കോഴിക്കോട്: നഗരത്തിലെ മരങ്ങള്‍ കൂട്ടത്തോടെ വെട്ടിനശിപ്പിക്കാനുള്ള പൊതുമരാമത്ത് വകുപ്പിന്റെയും ദേശീയപാത അതോറിറ്റിയുടെയും നീക്കം ഉപേക്ഷിക്കണമെന്ന് ഡോ. എം.ജി.എസ്. നാരായണന്‍ ആവശ്യപ്പെട്ടു.

രാമനാട്ടുകര -വെങ്ങളം ബൈപ്പാസ് റോഡ് ആറുവരിയാക്കി മാറ്റുന്നതിനായി നിലവിലെ നാലുവരി പാതയ്ക്കരികിലുള്ള 3354 വൃക്ഷങ്ങളാണ് മുറിച്ചുനീക്കുന്നത്. കാരപ്പറമ്പ് -എടക്കാട് റോഡിന്റെ ഇരുവശങ്ങളിലെയും 800 മരങ്ങളാണ് മുറിച്ചുനീക്കുന്നത്. ഇവിടെ റോഡിന്റെ വികസനമല്ല, സൗന്ദര്യവത്കരണമാണ് ലക്ഷ്യമിടുന്നത്. ഒരുവശത്ത് മരംമുറിച്ച് ടൈലുകള്‍ പാകിയ നടപ്പാതയുടെ നിര്‍മാണവും മറുവശത്ത് മരങ്ങളെ നശിപ്പിച്ച് വലിയ ഓടയുടെ നിര്‍മാണവുമാണ് ഉദ്ദേശ്യം. ഈ റോഡിലൂടെ ബസ് ഗതാഗതമില്ല.

ഇത്തരം വികസനം നമ്മുടെ  കാലാവസ്ഥയെ കൂടുതല്‍ ഉഷ്ണതരമാക്കും. കാരപ്പറപ്പ്-എടക്കാട് റോഡിലെ ഒരുമരം  പോലും മുറിക്കാന്‍ അനുവദിക്കരുത്. വെങ്ങളം -രാമനാട്ടുകര ബൈപ്പാസിലെ മരങ്ങള്‍ പാതയുടെ മെറിഡിയനുകളായി നിലനിര്‍ത്താന്‍ ശ്രമിക്കണം. അങ്ങനെയായാല്‍ പകുതിയോളം മരങ്ങളെ സംരക്ഷിക്കാനാവുമെന്ന് എം.ജി.എസ്. ചൂണ്ടിക്കാട്ടി.

'കൊടുംവേനലിനെ ഓര്‍ത്തെങ്കിലും ഈ മരങ്ങള്‍ മുറിക്കരുത്'

tree
കാരപ്പറമ്പ്-കുണ്ടൂപ്പറമ്പ് റോഡിന് ഇരുവശവും നട്ടുപിടിപ്പിച്ച മരങ്ങള്‍ പൃഥ്വി റൂട്ട്സ് പരിസ്ഥിതി സംഘടനാ പ്രവര്‍ത്തകര്‍ പരിപാലിക്കുന്നു

 

കോഴിക്കോട്: തങ്ങള്‍ നട്ടുവളര്‍ത്തിയ മരങ്ങള്‍ റോഡ് വികസനത്തിന്റെ പേരില്‍ മുറിച്ചുമാറ്റും എന്നറിഞ്ഞിട്ടും ഇവര്‍ സംരക്ഷിക്കുകയാണ്. പരിസ്ഥിതി സംരക്ഷണം  വാക്കുകളില്‍ മാത്രം ഒതുങ്ങിയാല്‍ മതിയോയെന്നും അധികൃതരോട് ഇവര്‍ ചോദിക്കുന്നു. കാരപ്പറമ്പ് - കുണ്ടൂപ്പറമ്പ് റോഡിനിരുവശവും വിദ്യാര്‍ഥികളുടെ പരിസ്ഥിതി സംഘടനയായ  പൃഥ്വി റൂട്ട്സ് നട്ടുപിടിപ്പിച്ച മരങ്ങള്‍ മുറിക്കാനാണ് അധികൃതര്‍ ഒരുങ്ങുന്നത്. 21 കോടി രൂപയുടെ പദ്ധതിയാണ് ഈസ്റ്റ്ഹില്‍ ഗണപതികാവ്-കാരപ്പറമ്പ് -കുണ്ടൂപ്പറമ്പ് റോഡ് വികസനം. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കാണ് നിര്‍മാണച്ചു മതല.

