കോഴിക്കോട്: കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മലബാര്‍ നാച്വറല്‍ ഹിസ്റ്ററി സൊസെറ്റിയും (എം.എന്‍.എച്ച്.എസ്.) കാലിക്കറ്റ് ബേഡേര്‍സ് ക്‌ളബും (സി.ബി.സി.) സംയുക്തമായി സംസ്ഥാനതല ഫോട്ടോഗ്രഫി മത്സരം നടത്തുന്നു. പരിസ്ഥിതി പ്രവര്‍ത്തകനും ഫോട്ടോഗ്രാഫറും പക്ഷിനിരീക്ഷകനുമായിരുന്ന നവനീതിന്റെ ഓര്‍മയ്ക്കായാണ് മത്സരം സംഘടിപ്പിക്കുന്നത്. 

കേരളത്തിലെ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് മാത്രമായിരിക്കും മത്സരം. 15,000 രൂപയും എം.എന്‍.എച്ച്.എസ്. ആജീവനാന്ത മെമ്പര്‍ഷിപ്പും ഉള്‍പ്പെടുന്നതാണ് ഒന്നാം സമ്മാനം. രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 10,000രൂപയും  5,000രൂപയും ലഭിക്കും. 1000രൂപ വീതം അഞ്ചുപേര്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും നല്‍കും.  ഓഗസ്റ്റ് 24-ന് രാത്രി 12-വരെ അപേക്ഷ സ്വീകരിക്കും. എന്‍ട്രി ഫീ ഇല്ലാത്ത ഈ മത്സരത്തില്‍ ഒരാള്‍ക്ക് മൂന്നു ചിത്രങ്ങള്‍വരെ അയക്കാം. 

ഇന്ത്യയില്‍ നിന്നും പകര്‍ത്തിയ വനം, വന്യജീവി ചിത്രങ്ങള്‍ കുറിപ്പുകള്‍ സഹിതം www.malabarnhs.in/nmpa2020 എന്ന വെബ്സൈറ്റിലാണ് സമര്‍പ്പിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഈ മാസം 28-ന്  സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന അനുസ്മരണ യോഗത്തില്‍ വിജയികളെ പ്രഖ്യാപിക്കും.

കഴിഞ്ഞവര്‍ഷം ഓഗസ്റ്റിലാണ് തന്റെ പക്ഷിനിരീക്ഷണ യാത്രയ്ക്കിടെ കര്‍ണാടകയിലെ ഭദ്ര വന്യജീവി സങ്കേതത്തില്‍ വെച്ച്  നവനീത് മരണമടഞ്ഞത്.  എം.എന്‍.എച്ച്.എസിന്റെ എക്‌സിക്യുട്ടീവ് അംഗവും സി.ബി.സി.യുടെ സ്ഥാപക അംഗവുമായിരുന്നു കോഴിക്കോട് ചാത്തമംഗലം സ്വദേശിയായിരുന്ന നവനീത്. 20 വര്‍ഷത്തോളം നീണ്ട പക്ഷിനിരീക്ഷണയാത്രയ്ക്കിടയില്‍ കേരളത്തിന്റെ അകത്തുനിന്നും പുറത്തുനിന്നും  ഒട്ടേറെ ചിത്രങ്ങള്‍ പകര്‍ത്തി. കേരളത്തിലെ പക്ഷികളെക്കുറിച്ച്  തയ്യാറാക്കിയ കിളി എന്ന ആദ്യ ആന്‍ഡ്രായിഡ് മൊബൈല്‍ ആപ്പിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവരില്‍ പ്രധാനിയുമായിരുന്നു.

Content Highlights: Navaneeth Memorial Photography Awards 2020