ഴിയരികില്‍ വന്മരങ്ങള്‍ നട്ടുവളര്‍ത്തുന്നത് പലപ്പോഴും അപകടങ്ങള്‍ക്കും മരണങ്ങള്‍ക്കും കാരണമാകുമെന്ന് ഐക്യരാഷ്ട്രസഭ ദുരന്തലഘൂകരണ വിഭാഗം മേധാവി മുരളി തുമ്മാരുകുടി. മരം, സുരക്ഷ, പരിസ്ഥിതി എന്ന തലക്കെട്ടില്‍ ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുന്നത്. 

"ആളുകള്‍ നടന്നും കാളവണ്ടിയിലും ഒക്കെ ദൂരയാത്ര ചെയ്തുകൊണ്ടിരുന്ന ഒരു കാലത്താണ് വഴിയരുകില്‍ തണല്‍ മരങ്ങള്‍ വക്കുന്ന ഒരു പതിവ് കേരളത്തില്‍ ഉണ്ടായത്. നടപ്പു യാത്രയും കാളവണ്ടിയും ചരിത്രത്തിന്റെ ഭാഗമായെങ്കിലും അന്നത്തെ മരങ്ങള്‍ പലതും ഇന്നും നിലനില്‍ക്കുന്നു, പുതിയതായി പോലും നാം വഴിയരുകില്‍ വന്മരങ്ങള്‍ വച്ചുപിടിപ്പിക്കുന്നു. 

മരം വച്ചുപിടിപ്പിക്കുക എന്നത് എല്ലാക്കാലത്തും ഒരു 'നന്മമര' പരിപാടിയാണല്ലോ, ആരും എതിര്‍ക്കില്ല. പക്ഷെ മരങ്ങള്‍ വലുതായി വഴിയേ പോകുന്ന വാഹനങ്ങള്‍ക്ക് അപകടകാരിയാകുന്നു. വര്‍ഷാവര്‍ഷം ആളുകള്‍ മരിക്കുന്നു. എന്നാലും ആ മരങ്ങള്‍ മുറിക്കുക എന്നത് ഇപ്പോള്‍ നമുക്ക് ചിന്തിക്കാന്‍ പറ്റാതായിരിക്കുന്നു. 

നമുക്ക് പരിസ്ഥിതി അവബോധം ഉണ്ടാകുന്നത് നല്ല കാര്യം ആണെങ്കിലും ജീവന് അപകടം ഉണ്ടാക്കുന്ന തരത്തില്‍ മരങ്ങള്‍ വച്ചുപിടിപ്പിക്കുന്നതും നിലനിര്‍ത്തുന്നതും ശരിയല്ല, അത് വഴിയരികില്‍ ആണെങ്കിലും സ്‌കൂള്‍ അങ്കണത്തില്‍ ആണെങ്കിലും അതിന് പകരം വേണമെങ്കില്‍ അപകടം ഉണ്ടാക്കാത്ത സ്ഥലത്ത് അല്ലെങ്കില്‍ അധികം ഉയരം വെക്കാത്ത പത്തിരട്ടി മരങ്ങള്‍ നടാമല്ലോ.

ഓരോ മഴക്കാലത്തും മരം മറിഞ്ഞുവീണ് വീട്ടുകാരും കുട്ടികളും യാത്രക്കാരും മരിക്കുന്ന സംഭവങ്ങള്‍ ഉണ്ടാകാറുണ്ടല്ലോ. അതുകൊണ്ടാണ് ഇപ്പോള്‍ ഈ കാര്യം പറഞ്ഞത്"- മുരളി തുമ്മാരുകുടി കുറിപ്പില്‍ പറയുന്നു. 

മുരളി തുമ്മാരുകുടിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം

മരം, സുരക്ഷ, പരിസ്ഥിതി 

ശ്രീ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പരിസ്ഥിതി മന്ത്രി ആയിരുന്ന കാലത്ത് കോട്ടയത്ത് ഒരു സാമൂഹ്യ വനവല്‍ക്കരണ പരിപാടിയില്‍ പങ്കെടുക്കാന്‍ ചെന്ന എന്നെ നാട്ടുകാര്‍ ഒക്കെ തള്ളിപ്പുറത്താക്കിയ കഥ ഞാന്‍ പണ്ടൊരിക്കല്‍ പറഞ്ഞിട്ടുണ്ട്. അതേ സമയം എന്നെക്കാളും തീരെ ആരോഗ്യം കുറഞ്ഞവര്‍, പക്ഷെ ഫുള്‍ടൈം രാഷ്ട്രീയക്കാര്‍ ആയവര്‍, ആ തള്ളിലും പിടിച്ചു നിന്ന കഥയും പറഞ്ഞു. ഗ്രൗണ്ടില്‍ തള്ളാനുള്ള വൈഭവം ഒന്നും എനിക്കില്ല എന്നും ഫേസ്ബുക്കില്‍ തള്ളി ശേഷകാലം ജീവിക്കാം എന്നും ഞാന്‍ പ്രതിജ്ഞയെടുത്തത്.

എന്റെ ചേട്ടനും കൂടെ ഉണ്ടായിരുന്നു എന്നത് എന്റെ ചമ്മല്‍ വര്‍ദ്ധിപ്പിച്ചു.

'നിനക്കിത് തന്നെ വേണം, ചെറുപ്പത്തില്‍ ഒരു മരം എങ്കിലും നീ വീട്ടുമുറ്റത്ത് നട്ടുപിടിപ്പിച്ചിട്ടുണ്ടോ' എന്ന കുത്തുവാക്ക് പറഞ്ഞു ചേട്ടന്‍ മുറിവില്‍ ഉപ്പ് തേച്ചു.

മരം നടല്‍ ഒക്കെ കഴിഞ്ഞുള്ള പൊതു സമ്മേളനത്തില്‍ ചമ്മി വിഷണ്ണനായി ദൂരെ നിന്നിരുന്ന എന്നെ തിരുവഞ്ചൂര്‍ കണ്ടുപിടിച്ച് സമ്മേളനത്തില്‍ മുന്‍നിര പ്രാസംഗികന്‍ ആക്കിയത് കൊണ്ട് ഇപ്പോഴും വീട്ടില്‍ വലിയ നാണക്കേടില്ലാതെ പിടിച്ചു നില്‍ക്കുന്നു.

പക്ഷെ ചേട്ടന്‍ പറഞ്ഞതില്‍ കാര്യമുണ്ട്. ചെറുപ്പകാലത്ത് വീട്ടില്‍ ഒരു മരം പോലും ഞാന്‍ വച്ചുപിടിപ്പിച്ചിട്ടില്ല.

എന്റെ ചെറുപ്പകാലത്ത് വെങ്ങോലയില്‍ ഇപ്പോഴത്തെപ്പോലെ അല്ല, മരങ്ങള്‍ തീരെ കുറവാണ്. ഇത് വെങ്ങോലയിലെ മാത്രം കാര്യമല്ല, കേരളത്തിലെ മൊത്തം ഇടനാട്ടിലെ കാര്യമാണ്. കേരളത്തിലെ സമീപകാല ചരിത്രത്തില്‍ ഇടനാട്ടിലെങ്കിലും ഏറ്റവും കൂടുതല്‍ മരങ്ങള്‍ ഉള്ള കാലമായിരിക്കണം ഇപ്പോള്‍ നമ്മള്‍ കടന്നുപോകുന്നത്. 'നമ്മുടെ പരിസ്ഥിതി ഒക്കെ നശിച്ചു പോയി' എന്ന് ചിന്തിച്ചിരിക്കുന്ന പുതിയ തലമുറക്ക് ഒരു അതിശയമായി തോന്നാം, പക്ഷെ സത്യമാണ്. വീട്ടില്‍ അപ്പൂപ്പനൊ അമ്മൂമ്മയോ ഉണ്ടെങ്കില്‍ ചോദിച്ചു നോക്കിയാല്‍ മതി.

ഇതിന് രണ്ടു കാരണങ്ങള്‍ ഉണ്ട്.

ഒന്നാമത് മനുഷ്യരുടെ ജീവിതത്തില്‍ മരത്തിന്റെ ഉപയോഗം ഇന്നത്തേക്കാള്‍ ഏറെ ആയിരുന്നു. കേരളത്തിലെ കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ ഓട് വച്ച് തുടങ്ങിയ കാലത്ത് അതിനെ താങ്ങി നിര്‍ത്താന്‍ മുളകള്‍ കൊണ്ടുള്ള കഴുക്കോലും പട്ടികയും ഒന്നും മതിയാകാതെ വന്നു. വാതിലും ജനലും മാത്രമല്ല മച്ചും, പത്താഴവും പെട്ടിയും എന്തിന് ഭിത്തിവരെ മരത്തിന്റേതായ വീടുകള്‍ ഉണ്ടായിരുന്നു. ഇതിനൊക്കെ മരങ്ങള്‍ കാട്ടില്‍ നിന്നും മാത്രമല്ല നാട്ടില്‍ നിന്നും മുറിക്കപ്പെട്ടു.

കെട്ടിട നിര്‍മ്മാണത്തിന് മാത്രമല്ല ഭക്ഷണം പാചകം ചെയ്യാനുള്ള ഇന്ധനം പ്രധാനമായും വിറകായിരുന്നു. മരങ്ങള്‍ വെട്ടി ഉണക്കിയും വലിയ മരങ്ങള്‍ വെട്ടി മണ്ണില്‍ കുഴിച്ചിട്ടു പുകച്ച് കരിയാക്കിയും ആണ് ഇന്ധനത്തിന്റെ ആവശ്യം നടത്തിപ്പോന്നിരുന്നത്. ഓടും ഇഷ്ടികയും 'ചുടാനും' റബറും ഏലവും പുകക്കാനും, തേയില ഉണ്ടാക്കാനും ഒക്കെ ഉപയോഗിച്ചിരുന്നത് മരം തന്നെ. നാട്ടിലെ മരം ഒക്കെ ഒന്നൊന്നായും കൂട്ടമായും ഇല്ലാതായത് ചുമ്മാതാണോ ?

മരങ്ങളുടെ ആവശ്യം കൂടുതല്‍ ആയിരുന്നു എന്ന് മാത്രമല്ല പുതിയതായി മരം വച്ചുപിടിപ്പിക്കുന്ന ഒരു രീതി ഉണ്ടായിരുന്നില്ല. ഇതിനും പല കാരണങ്ങള്‍ ഉണ്ട്. ഏറെ ഭൂസമ്പത്ത് ഉള്ളവര്‍ക്ക് മരം ഒരു വരുമാന മാര്‍ഗ്ഗം ഒന്നുമായിരുന്നില്ല, മരങ്ങളുടെ ക്ഷാമം അവരെ ബുദ്ധിമുട്ടിച്ചതുമില്ല. സ്വന്തമായി ഭൂസ്വത്ത് ഇല്ലാത്തവര്‍ക്ക്, അതായത് ഭൂമിയില്‍ താമസിക്കുമെങ്കിലും അതിന്റെ അവകാശം സ്വന്തമായി ഇല്ലാത്തവര്‍ ദീര്‍ഘനാള്‍ കഴിഞ്ഞു മാത്രം ഗുണവും വരുമാനവും ഉണ്ടാകുന്ന മരങ്ങള്‍ വച്ചുപിടിപ്പിക്കാന്‍ മെനക്കെടാറില്ല. ആളുകളുടെ ആയുര്‍ദൈര്‍ഘ്യം കുറവായിരുന്നതിനാല്‍ അവരുടെ 'ജീവിതകാലത്തിനപ്പുറം' നീണ്ടു നില്‍ക്കുന്ന ഒരു നിക്ഷേപത്തിനും സമയം ചിലവാക്കാന്‍ ആളുകള്‍ തയ്യാറാകാറുമില്ല.