മീഞ്ചന്ത രാമകൃഷ്ണ മിഷന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളുടെ പരിസ്ഥിതി സംഘടനയാണ് പൃഥ്വി റൂട്ട്സ്. ആറുവര്‍ഷം മുമ്പാണ് വിദ്യാര്‍ഥികള്‍ റോഡിനിരുവശവും 350 മരങ്ങള്‍ നട്ടത്. എന്നാല്‍ റോഡു നിര്‍മാണത്തെ ത്തുടര്‍ന്ന് മരങ്ങള്‍ മുറിച്ചു നീക്കിയാല്‍ എണ്‍പതെണ്ണം മാത്രമേ ബാക്കിയുണ്ടാവൂ. ഇത്തരത്തിലാണ് പദ്ധതിയുടെ രൂപരേഖ.  ഈസ്റ്റ്ഹില്‍ ഗണപതി കാവ് റോഡില്‍ പ്രവൃത്തി ഉദ്ഘാടനം കഴിഞ്ഞ ആഴ്ച കഴിഞ്ഞിരുന്നു. 

അടുത്ത ആഴ്ച നിര്‍മാണ പ്രവൃത്തി ഈസ്റ്റ്ഹില്ലില്‍ നിന്ന് ആരംഭിക്കും. റോഡ് വികസിക്കുമ്പോള്‍ മരങ്ങള്‍ മുറിച്ചുനീക്കേണ്ടി വരുമെന്ന് അധികൃതര്‍ തന്നെ സമ്മതിക്കുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് എ. പ്രദീപ് കുമാര്‍ എം.എല്‍.എ.യെ വിദ്യാര്‍ഥികള്‍ സന്ദര്‍ശിച്ചിരുന്നു. മരങ്ങള്‍ പിഴുതു മാറ്റി മറ്റൊരിടത്ത് നടാന്‍ വേണ്ട സംവിധാനം ഒരുക്കാമെന്ന് അദ്ദേഹം വാക്കു നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇത് എത്രത്തോളം പ്രായോഗികമാണെന്നാണ് വിദ്യാര്‍ഥികളുടെ ആശങ്ക.

കാരപ്പറമ്പ്- കുണ്ടൂപ്പറമ്പില്‍ റോഡില്‍ നടപ്പാത വികസനവും ഡ്രെയിനേജ് നിര്‍മാണവുമാണ് നടക്കുന്നത്. ഇതിനായി രണ്ടു വശങ്ങളില്‍ നിന്നും ഒരു മീറ്റര്‍ ഭൂമിയാണ് എടുക്കുക. കനോലി കനാല്‍ നവീകരണത്തിനുവേണ്ടിയും ഈ ഭാഗത്തുനിന്ന് ഭൂമി ഏറ്റെടുക്കേണ്ടി വരും. അങ്ങനെ വരുമ്പോള്‍ മരങ്ങള്‍ മുറിച്ചു മാറ്റേണ്ടി വരുമെന്നാണ് അധികൃതര്‍ പറയുന്നത്.

ബീച്ചില്‍ നിന്ന് ഓട്ടോയില്‍ വെള്ളമെത്തിച്ചാണ് വിദ്യാര്‍ഥികള്‍ ചെടികള്‍ക്ക് വെള്ളം നല്‍കിയത്. കൂടാതെ അവധി ദിവസങ്ങളിലെത്തിയും മരങ്ങളുടെ പരിപാലനവും ഉറപ്പുവരുത്തിയിരുന്നു. വനംവകുപ്പ് അധികൃതര്‍ നല്‍കിയ മരങ്ങളാണ് നട്ടുപിടിപ്പിച്ചത്. റോഡ് വികസനത്തിന്റെ ഭാഗമായി നിശ്ചയിച്ചിട്ടുള്ള മാസ്റ്റര്‍പ്ലാന്‍ പ്രകൃതി സൗഹാര്‍ദമാക്കണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം.