സാത്വിക് എന്ന ഏഴുവയസ്സുകാരന്‍ ദിനോസറുകളുടെ ഒരു കൊച്ചു എന്‍സൈക്ലോപീഡിയ ആണ്. നൂറുകണക്കിന് ദിനോസറുകളെകുറിച്ച് ഈ കൊച്ചുമിടുക്കന് അറിയാം. ആറാം വയസ്സില്‍ 101 ദിനോസറുകളെ അവയുടെ ഭക്ഷണ രീതിയും പ്രത്യേകതകളും വിശദീകരിച്ചു കൊണ്ട് ഏഷ്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും സാത്വിക് ഇടം നേടി കഴിഞ്ഞു. വെറും മൂന്ന് മിനിറ്റ് 36 സെക്കന്റിനുള്ളില്‍ ആണ് സാത്വിക് 101 ദിനോസറുകളെകുറിച്ച് വിശദീകരിച്ചത്. അമേരിക്കയില്‍ താമസിക്കുന്ന തൃശൂര്‍ സ്വദേശിയായ ആനന്ദിന്റെയും, തൃപ്പുണിത്തുറ സ്വദേശിനിയായ ശില്‍പയുടെയും ഏക മകനാണ് സാത്വിക് കരോളില്‍ ആനന്ദ്.

പ്രശസ്തമായ എലെന്‍ ഷോ എന്ന എന്‍ബിസി ചാനലിലെ പരിപാടിയില്‍ പങ്കെടുക്കുന്ന രണ്ടാമത്തെ മലയാളി താരമാണ് സാത്വിക്. പുസ്തകങ്ങളിലൂടെ അറിഞ്ഞ ദിനോസറുകളുടെ ലോകം തന്റെ യൂട്യൂബ് ചാനല്‍ ആയ സാത്വി'സ് ഫണ്‍ ക്ലബ്ബിലൂടെ ലോകത്തിനു പരിചയപ്പെടുത്തിക്കൊണ്ടാണ് സാത്വിക് ശ്രദ്ധയാകര്‍ഷിച്ചത്.

'സാത്വിക് നാല് വയസ്സ് മുതല്‍ വായിക്കാന്‍ തുടങ്ങി. കുഞ്ഞിലെ മുതല്‍ അവനു ദിനോസറുകള്‍ ഇഷ്ട വിഷയമായിരുന്നു. അതുകൊണ്ട് തന്നെ അവന്‍ അതിനെക്കുറിച്ചുള്ള പുസ്തകങ്ങള്‍ വായിക്കാന്‍ നല്ല താല്പര്യം കാണിച്ചിരുന്നു. അവന്‍ കൂടുതല്‍ ദിനോസറുകളുടെ കാര്യം പറയാന്‍ തുടങ്ങിയപ്പോള്‍ അവനു ദിനോസറുകളുടെ ചിത്രം കാണിച്ചാല്‍ തിരിച്ചറിയാമോ എന്ന് Sathvikചോദിച്ചു. ചില ചിത്രങ്ങള്‍ അവന്‍ കൃത്യമായി തിരിച്ചറിഞ്ഞു. പിന്നെ അവനോടു ഓരോന്നിന്റെയും പ്രത്യേകതകളും ഭക്ഷണ രീതികളും മനസ്സിലാക്കാന്‍ പ്രോത്സാഹിപ്പിച്ചു. കുറെ ഒക്കെ ഞാന്‍ പറയും മുമ്പേ അവന്‍ മനസ്സിലാക്കി വെച്ചിരുന്നു. അവന്റെ താല്‍പര്യം കണ്ടപ്പോള്‍ ഒരു 101 ദിനോസറുകളുടെ ചിത്രങ്ങള്‍ കൊടുത്ത് അവയെക്കുറിച്ച് വായിച്ചു മനസ്സിലാക്കാന്‍ പറഞ്ഞു. അങ്ങനെ ആണ് യൂട്യൂബ് വീഡിയോസ് ചെയ്തു തുടങ്ങിയത്,'സാത്വികിന്റെ അമ്മ ശില്പ മാതൃഭൂമി ഡോട്‌കോമിനോട് പറഞ്ഞു.

ഈ കുഞ്ഞു പ്രായത്തിലും യാതൊരു തരത്തിലുള്ള വിമുഖതയും കാണിക്കാതെയാണ് സാത്വിക് തന്റെ യൂട്യൂബ് ചാനലില്‍ വീഡിയോസ് അവതരിപ്പിച്ചിട്ടുള്ളത്. അന്തര്‍ ദേശീയ ദിനോസര്‍ ദിനത്തോടനുബന്ധിച്ച് 101 ദിനോസറുകളുടെ വിവരങ്ങള്‍ പങ്കുവച്ചുകൊണ്ട് പത്തുദിവസം നീണ്ടു നില്‍ക്കുന്ന ചലഞ്ചുമായി ഈ കൊച്ചു മിടുക്കന്‍ എല്ലാവരെയും അമ്പരിപ്പിച്ചു. സാത്വിക്കിന്റെ അവതരണ രീതിയിലെ മികവ് തന്നെയാണ് ഓരോ കാണികളെയും ആകര്‍ഷിക്കുന്നത്.