ഒരു കാര്യം കൂടി ഉണ്ട്. രാസവളങ്ങള്‍ ഇല്ലാത്ത കാലത്ത് കൃഷിക്ക് ആവശ്യമായിരുന്നത് 'ചവര്‍' ആയിരുന്നു, അതായത് മരങ്ങളുടെ ഇലയും ചില്ലയും ഒക്കെ. വലിയ മരങ്ങളില്‍ നിന്നും ചവര്‍ വെട്ടിയിറക്കുക ബുദ്ധിമുട്ടായിരുന്നു. അതുകൊണ്ട് തന്നെ പറമ്പില്‍ ഒക്കെ വലിയ മരങ്ങള്‍ക്ക് പകരം വേഗത്തില്‍ വളരുന്ന കൂടുതല്‍ ഇലകള്‍ ഉള്ള മരങ്ങള്‍ ഉണ്ടാകുന്നതായിരുന്നു ആളുകള്‍ക്ക് ഇഷ്ടം.

ഇതൊക്കെ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ ഉള്ള കഥയാണ്. എനിക്ക് ഓര്‍മ്മവക്കുന്ന തൊള്ളായിരത്തി എഴുപതുകള്‍ ആകുമ്പോഴേക്ക് വെങ്ങോലയും ചുറ്റുമുള്ള പ്രദേശങ്ങളും ഒക്കെ കുറ്റിക്കാടാണ്, വലിയ മരങ്ങള്‍ അവിടെയും ഇവിടെയും ഒക്കെ ഉണ്ടാകും. ഇപ്പോള്‍ കലക്ടറേറ്റ് ഇരിക്കുന്ന കാക്കനാട് മൊട്ടക്കുന്നാണ്. പെരുമ്പാവൂരില്‍ നിന്നും ഇപ്പോള്‍ കോതമംഗലത്തേക്ക് പോകുമ്പോള്‍ കണ്ണെത്തുന്നിടത്തെല്ലാം ഇരുവശത്തും വലിയ മരങ്ങളുണ്ട്, ഇടക്കൊക്കെ ബസുകളുടെ മുകളില്‍ മരം വീണ് അപകടം ഉണ്ടാകാറുമുണ്ട്. അറുപത് വര്‍ഷം മുന്‍പ് ഈ വഴിയിലൂടെ പോകുമ്പോള്‍ ഇരുവശവും മരങ്ങള്‍ ഒന്നുമില്ല, കുറ്റിക്കാടും, പുല്‍ക്കാടുകളും ഒക്കെയാണ്. ഉണ്ടായിരുന്നുള്ളൂ എന്ന് എന്റെ പ്രായമായ ബന്ധുക്കള്‍ പറഞ്ഞിട്ടുണ്ട്. ആദ്യം റോഡ് വന്നു, പിന്നെ വീട്, പിന്നെയാണ് മരങ്ങള്‍ ഉണ്ടായത്.

