ഓറിയന്റൽ പൈഡ് ഹോൺബിൽ | Photo-ANI
നാഗാലാന്‍ഡിന്റെ ചരിത്രത്തില്‍ എന്നുമിടം കണ്ടെത്തുന്ന മൂന്ന് ദിനങ്ങളായിരുന്നു കഴിഞ്ഞ വര്‍ഷത്തിലെ നവംബര്‍ നാല് മുതല്‍ ഏഴ് ഏഴുവരെ. എന്താണ് പ്രത്യേകത എന്നല്ലേ...നാഗാലാന്‍ഡിന്റെ ചരിത്രത്തില്‍ നടക്കുന്ന ആദ്യത്തെ പക്ഷികളുടെ എണ്ണം രേഖപ്പെടുത്തലെന്ന പ്രത്യേകത. ടോക്കു ഇമോങ് ബേര്‍ഡ് കൗണ്ട് അഥവാ ടിഇബിസി എന്ന് പേരിട്ടിരിക്കുന്ന അംഗസംഖ്യ നിര്‍ണയം പൗരന്മാരുടെ നേതൃത്വത്തിലാണ് നടത്തിയത്. വോക്ക ഫോറസ്റ്റ് ഡിവിഷന്, നാഗാലാന്‍ഡ് ഫോറസ്റ്റ് മാനേജ്മെന്റ് പ്രൊജ്ക്ട് എന്നിവരും പക്ഷികളുടെ അംഗസംഖ്യ നിര്‍ണയത്തില്‍ പങ്കാളികളാണ്. നാഗാലാന്‍ഡിലെ ദിമപുര്‍, കൊഹിമ, പേരണ്, വോക്ക എന്നീ ജില്ലകളിലെ 18 ഓളം ഇ-ബേര്‍ഡേഴ്സും പദ്ധതിയില്‍ പങ്കാളികളായി. വിവിധ വര്‍ഗത്തില്‍പെട്ട 178 പക്ഷികളെയാണ് അംഗസംഖ്യ നിര്‍ണയത്തില്‍ കണ്ടെത്തിയത്.
യുവാക്കളെയും മറ്റും പക്ഷി സംരക്ഷണത്തില്‍ അവബോധവാന്മാരാക്കുക എന്ന ലക്ഷ്യം കൂടി പദ്ധതിക്കുണ്ട്. ജില്ലാ ഫോറസ്റ്റ് റേഞ്ചറായ ലാന്സോതുങ് ലോത്തയാണ് പദ്ധതിയില്‍ പ്രധാനി. അംഗസംഖ്യ നിര്‍ണയം നടത്തുന്നതുമായി ബന്ധപ്പെട്ട് സംഘാടകര്‍ വര്‍ക്ക് ഷോപ്പും മറ്റും സംഘടിപ്പിച്ചിരുന്നു. വിവരങ്ങള്‍ തത്സമയം എങ്ങനെയൊക്കെ നടത്താം എന്നത് സംബന്ധിച്ചും ക്ലാസുകളുണ്ടായിരുന്നു. ഇ ബേര്‍ഡിന്റെ വെബ്സൈറ്റിലാണ് വിവരങ്ങള്‍ അപ്ലോഡ് ചെയ്തത്. ബ്രൗണ്‍ ഷ്രൈക്ക്, ബ്ലാക്ക് ടെയ്ല്ഡ് ക്രേക്ക്, ബ്ലൂ നാപ്ഡ് പിത്താ, ബ്രൗണ്‍ ബുഷ് വാര്‍ബ്ലര്‍, അമുര്‍ ഫാല്‍ക്കണ്‍ തുടങ്ങിയ പക്ഷികളെയും അംഗസംഖ്യ നിര്‍ണയത്തില്‍ കണ്ടെത്തി.
റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത് ബേര്‍ഡ് കൗണ്ട് ഇന്ത്യയാണ്. ബേര്‍ഡ് കൗണ്ട് ഇന്ത്യ (ബിസിഐ) എന്ന സംഘടനയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് ഇന്ത്യയിലെ ചെറു പട്ടണങ്ങള്‍ വന്‍കിട നഗരങ്ങളിലെ വരെ പക്ഷികളുടെ എണ്ണം തിട്ടപ്പെടുത്തുക എന്നതായിരുന്നു.
