രാക്ഷസക്കൊന്നകൾ അഥവാ മഞ്ഞക്കൊന്നകൾ | Photo-Wiki/ചെയ്തത് Vinayaraj - സ്വന്തം സൃഷ്ടി, സി.സി. ബൈ-എസ്.എ. 3.0, https://commons.wikimedia.org/w/index.php?curid=22593836
സുൽത്താൻബത്തേരി: നട്ടുപിടിപ്പിച്ച മഞ്ഞക്കൊന്നകൾ വളർന്ന് വനത്തിന് വിപത്തായി മാറിയപ്പോൾ, അവ പിഴുതുമാറ്റാൻ കോടികൾ വകയിരുത്തി വനംവകുപ്പ്. വയനാട് വന്യജീവിസങ്കേതത്തെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന മഞ്ഞക്കൊന്ന (സെന്ന) എന്ന അധിനിവേശസസ്യത്തെ ഉന്മൂലംചെയ്യുന്നതിനായി 2.27 കോടി രൂപയാണ് വനംവകുപ്പ് ആദ്യഘട്ടമായി അനുവദിച്ചത്. വയനാട് വന്യജീവിസങ്കേതത്തിലെ 12,300 ഹെക്ടർ വനഭൂമിയിൽ മഞ്ഞക്കൊന്ന വ്യാപിച്ചിട്ടുണ്ട്. ഇതിൽ ആദ്യഘട്ടമായി 1086 ഹെക്ടർ വനഭൂമിയിലെ മഞ്ഞക്കൊന്ന നശിപ്പിക്കാനുള്ള ടെൻഡർ നടപടികൾ അന്തിമഘട്ടത്തിലാണ്.
മഞ്ഞക്കൊന്ന മരങ്ങളുടെ പുറംതൊലി ഒരുമീറ്റർ നീളത്തിൽ നീക്കംചെയ്ത് ഉണക്കിക്കളയാനും, ചെറിയ ചെടികൾ വേരോടെ പിഴുതുമാറ്റി നശിപ്പിക്കാനുമാണ് പദ്ധതി. 1980-കളിലാണ് വനംവകുപ്പിന്റെ സോഷ്യൽ ഫോറസ്ട്രി വിഭാഗം പണംമുടക്കി കാടുകളിൽ മഞ്ഞക്കൊന്നത്തൈകൾ നട്ടുപിടിപ്പിച്ചത്. വനത്തിന്റെ സൗന്ദര്യവത്കരണമടക്കം ലക്ഷ്യമിട്ടായിരുന്നു വിദേശിയായ മഞ്ഞക്കൊന്നയെ ഇവിടെയെത്തിച്ചത്. പക്ഷേ, ഇത് വലിയ പിഴവായിരുന്നുവെന്ന് ബന്ധപ്പെട്ടവർ മനസ്സിലാക്കിയപ്പോഴേക്കും മഞ്ഞക്കൊന്ന വൈറസ് പോലെ കാട്ടിനുള്ളിൽ പടർന്നിരുന്നു.
സംസ്ഥാനത്ത് മഞ്ഞക്കൊന്നമൂലം ഹെക്ടർകണക്കിന് വനം നശിച്ചെന്നാണ് റിപ്പോർട്ടുകൾ. മഞ്ഞക്കൊന്നയുടെ വ്യാപനം കാട്ടിലെ ആവാസവ്യവസ്ഥ തകർക്കുമെന്നും അത് വന്യമൃഗങ്ങൾ നാട്ടിലേക്കിറങ്ങുന്നതിന് കാരണമാകുമെന്നുമാണ് പരിസ്ഥിതിപ്രവർത്തകർ പറയുന്നത്. സ്വാഭാവിക സസ്യലതാദികളെ നശിപ്പിച്ച് തഴച്ചുവളരുന്ന മഞ്ഞക്കൊന്നകൾ കാടിന്റെ സന്തുലനത്തെ തകർക്കുന്നതായി പഠനങ്ങളിലും കണ്ടെത്തിയിരുന്നു. മണ്ണിന്റെ നൈസർഗിക ഗുണങ്ങൾ നഷ്ടമാക്കുന്ന മഞ്ഞക്കൊന്ന വലിയ തോതിലുള്ള നിർജലീകരണത്തിനും കാരണമാകുന്നുണ്ട്. മഞ്ഞക്കൊന്ന വളരുന്നതിന്റെ ചുറ്റുപാടും പുല്ലോ മറ്റു ചെടികളോ വളരില്ല. സസ്യഭുക്കുകളായ മൃഗങ്ങൾ മഞ്ഞക്കൊന്നയുടെ ഇല ഭക്ഷിക്കാറില്ല. തീറ്റയില്ലാതായതോടെ മഞ്ഞക്കൊന്നയുള്ള സ്ഥലങ്ങളിൽ വന്യമൃഗങ്ങളുടെ സാന്നിധ്യമില്ലാതായി. മഞ്ഞക്കൊന്നകൾ കാട്ടിൽ പടർന്നതോടെ ഭക്ഷണമില്ലാതായ വന്യമൃഗങ്ങൾ നാട്ടിലേക്കിറങ്ങുന്നതും വർധിച്ചു.
ഒരുചെടിയിൽനിന്ന് ആയിരക്കണക്കിന് വിത്തുകളാണ് വീണുമുളയ്ക്കുന്നത്. അതിവേഗം പടർന്നുവളരുന്ന മഞ്ഞക്കൊന്ന കാടിന്റെ ജൈവസമ്പത്തും ആവാസവ്യവസ്ഥയും നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. മഞ്ഞക്കൊന്ന കാടിന് വലിയ ഭീഷണിയായി മാറിയതോടെ അവ നശിപ്പിക്കാൻ വനംവകുപ്പ് നിർബന്ധിതരായി മാറി. ഇതിന്റെ ഫലമായി കഴിഞ്ഞ കുറച്ചുവർഷമായി മഞ്ഞക്കൊന്നയെ കാട്ടിനുള്ളിൽനിന്ന് നീക്കം ചെയ്യാനുള്ള പരിശ്രമത്തിലാണ് വനപാലകർ. വയനാട് വന്യജീവിസങ്കേതത്തിൽനിന്നും ലക്ഷക്കണക്കിന് മഞ്ഞക്കൊന്ന ചെടികൾ ഇതിനോടകം പിഴുതുമാറ്റിയെങ്കിലും ഇവയെ കാട്ടിനുള്ളിൽനിന്ന് പൂർണമായി ഉന്മൂലംചെയ്യാൻ സാധിച്ചില്ല. മഞ്ഞക്കൊന്നയുടെ ചുവട് വെട്ടിമാറ്റിയാലും കുറ്റിയിൽനിന്നും വേരിൽനിന്നും പുതിയ ചെടി മുളയ്ക്കും. ചെടിയെ ഉണക്കിയോ, വേരോടെ പിഴുതുമാറ്റിയോ നശിപ്പിക്കുകയാണ് ഏക പോംവഴി.
Content Highlights: more than two crore allotted for removing senna siamea
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..