അന്‍പത് വര്‍ഷം മുന്‍പ് മൊട്ടക്കുന്നും കല്ലുവെട്ടുന്ന മടകളും കുറ്റിച്ചെടികള്‍ ഉള്ള മലകളും ഒക്കെയായിരുന്ന വെങ്ങോല ഇപ്പോള്‍ ആകെ മൊത്തം ഹരിതാഭം ആണ്. മണ്ണെടുക്കുക, കരിങ്കല്‍ ക്വാറി നടത്തുക എന്നൊക്കെയുള്ള പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും മരങ്ങളുടെ എണ്ണത്തിന്റെയും വണ്ണത്തിന്റെയും കാര്യത്തില്‍ അന്‍പത് വര്‍ഷം മുമ്പത്തേക്കാള്‍ ഏറെ ഗുണകരമാണ് വെങ്ങോലയിലെ സ്ഥിതി. കഷ്ടകാലത്തിന് തൊള്ളായിരത്തി അറുപതുകളിലെ ഉപഗ്രഹ ചിത്രം നമ്മുടെ കയ്യില്‍ ഇല്ല, അല്ലെങ്കില്‍ എത്ര മാറ്റമാണ് ഉണ്ടായിരിക്കുന്നത് എന്ന് നമുക്ക് കാണാമായിരുന്നു. വെങ്ങോലയുടെ ആസ്ഥാന വ്യവസായം ആയ പ്ലൈവുഡ് ഈ 'വിജയത്തിന്റെ' പ്രത്യാഘാതം ആണ്.

എങ്ങനെയാണ് വെങ്ങോലയോക്കെ ഇപ്പോള്‍ കാണുന്നത് പോലെ ഹരിതാഭം ആയത് ?. വെങ്ങോലയില്‍ ആളുകള്‍ പെട്ടെന്ന് പരിസ്ഥിതി സ്‌നേഹികള്‍ ആയതൊന്നുമല്ല. സാങ്കേതിക വിദ്യയും സാമൂഹ്യ സാഹചര്യങ്ങളും ഒക്കെയാണ് ഈ മാറ്റം ഉണ്ടാക്കിയത്. ഇതില്‍ നിന്ന് നമുക്ക് ഏറെ പഠിക്കാനുണ്ട്

1. ഇടനാട്ടിലെ പട്ടിണികാരണം മലനാട്ടില്‍ എത്തിയവര്‍ ഒക്കെ റബ്ബര്‍ കൃഷി നടത്തി പണം ഉണ്ടാക്കുന്ന കണ്ടപ്പോള്‍ റബ്ബര്‍ ഇടനാട്ടിലേക്കും എത്തി. സര്‍ക്കാര്‍ ചെടിക്കും വളത്തിനും ഒക്കെ സബ്സിഡി നല്‍കുക കൂടി ചെയ്തതോടെ ലക്ഷക്കണക്കിന് റബ്ബര്‍ മരങ്ങള്‍ കേരളത്തില്‍ ഇടനാട്ടില്‍ എവിടെയും ഉണ്ടായി.

2. കൊച്ചിയില്‍ റിഫൈനറി വരികയും മദ്ധ്യവര്‍ഗ്ഗത്തിന് ഉള്‍പ്പടെ മണ്ണെണ്ണയും പാചകവാതകവും ഒക്കെ വാങ്ങി ഉപയോഗിക്കാവുന്ന സ്ഥിതി വന്നതോടെ പാചക ആവശ്യങ്ങള്‍ക്ക് ആയിട്ടുള്ള വിറകിന്റെ ആവശ്യം ഏറെ കുറഞ്ഞു. പുതിയ തലമുറയില്‍ ഉള്ളവര്‍ വിറകിനുള്ള കരി കണ്ടിട്ട് കൂടിയില്ല. വെങ്ങോലയില്‍ അവസാനം കരി ഉണ്ടാക്കിയത് തൊള്ളായിരത്തി എഴുപതുകളില്‍ ആയിരിക്കണം. മരം വെട്ടിനുറുക്കി മണ്ണിനടിയില്‍ കുഴിച്ചിട്ടു കരിയുണ്ടാക്കുന്ന സാങ്കേതിക വിദ്യ ഇപ്പോള്‍ കേരളത്തില്‍ അന്യമായി.