പുതിയ റിപ്പോര്‍ട്ടില്‍ ഏതൊക്കെ പക്ഷികളാണ് അടിയന്തര സംരക്ഷണ പ്രാധാന്യം അര്‍ഹിക്കുന്നത് എന്നത് സംബന്ധിച്ച് വിവരങ്ങളുമുണ്ട്. നാഗാലാന്‍ഡിലെ വോക്ക ജില്ലയില്‍ അമുര്‍ ഫാല്‍ക്കണുകള്‍ ദേശാടനം നടത്തുന്ന മാസം കൂടിയായിരുന്നു നവംബര്‍. മറ്റു സംസ്ഥാനങ്ങളിലെ പക്ഷികളുടെ അംഗസംഖ്യ നിര്‍ണയം ഉദാഹരണമാക്കിയാണ് നാഗാലാന്‍ഡ് അംഗസംഖ്യാ നിര്‍ണയം നടത്തിയിരിക്കുന്നത്. കേരളത്തില്‍ ഓണത്തിന് നടത്തിയ ഓണം ബേര്‍ഡ് കൗണ്ട്, തമിഴ്നാട്ടിലെ പൊങ്കല്‍ ബേര്‍ഡ് കൗണ്ട് തുടങ്ങിയവയാണ് ഉദാഹണങ്ങളാക്കിയത്.
വിളവെടുപ്പ് കാലയളവിന് ശേഷം വിശ്രമം എടുക്കുക എന്നതാണ് ടോക്കു ഇമോങ് എന്ന വാക്ക് കൊണ്ടു അര്‍ത്ഥമാക്കുന്നത്. വംശനാശ ഭീഷണി നേരിടുന്നതും അല്ലാത്തതുമായ ധാരാളം പക്ഷികളുമായി ബന്ധപ്പെട്ട് ഉത്സവം നടത്തുന്ന സംസ്ഥാനം കൂടിയാണ് നാഗാലാന്‍ഡ്. ഹോണ്‍ബില്‍ ഫെസ്റ്റിവല്‍ ഇതിനൊരു ഉദാഹരണം മാത്രമാണ്. നിലവില്‍ അഞ്ചു വേഴാമ്പല്‍ വിഭാഗങ്ങള്‍ മാത്രമാണ് നാഗാലാന്‍ഡിലുള്ളത്. സംസ്ഥാനത്ത് വേഴാമ്പലുകള്‍ വംശനാശത്തിന്റെ വക്കിലാണെന്നും ലാന്സോതുങ് ലോത്ത കൂട്ടിച്ചേര്‍ക്കുന്നു. ഐയുസിഎന്നിന്റെ ഹോണ്‍ബില്‍ സ്പെഷ്യലിസ്റ്റ് ഗ്രൂപ്പിലെ അംഗം കൂടിയാണ് ലോത്ത. വേഴാമ്പലുകള്‍ ഇന്‍ഡിക്കേറ്റര്‍ സ്പീഷിസുകളാണെന്നും പറയപ്പെടുന്നു. കൂടൊരുക്കുന്നതിന് നല്ല പ്രായമുള്ള മരങ്ങളാണ് വേഴാമ്പലുകള്‍ തേടുക. ഇവയുടെ അസാന്നിധ്യം പക്വത എത്തിയ മരങ്ങളുടെ അഭാവം കൂടിയാണ്.
