ഭൂമിക്കടിയിലെ വാസത്തിനുശേഷം പുറത്തുവന്ന ചീവീട്(വന്യജീവി ഫോട്ടോഗ്രാഫറായ രഞ്ജിത്ത് ഹാർഡ്ലി പകർത്തിയ ചിത്രം)
മൂന്നാര്‍: രാജകുമാരിയിലെ സ്വര്‍ഗമേട്ടില്‍ ഡോ.കലേഷ് സദാശിവന് മണ്ണിനടിയില്‍ കണ്ണും നട്ടു കാത്തിരിക്കുകയാണ് ചീവീടുകളെ കാണാന്‍. ചീവീടുകളുടെ ചെകിടടപ്പിക്കുന്ന ശബ്ദം ഡോ.കലേഷിന് സംഗീതമാണ്. പല തരം ചീവീടുകളുടെ ശബ്ദം വേര്‍തിരിച്ച് അദ്ദേഹം കണ്ടെത്തി- കേരളത്തില്‍ കാണുന്ന ചീവീടുകളുടെ ജനുസ്സ് ഒന്നു വേറേയാണെന്ന്. നമ്മുടെ നാട്ടിലെ ചീവീടുകള്‍ മലേഷ്യന്‍ വംശജരാണെന്നാണ് ഇതുവരെ കരുതിയിരുന്നത്.
എന്നാല്‍, അവയുടെ ശബ്ദവും ജനനേന്ദ്രിയത്തിന്റെ രൂപവും വേറിട്ടതാണെന്നും പശ്ചിമഘട്ടത്തില്ത്തന്നെ രൂപപ്പെട്ട നാടന്‍ ചീവീടുകളാണവയെന്നും ഡോ. കലേഷ് ശാസ്ത്രീയമായി സ്ഥാപിച്ചു.
ട്രാവന്‍കൂര്‍ നേച്ചര്‍ ഹിസ്റ്ററി സൊസൈറ്റി റിസര്‍ച്ച് അസോസിയേറ്റാണ് ഡോ. കലേഷ് സദാശിവന്. മലേഷ്യയിലെ പോം പാനിയ ലിനേരിയസ് എന്ന ഇനം ചീവീടുകള്‍ക്ക് ഇവിടെയുള്ളവയുമായി സാമ്യമുണ്ട്. അതുകൊണ്ടാണ് ഇവ അവിടെനിന്ന് എത്തിയവയാണെന്ന് കരുതിയത്.എന്നാല്‍, ഡോ. കലേഷ് നടത്തിയ പഠനത്തില്‍ വ്യത്യാസങ്ങള്‍ കണ്ടെത്തി.
ഇടുക്കി രാജകുമാരി സ്വര്ഗമേടിലെ ഏലത്തോട്ടത്തില്‍ നടത്തിയ പഠനമാണ് ഈ നിഗമനത്തിലേക്ക് എത്തിച്ചത്. കേരളത്തിലെ വിവിധ ഇടങ്ങളില്‍ പഠനം നടത്തി ഇതേ ഇനത്തെത്തന്നെ കണ്ടെത്തുകയും ചെയ്തു. കലേഷ് സദാശിവന്റെ പേരുകൂടി ചേര്‍ത്ത് 'പോം പാനിയ സ്യൂഡോലി നേരിയസ് സദാശിവന്' എന്ന ശാസ്ത്രനാമവും ഈ ഇനത്തിന് നല്കി.
ആയുസ്സിലേറെയും ഭൂമിക്കടിയില്‍....
ഭൂമിക്കടിയില്‍ കഴിയുന്നതുള്‍പ്പെടെ 13 മുതല്‍ 17 വര്‍ഷംവരെയാണ് പശ്ചിമഘട്ടത്തില്‍ കണ്ടെത്തിയ ചീവീടുകളുടെ ആയുസ്സ്. എന്നാല്‍, മലേഷ്യന്‍ ഇനത്തിന് മൂന്നുമുതല്‍ അഞ്ചുവര്‍ഷംവരെ ആയുസ്സേയുള്ളൂ. ഇണ ചേര്‍ന്നുകഴിഞ്ഞാല്‍ പെണ് ചീവീട് മരങ്ങളുടെ ശിഖരങ്ങള്‍ മുളയ്ക്കുന്ന ഭാഗത്ത് മുട്ടയിടും. ഒരേ സമയം 600 മുട്ടകള്‍ വരെ. ഈ മുട്ടകള്‍ താഴെവീണ് മണ്ണിനടിയില്ക്കിടന്നാണ് വിരിയുക. മണ്ണിനടിയില്‍ വര്‍ഷങ്ങളോളം കഴിയുന്ന ഉണ്ണിച്ചീവീടുകള് മര വേരുകളില്‍നിന്ന് സത്ത് വലിച്ചുകുടിക്കും.
കാലമേറെക്കഴിഞ്ഞ് ഇവയ്ക്ക് ചിറകു മുളയ്ക്കുന്നതോടെ മരങ്ങളിലും മറ്റും പറന്നിരുന്ന് ഇണകളെ ആകര്‍ഷിക്കാനാണ് ശബ്ദം പുറപ്പെടുവിക്കുന്നത്. ആണ്‍വര്‍ഗത്തിന് ശബ്ദം ഇത്തിരി കൂടും. ചെകിള, ടിംപണം എന്നിവകൊണ്ടാണ് ശബ്ദം പുറപ്പെടുവിക്കുന്നത്. ഭൂമിക്കടിയില്‍നിന്നും പുറത്തുവന്നാല്‍ പിന്നെ ചീവീടുകള്‍ക്ക് മുന്നുമുതല്‍ നാല് ആഴ്ചകള്‍ വരെയേ ആയുസ്സേയുള്ളൂ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..