3. വിദ്യാഭ്യാസ അവസരങ്ങള്‍ ഉപയോഗിച്ച് പഠിച്ചു വെങ്ങോലക്കാര്‍ മറ്റു തൊഴിലുകള്‍ തേടിയതോടെ പറമ്പില്‍ മുഴുവന്‍ വേഗം വിളവ് കിട്ടുന്ന കപ്പയും ഇഞ്ചിയും ഒന്നും കൃഷിചെയ്യേണ്ട ആവശ്യം ഇല്ലാതായി. വീട്ടില്‍ ഒരു അത്യാവശ്യം വരുമ്പോള്‍, ഒരു കല്യാണമോ, രോഗമോ ഒക്കെ, പറമ്പില്‍ നില്‍ക്കുന്ന തെക്കോ ആഞ്ഞിലിയോ ഒക്കെ വെട്ടി വില്‍ക്കേണ്ട ആവശ്യവും ഇല്ലതായി.

4. കെട്ടിടവിദ്യയിലെ സാങ്കേതിക വിദ്യയില്‍ ഉണ്ടായ മാറ്റം വീടുപണിക്കുള്ള ആവശ്യത്തിനായി മരങ്ങള്‍ മുറിക്കുന്നതും ഏറെ ഇല്ലാതായി.

ഇതൊന്നും വെങ്ങോലയിലെ മാത്രം കാര്യമല്ല. ലോകതെത്രയോ ഇടങ്ങളില്‍ വിറകും കരിയും ആയി ആളുകള്‍ ജീവിക്കുന്നു. മൊട്ടക്കുന്നുകള്‍ ഉണ്ടാകുന്നു. വിദ്യാഭ്യാസവും സാമ്പത്തിക സ്ഥിതിയും നന്നാവുന്നതോടെ ചുറ്റുമുള്ള പ്രകൃതിയിലെ ചൂഷണം കുറയുന്നു, പ്രകൃതി സംരക്ഷിക്കണം എന്ന് ആളുകള്‍ക്ക് ആഗ്രഹം ഉണ്ടാകുന്നു, അതിനുള്ള കഴിവ് ഉണ്ടാകുന്നു. പൊതുവെ പരിസ്ഥിതിയില്‍ പുരോഗതി ഉണ്ടാകുന്നു. ഇതൊക്കെയാണ് കേരളത്തിന് വരാനിരിക്കുന്ന ഭാവി.

ഞാന്‍ പറഞ്ഞു തുടങ്ങിയത് ചെറുപ്പത്തില്‍ ഞാന്‍ മരം വച്ച് പിടിപ്പിച്ചില്ല എന്നാണല്ലോ. സത്യത്തില്‍ എന്റെ ചെറുപ്പകാലത്തൊന്നും ഈ മരം വച്ചുപിടിപ്പിക്കുക എന്നൊരു പരിപാടി നാട്ടില്‍ ഇല്ലായിരുന്നു. റബ്ബര്‍ മരത്തിനല്ലാതെ ഒരു നേഴ്‌സറി ഒക്കെ അപൂര്‍വ്വമായിരുന്നു. അതുകൊണ്ട് ഞാന്‍ മരം വച്ചുപിടിപ്പിച്ചില്ല എന്ന ചേട്ടന്റെ ആരോപണം സത്യമാണെങ്കിലും അത്ര ഗുരുതരമല്ല.

പക്ഷെ ഔദ്യോഗിക ജീവിതത്തില്‍ ആയിരക്കണക്കിന് മരങ്ങള്‍ വച്ചുപിടിപ്പിക്കാനും സംരക്ഷിക്കാനും ഉള്ള അവസരം എനിക്ക് ഉണ്ടായിട്ടുണ്. ബ്രൂണെ മുതല്‍ അഫ്ഗാനിസ്ഥാന്‍ വരെ, കോംഗോ മുതല്‍ ഹെയ്തി വരെ, കണ്ടല്‍ക്കാടുകള്‍ മുതല്‍ പൈന്‍ വരെ ലക്ഷക്കണക്കിന് മരങ്ങള്‍ ഞാന്‍ മുന്‍കൈ എടുത്ത് നട്ടുപിടിപ്പിച്ചിട്ടുണ്ട്. എന്റെ പെരുമ്പാവൂരിലെ വീടിനു ചുറ്റും മാവ് മുതല്‍ ഇലഞ്ഞി വരെ ഉള്ള മരങ്ങളും എന്റെ സംഭാവനയായിട്ടുണ്ട്.

