ന്യൂഡല്‍ഹി: ഇന്നു മെലിഞ്ഞുകാണുന്ന പുഴകളെല്ലാം ഒരിക്കല്‍ നിറഞ്ഞൊഴുകിയവയാണ്. കടല്‍ മാത്രമല്ല, ജീവജലം പകരുന്ന പുഴയും അമ്മ തന്നെയെന്ന ഓര്‍മപ്പെടുത്തലുമായി ചലച്ചിത്രമെത്തുന്നു. നാടിന്റെ സമ്പത്തായ നദികളെ നശിപ്പിക്കുന്നതിനെതിരായ ബോധവത്കരണമാണ് 'പുഴയമ്മ'. പൂര്‍ണമായും പുഴയില്‍ മാത്രം ചിത്രീകരിക്കുന്നെന്നതാണ് വിജീഷ് മണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സവിശേഷത.
 
ഹിന്ദിയില്‍ 'നദി മാ' എന്ന പേരിലിറങ്ങുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പ്രകാശനം കേന്ദ്ര നദിവികസന മന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ ഡല്‍ഹിയില്‍ നിര്‍വഹിച്ചു. പ്രകാശ് വാടിക്കലാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും. സലീല്‍ ചൗധരിയുടെ മകന്‍ സഞ്ജയ് ചൗധരി സംഗീതം നല്‍കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ലോകനാഥന്‍. 

പുഴ നേരിടുന്ന പ്രശ്നങ്ങളെ ഒരു പതിമൂന്നുകാരിയുടെ കണ്ണുകളിലൂടെ കാണുകയാണ് ചിത്രത്തില്‍. പുഴകളെ മലിനപ്പെടുത്താനുള്ള നീക്കങ്ങള്‍ക്കെതിരേ അവള്‍ തീര്‍ക്കുന്ന പ്രതിരോധത്തിന്റെ കഥയാണ് 'പുഴയമ്മ' പറയുന്നത്. പരിസ്ഥിതി, പുഴസംരക്ഷണം തുടങ്ങിയ വിഷയങ്ങളില്‍ നേരത്തെയും സിനിമകള്‍ ചെയ്ത അനുഭവങ്ങളുമായാണ് വിജീഷ് മണി പുഴയമ്മയെ ഒരുക്കുന്നത്. പുഴയില്ലാത്ത ഒരു രംഗം പോലും സിനിമയിലുണ്ടാവില്ല എന്നതായിരിക്കും ചിത്രത്തിന്റെ പ്രത്യേകത.

കത്രിക്ക വെണ്ടക്ക (തമിഴ്), താമര എന്നിവയാണ് ഇതിനു മുമ്പ് വിജീഷ് ചെയ്ത പരിസ്ഥിതി ചിത്രങ്ങള്‍. എന്നാല്‍, വെറും 48 മണിക്കൂറിനകം കഥയെഴുത്ത് മുതല്‍ ചിത്രീകരണവും സെന്‍സറിങ്ങും കഴിഞ്ഞ് തിയേറ്ററിലെത്തിച്ചതിന്റെ റെക്കോഡിട്ട വിശ്വഗുരുവാണ് വിജീഷിന്റെ മുമ്പത്തെ സിനിമ. 2014-ല്‍ 71 മണിക്കൂര്‍കൊണ്ട് തയ്യാറാക്കിയ ശ്രീലങ്കന്‍ സിനിമയുടെ റെക്കോഡാണ് ശ്രീനാരായണ ഗുരുവിന്റെ ജീവിതം ആസ്പദമാക്കിയുള്ള വിശ്വഗുരു തകര്‍ത്തത്.