'അവനു മറ്റുള്ളവരെ പഠിപ്പിക്കാന്‍ ഭയങ്കര ഇഷ്ടമാണ്. കിന്‍ഡര്‍ഗാര്‍ട്ടണില്‍ പഠിക്കുമ്പോള്‍ ഫോസിലുകളെ കുറിച്ച് ഒരു പവര്‍ പോയിന്റ് പ്രസന്റേഷന്‍  അവന്‍ ചെയ്തിരുന്നു. സ്വന്തം ക്ലാസ്സിലെ കുട്ടികളെ പഠിപ്പിക്കാന്‍ കിട്ടിയ ആ അവസരം അവനെ ഒരുപാട് മോട്ടിവേറ്റ് ചെയ്തു. വീഡിയോസ് ചെയ്യുമ്പോഴും വലിയ പ്ലാനിംഗ് ഒന്നും ഇല്ലാതെയാണ് ഞങ്ങള്‍ ഷൂട്ട് ചെയ്യുന്നത്. ക്യാമറ ഓണായാല്‍ സാത്വിക് വളരെ കൂള്‍ ആയി അവനു അറിയുന്ന കാര്യങ്ങള്‍ അവതരിപ്പിക്കും. അവന്റെ വളര്‍ച്ചയിലെ ഓര്‍മകള്‍ സൂക്ഷിക്കാനും മറ്റു കുട്ടികളെയും മാതാപിതാക്കളെയും ഇതുപോലെ  മുന്നോട്ട് വരാന്‍ സാധ്വിനീക്കാനുമാണ് യൂട്യൂബ് ചാനല്‍ തുടങ്ങിയത്. റെക്കോര്‍ഡുകളില്‍ ഇടം നേടാനൊന്നും വിചാരിച്ചിരുന്നില്ല. റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളത് കൊണ്ടു പോകാന്‍ സാധിച്ചില്ല,' സാത്വികിന്റെ അവതരണമികവിനെക്കുറിച്ച് 'അമ്മ വാചാലയായി.

Sathvikവ്യതസ്തമായ ഹോബി കൊണ്ട് രണ്ട് റെക്കോര്‍ഡുകളില്‍ ഇടം പിടിച്ചെങ്കിലും സ്‌കൂളില്‍ ഒരു താര പരിവേഷം ഒന്നും സാത്വിക്കിനില്ല.

'ഇവിടെ ഒരു സ്‌കൂളിലും ഒരു കുട്ടിയേയും പഠനേതര കാര്യങ്ങളിലെ മികവിനായി അസംബ്ലിയിലോ മറ്റോ വിളിച്ച് അനുമോദിക്കില്ല. അത് മറ്റു കുട്ടികളെയും രക്ഷാകര്‍ത്താക്കളെയും നിരാശരാക്കും. അത് ഒരു നല്ല പോളിസിയാണ് എന്നാണ് എനിക്ക് തോന്നുന്നത്. ഒരു കുട്ടിയും ഇവിടെ ഒരു അത്ഭുത ബാലന്‍ അല്ല. ഓരോ കുട്ടിക്കും അവരുടെ കഴിവിന് അനുസരിച്ചു വളരാനുള്ള ഒരു സാഹചര്യം ഇവിടെ ഉണ്ട്,' ശില്പ പറയുന്നു.

എല്ലാം പെട്ടന്ന് പഠിച്ചെടുക്കാന്‍ മിടുക്കനാണ് സാത്വിക്. ഏഴാം വയസില്‍ തന്നെ അഞ്ചു വരെയുള്ള ഗുണനപട്ടികയും സാത്വിക് പഠിച്ചു കഴിഞ്ഞു.
 

മാതാപിതാക്കളുടെ 'നോ പ്രഷര്‍' പോളിസി

ഈ കുഞ്ഞു മിടുക്കന്റെ  നേട്ടങ്ങള്‍ക്ക് പിന്നില്‍ അവന്റെ മാതാപിതാക്കള്‍ക്കുള്ള പങ്ക് വളരെ വലുതാണ്.

Sathvik with his parents'അവനെ ഞങ്ങള്‍ ഒരിക്കലും പഠിക്കാന്‍ നിര്‍ബന്ധിക്കാറില്ല. അവന്റെ താല്‍പര്യങ്ങള്‍ മനസ്സിലാക്കി ഞങ്ങളുടെ പരിമിതിയിലുള്ള സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുന്നു എന്ന് മാത്രം. അവനു എല്ലാം മനസിലാക്കാന്‍ വളരെ കൗതുകമാണ്. എന്തെങ്കിലും പുതിയ കര്യങ്ങള്‍ പഠിച്ചാല്‍ അവന്‍ എപ്പോഴും എന്നോട് വന്നു പറയും. അപ്പോ ഞാന്‍ ചില സംശയങ്ങള്‍ ചോദിക്കും. എന്റെ സംശയങ്ങള്‍ മാറ്റാന്‍ അവന്‍ പോയി പുസ്തകം വായിക്കും. ഇപ്പോള്‍ ഇതാണ് അവന്റെ പഠനരീതി. ഭാവിയില്‍ മാറ്റേണ്ടി വന്നേക്കാം. പക്ഷെ ഒരിക്കലും പഠിക്കാന്‍ വഴക്കു പറഞ്ഞു വാതില്‍ ഉച്ചത്തില്‍ അടച്ചു പോരില്ല. അങ്ങനെ ചെയ്താല്‍ അവന്‍ പുസ്തകം നോക്കി ഇരിക്കുമായിരിക്കും. പക്ഷെ ആ മാനസികാവസ്ഥയില്‍ അവനു ഒന്നും പഠിക്കാന്‍ കഴിയില്ല. ഒരു തരത്തിലുള്ള പ്രഷറും അവനു ഞങ്ങള്‍ കൊടുക്കാറില്ല,' സാത്വികിന്റെ  അമ്മ വ്യക്തമാക്കി.

Content Highlights: Sathvik who loves dinosaurs, got two world records