പക്ഷെ ഒരു കാര്യം കൂടി പറയണം. മരം വച്ചുപിടിപ്പിക്കുന്നത് പോലെ മരം വെട്ടിക്കളയുന്ന പരിപാടിയും ഞാന്‍ നടത്തിയിട്ടുണ്ട്. എല്ലാ മരങ്ങളും ഒരുപോലെ അല്ല. അനാവശ്യമായി വന്നുകയറിയ അധിനിവേശ സസ്യങ്ങളെ മൊത്തമായി പിഴുതെറിയുന്ന ജോലി ഞാന്‍ ചെയ്തിട്ടുണ്ട്. അതുപോലെ തന്നെ എല്ലായിടത്തും നില്‍ക്കുന്ന മരങ്ങളും ഒരുപോലെ അല്ല. പറമ്പില്‍ നില്‍ക്കുന്ന ആഞ്ഞിലി പോലെയല്ല വീടിന് മുറ്റത്ത് നില്‍ക്കുന്നത്. ഏത് മരം വച്ചുപിടിപ്പിക്കുന്നതും നല്ലതാണെന്നും ഒരു മരം പോലും വെട്ടിക്കളയില്ല എന്നും ഒക്കെ പറയുന്നത് സുരക്ഷയുടെ കണ്ണില്‍ നിന്നും മാത്രമല്ല പരിസ്ഥിതിയുടെ വീക്ഷണത്തില്‍ നിന്നും ശരിയല്ല.

പെരുമ്പാവൂരില്‍ വീട് വച്ച സമയത്ത് ചുറ്റും നിന്ന മരങ്ങള്‍ ഒന്നും വെട്ടിമാറ്റാതെയാണ് വീടുണ്ടാക്കിയത്. പക്ഷെ മ്യാന്മാറിലെയും ഫിലിപ്പൈന്‍സിലേയും കൊടുങ്കാറ്റ് കണ്ടു വന്നതിന് ശേഷം പേടിയായി. ലക്ഷക്കണക്കിന് വന്മരങ്ങള്‍ ആണ് കടപുഴകി വീണതും ചില്ലകള്‍ ഒടിഞ്ഞു വീടുകളുടെ മുകളില്‍ പതിച്ചതും ഏറെ ആളുകളെ കൊന്നതും. അതുകൊണ്ടു തന്നെ നമ്മുടെ വീടിന്റെ ചുറ്റും വീടിന് അപകടകരമായി മരങ്ങള്‍, തെങ്ങ് ഉള്‍പ്പടെ നില്‍ക്കുന്നുണ്ടെങ്കില്‍ അവ മുറിച്ചു കളയുന്നതില്‍ വിഷമത്തിന്റെ ആവശ്യം ഒന്നുമില്ല. പൊക്കം കുറഞ്ഞ അപകടകാരിയല്ലാത്ത മരങ്ങള്‍ വാക്കാമല്ലോ. അതുകൊണ്ടു തന്നെ പെരുമ്പാവൂരിലെ വലിയ തെങ്ങും ആഞ്ഞിലിയും ഒക്കെ സുരക്ഷിതമായി വെട്ടിക്കളഞ്ഞു, ചെറിയ മരങ്ങള്‍ അനവധി വച്ചുപിടിപ്പിച്ചു.

