൂടിയായ വയനാട്ടിലെ പുല്‍മേടുകളുടെ സംരക്ഷണപ്രാധാന്യം ഓര്‍മിപ്പിക്കുന്നു.

Content Highlights: new plant species found in chembra peak