ടുബാസ്ട്രിയ ഡെൻഡ്രോയിഡ | Photo-Hong Kong Baptist University
ഹോങ് കോങ്ങിന്റെ സമുദ്ര പ്രദേശങ്ങളില്‍ മൂന്നിനം പുതിയ പവിഴപ്പുറ്റുകളെ കണ്ടെത്തി. ഹോങ് കോങിന്റെ കിഴക്കന്‍ സമുദ്രപ്രദേശങ്ങളിലാണ് പുതിയ ഇനം പവിഴപ്പുറ്റുകളെ കണ്ടെത്തിയത്. ടുബാസ്ട്രിയ ഡെന്ഡ്രോയിഡ (Tubastraea dendroida), ടുബാസ്ട്രിയ ക്ലോറോമുറ (Tubastraea chloromura), ടുബാസ്ട്രിയ വയലേസിയ (Tubastraea violacea) എന്നിങ്ങനെ പേര് നല്‍കിയിരിക്കുന്ന പവിഴപ്പുറ്റുകള്‍ ടുബാസ്ട്രിയ (Tubastraea) എന്ന ജെനുസ്സില്‍ ഉള്‍പ്പെടുന്നവയാണ്. ഹോങ് കോങ്ക് ബാപ്റ്റിസ്റ്റ് യൂണിവേഴ്സിറ്റിയിലെ (HKBU) ജീവശാസ്ത്രജ്ഞരാണ് കണ്ടെത്തലിന് പിന്നില്‍. രാജ്യത്തെ പവിഴപ്പുറ്റുകളുടെ സംരക്ഷണം ലക്ഷ്യമാക്കി എട്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് സര്‍വകലാശാലയുടെ നേതൃത്വത്തില്‍ സ്ഥാപിക്കപ്പെട്ട ഗവേഷണ കേന്ദ്രത്തിലെ സംഘമാണ് കണ്ടെത്തലിന് പിന്നില്‍.
സണ്‍ കോറല്‍ (Sun Coral) വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന ജൈവവൈവിധ്യങ്ങളായ നിരവധി പവിഴപ്പുറ്റുകള്‍ ഹോങ് കോങ്കിന്റെ സമുദ്രപ്രദേശങ്ങളിലുണ്ട്. മൂന്നിനങ്ങള്‍ കൂടി തിരിച്ചറിയപ്പെട്ടതോടെ ടുബാസ്ട്രിയ ജെനുസ്സില്‍പ്പെട്ട പവിഴപ്പുറ്റുകളുടെ എണ്ണം ഏഴില്‍ നിന്നും പത്തായി ഉയര്‍ന്നിട്ടുണ്ട്.

ടുബാസ്ട്രിയ ഡെന്ഡ്രോയിഡ
സണ്‍ കോറലുകള്‍ക്ക് (Sun Coral) സമാനമായ കടും ഓറഞ്ച് നിറമാണിവയ്ക്ക്. രൂപഘടന മരത്തിന് സമാനമായതിനാലാണ് ഇവയ്ക്ക് ഡെന്ഡ്രോയിഡ എന്ന പേര് നല്‍കിയതെന്നും എച്ച്കെബിയു ഗവേഷകര്‍ പ്രതികരിച്ചു.
ടുബാസ്ട്രിയ വയലേസിയ
പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ വയലറ്റ് നിറമാണ് ഇവയ്ക്ക് വയലേസിയ എന്ന പേര് വരാന്‍ കാരണം. വയലറ്റ് നിറമുള്ള പവിഴപ്പുറ്റുകളുടെ ശരീരഘടന (Corallite) മറ്റ് സണ്‍ കോറലുകളെ അപേക്ഷിച്ച് പുറത്തേക്ക് തള്ളി നില്‍ക്കുന്നതാണ്. ഭക്ഷണത്തിനും പ്രതിരോധത്തിനുമായി ഉപയോഗിക്കുന്ന ടെന്ടെക്കിളുകള് (tentacle) മഞ്ഞ് നിറത്തിലാണ് കാണപ്പെടുക.
ടുബാസ്ട്രിയ ക്ലോറോമുറ
പച്ച നിറത്താലാണ് ഈ പവിഴപ്പുറ്റുകളുടെ ഭിത്തി (skeletal wall). ഭക്ഷണത്തിനും മറ്റുമായി ഉപയോഗിക്കുന്ന ടെന്ടെക്കിളുകള് (tentacle) മഞ്ഞ് നിറത്തിലാണ് കാണപ്പെടുക.

മറ്റ് പവിഴപ്പുറ്റുകളില്‍ നിന്നും വിഭിന്നമായ സൂപ്ലാങ്ക്ടണുകളില് നിന്നും ശേഖരിക്കുന്ന ഊര്‍ജങ്ങളും പോഷകങ്ങളുമാണ് ഉപയോഗിക്കുന്ന വിഭാഗത്തിലാണ് പുതിയ മൂന്നിനവും ഉള്‍പ്പെടുക. അതായത് ഇവയില്‍ ആല്‍ഗേയുടെ സാന്നിധ്യമുണ്ടാകില്ല. സമുദ്രത്തില്‍ 10 മുതല്‍ 30 അടി വരെ ആഴത്തിലാകും ഇവ കാണപ്പെടുക.
ഹോങ് കോങ്കില് നിന്നും ശേഖരിച്ച സാംപിളുകള്‍ പ്രകാരം ഡെന്ഡ്രോഡിയ, വയലേസിയ പവിഴപ്പുറ്റുകള്‍ നിലനില് ജപ്പാനിലും, പടിഞ്ഞാറന്‍ പസഫിക് സമുദ്രത്തിലുമാണ് കാണപ്പെടുന്നുണ്ടെങ്കിലും ക്ലോറോമുറയെ ഹോങ് കോങ്കിന്റെ സമുദ്ര പ്രദേശങ്ങളില്‍ മാത്രമേ കണ്ടെത്തിയിട്ടുള്ളൂ. ടുബാസ്ട്രിയ ജെനുസ്സില്‍പ്പെട്ട പവിഴപ്പുറ്റുകളുടെ കണ്ടെത്തല്‍ ഈ വിഭാഗത്തെ കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ക്ക് സഹായകരമാകുമെന്ന് കരുതുന്നുണ്ടെന്നും ഗവേഷകര്‍. കഴിഞ്ഞ വര്‍ഷവും പുതിയ ഇനം പവിഴപ്പുറ്റുകളെ സംഘം രാജ്യത്തിന്റെ സമുദ്ര പ്രദേശത്ത് തിരിച്ചറിഞ്ഞിരുന്നു. സൂവോളജിക്കല്‍ സ്റ്റഡീസ് എന്ന ജേണലില്‍ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..