നമ്മുടെ റോഡുകളുടെ സൈഡില്‍ കാണുന്ന വന്മരങ്ങളുടെ കാര്യവും ഇതുപോലെയാണ്. ആളുകള്‍ നടന്നും കാളവണ്ടിയിലും ഒക്കെ ദൂരയാത്ര ചെയ്തുകൊണ്ടിരുന്ന ഒരു കാലത്താണ് വഴിയരുകില്‍ തണല്‍ മരങ്ങള്‍ വക്കുന്ന ഒരു പതിവ് കേരളത്തില്‍ ഉണ്ടായത്. നടപ്പു യാത്രയും കാളവണ്ടിയും ചരിത്രത്തിന്റെ ഭാഗമായെങ്കിലും അന്നത്തെ മരങ്ങള്‍ പലതും ഇന്നും നിലനില്‍ക്കുന്നു, പുതിയതായി പോലും നാം വഴിയരുകില്‍ വന്മരങ്ങള്‍ വച്ചുപിടിപ്പിക്കുന്നു. മരം വച്ചുപിടിപ്പിക്കുക എന്നത് എല്ലാക്കാലത്തും ഒരു 'നന്മമര' പരിപാടിയാണല്ലോ, ആരും എതിര്‍ക്കില്ല. പക്ഷെ മരങ്ങള്‍ വലുതായി വഴിയേ പോകുന്ന വാഹനങ്ങള്‍ക്ക് അപകടകാരിയാകുന്നു. വര്‍ഷാവര്‍ഷം ആളുകള്‍ മരിക്കുന്നു. എന്നാലും ആ മരങ്ങള്‍ മുറിക്കുക എന്നത് ഇപ്പോള്‍ നമുക്ക് ചിന്തിക്കാന്‍ പറ്റാതായിരിക്കുന്നു. നമുക്ക് പരിസ്ഥിതി അവബോധം ഉണ്ടാകുന്നത് നല്ല കാര്യം ആണെങ്കിലും ജീവന് അപകടം ഉണ്ടാക്കുന്ന തരത്തില്‍ മരങ്ങള്‍ വച്ചുപിടിപ്പിക്കുന്നതും നിലനിര്‍ത്തുന്നതും ശരിയല്ല, അത് വഴിയരികില്‍ ആണെങ്കിലും സ്‌കൂള്‍ അങ്കണത്തില്‍ ആണെങ്കിലും അതിന് പകരം വേണമെങ്കില്‍ അപകടം ഉണ്ടാക്കാത്ത സ്ഥലത്ത് അല്ലെങ്കില്‍ അധികം ഉയരം വെക്കാത്ത പത്തിരട്ടി മരങ്ങള്‍ നടാമല്ലോ.

ഓരോ മഴക്കാലത്തും മരം മറിഞ്ഞുവീണ് വീട്ടുകാരും കുട്ടികളും യാത്രക്കാരും മരിക്കുന്ന സംഭവങ്ങള്‍ ഉണ്ടാകാറുണ്ടല്ലോ. അതുകൊണ്ടാണ് ഇപ്പോള്‍ ഈ കാര്യം പറഞ്ഞത്. കാലാവസ്ഥ വ്യതിയാനത്തിന്റെ സാഹചര്യത്തില്‍ കേരളത്തില്‍ കാറ്റുകള്‍ കൂടാന്‍ പോവുകയാണ്. ഏതൊക്കെ മരങ്ങള്‍ എവിടെ നില്‍ക്കുന്നു എന്ന് നമ്മള്‍ ചിന്തിച്ചില്ലെങ്കില്‍ ഓരോ കാറ്റിലും ഉണ്ടാകുന്ന അപകടം പതിന്മടങ്ങാകും. തെങ്ങ് ചതിക്കില്ല എന്നൊക്കെ പഴംചൊല്ല് ഉണ്ട്. ഫിലിപ്പൈന്‍സിലെ കാറ്റില്‍ അഞ്ചുലക്ഷം തെങ്ങുകള്‍ ആണ് പുഴകി വീണത്. ഈ പഴംഞ്ചൊല്ലൊന്നും തെങ്ങിനറിയില്ല എന്നത് ഉറപ്പ്.

content Highlights: Environment, planting trees on roadside