സംസ്ഥാനത്ത് കുറഞ്ഞു കൊണ്ടിരിക്കുന്ന വനമേഖലയെ സംബന്ധിച്ചും നാഗാലാന്‍ഡില്‍ അപായമണി മുഴങ്ങി കഴിഞ്ഞു. 2000 മുതല്‍ 2020 വരെയുള്ള കാലയളവില്‍ നാഗാലാന്‍ഡിന് 130 സ്ക്വയര്‍ കിലോമീറ്റര്‍ വരുന്ന വനപ്രദേശമാണ് നഷ്ടമായത്. നാഗാലാന്‍ഡില്‍ വംശനാശത്തിന്റെ വക്കിലെത്തിയ അനേകം പക്ഷികളിലൊന്ന് കൂടിയാണ് വേഴാമ്പലുകള്‍. വേഴാമ്പലുകളെയും മറ്റ് വംശനാശ ഭീഷണി നേരിടുന്ന പക്ഷികളെയും മടക്കി കൊണ്ടു വരിക എന്നത് പ്രകൃതായുള്ള വനപ്രദേശം മടക്കി കൊണ്ടു വരുന്നതിന് തുല്യമാണ്. സ്ഥലങ്ങള്‍ മാറി മാറി കൃഷി നടത്തുന്ന ജും കള്ട്ടിവേഷന്, വേട്ടയാടല്‍, വനനശീകരണം തുടങ്ങിയവയാണ് സംസ്ഥാനത്തെ ജൈവവൈവിധ്യ നാശത്തിന് ആക്കം കൂട്ടുന്നത്. പരമ്പരാഗത കൃഷി രീതിയായ ജും കള്ട്ടിവേഷനില് സസ്യങ്ങളൊക്കെ തീയിട്ടതിന് ശേഷമാകും കൃഷിക്കായി സ്ഥലം വിനിയോഗിക്കുക.
.jpg?$p=45aa738&&q=0.8)
ഉപയോഗത്തിന് ശേഷം സസ്യലതാദികള്‍ വളരാനുള്ള സമയം ജും കള്ട്ടിവേഷനില് അനുവദിക്കും. എന്നാല്‍ നാഗാലാന്ഡിലിപ്പോള് പഴയ തോതില്‍ ഈ പരമ്പരാഗത കൃഷി നടത്തുന്നില്ലെന്ന് വിദ്ഗധര്‍ പറയുന്നു. പണ്ടത്തെ അത്ര വിസ്തൃതിയിലിപ്പോള് നിലങ്ങള്‍ ലഭ്യമല്ലാത്തതിലാണ് ഇത്. വനപ്രദേശങ്ങള്‍ നശിക്കാനുള്ള മറ്റൊരു പ്രധാന കാരണം വേട്ടയാടലായിരുന്നു.
തുയെന്‍സാങ് പ്രദേശത്തെ വന ചൂഷണം പഠന റിപ്പോര്‍ട്ടായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രതിവര്‍ഷം 13,067 പക്ഷികളെയും 3,567 സസ്തനികളെയുമാണ് തുയെന്‍സാങ് വിപണയില്‍ വില്‍പ്പനയ്ക്കായി എത്തിക്കുന്നത്. അതായത് പ്രതിവര്‍ഷം 18.5 ലക്ഷം രൂപയുടെ ബിസിനസ്സ്.
ഒരു ജില്ലയില്‍ നിന്നും മാത്രമുള്ള കണക്കുകളാണിത്. സര്‍വേകള്‍ ഇനിയും നടത്തിയാല്‍ എണ്ണം അധികമാകാനാണ് സാധ്യത. സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്തണമെങ്കില്‍ അംഗസംഖ്യ നിര്‍ണയം അനിവാര്യമാണ്. ഇതിനൊരു ചുവടു വെയ്പ്പ് കൂടിയാണ് നാഗാലാന്‍ഡ് നടത്തിയിരിക്കുന്നത്. വടക്കു കിഴക്കന്‍ ഇന്ത്യയില്‍ പക്ഷികളെയും മറ്റും ബന്ധപ്പെടുത്തി അപൂര്‍മായ വിവരങ്ങളാണുള്ളതെന്ന് 2011 ല്‍ നടത്തിയ ഒരു പഠനവും ചൂണ്ടിക്കാട്ടുന്നു. വേട്ടയാടല്‍ വരുത്തുന്ന മാറ്റങ്ങളെ കുറിച്ചുള്ള വിവരങ്ങളും അപൂര്‍ണമാണ്. ബേര്‍ഡിങ് എന്നത് നാഗാലാന്‍ഡില്‍ അടുത്തിടെ വികസിച്ച ഒരു ആശയം കൂടിയാണ്. പ്രാദേശികമായി നടത്തുന്ന ടിഇബിസി പോലെയുള്ളവ പക്ഷി നിരീക്ഷണത്തിലും മറ്റുമുള്ള താത്പര്യം വര്‍ധിക്കാന്‍ കാരണമാകും.
Content Highlights: nagaland witness it's first bird count
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..