ഗ്രേറ്റ് ബാരിയർ റീഫ് | Photo-Gettyimage
ക്യാന്‍ബെറ: ഗ്രേറ്റ് ബാരിയര്‍ റീഫിലെ പവിഴപ്പുറ്റുകള്‍ അടുത്ത മാസമാദ്യത്തോടെ ബ്ലീച്ചിങിന് വിധേയമായേക്കുമെന്ന് മുന്നറിയിപ്പ്. ഏഴ് വര്‍ഷത്തിനിടെ നാലാം തവണയാണ് പവിഴപ്പുറ്റുകള്‍ ബ്ലീച്ചിങ്ങിന് വിധേയമാകാന്‍ പോകുന്നത്. അമേരിക്കയിലെ ഒരു ഗവണ്മെന്റ് ഏജന്‍സിയാണ് ജനുവരി അവസാനത്തോടെ ഗ്രേറ്റ് ബാരിയര്‍ റീഫിലെ വലിയൊരു പങ്ക് പവിഴപ്പുറ്റുകളും ബ്ലീച്ചിങ്ങിന് വിധേയമാകുമെന്ന് മുന്നറിയിപ്പ് നല്‍കിയത്. എന്നാല്‍ മഴയോ ചുഴലിക്കാറ്റോ പോലെയുള്ള അനുകൂലമായ കാലാവസ്ഥകള്‍ പവിഴപ്പുറ്റുക്കള്ക്കുള്ള ഭീഷണി നീക്കാനുള്ള സാഹചര്യവുമുണ്ട്. ചുഴലിക്കാറ്റ് പവിഴപ്പുറ്റുകളിലെ ചൂടുള്ള അന്തരീക്ഷം നീക്കാന്‍ സഹായിക്കും.
യു.എസ് നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്മോസ്ഫറിക് അഡ്മിനിസ്ട്രേഷന്റെ മുന്നറിയിപ്പ് പ്രകാരം പവിഴപ്പുറ്റുകളുടെ വടക്കന്‍, മധ്യ പ്രദേശങ്ങളില്‍ താപവര്‍ധനവ് അനിയന്ത്രിതമായി മാറിയിരിക്കുകയാണ്. ഇതാണ് പവിഴപ്പുറ്റുകളെ ബ്ലീച്ചിങ്ങിലേക്ക് നയിക്കുക. ലോകപൈതൃക പട്ടികയിലിടം നേടിയ ഗ്രേറ്റ് ബാരിയര്‍ പ്രദേശവും കടുത്ത താപത്തിന് വിധേയമായി കൊണ്ടിരിക്കുകയാണ്. ചിലയിടങ്ങളില്‍ താപനില രണ്ട് ഡിഗ്രിയലധികം കൂടുതലാണ്. എന്നാല്‍ സമീപപ്രദേശങ്ങളില്‍ ഉണ്ടായേക്കാവുന്ന ചുഴലിക്കാറ്റ് പോലെയുള്ളവ താത്കാലിക ആശ്വാസം പകരുമെന്ന് നിഗമനം.
ഓസ്ട്രേലിയയില്‍ സൈക്ലോണ്‍ സീസണിന്റെ ആരംഭം നവംബറിലാണ്. ഇത് ഏപ്രില്‍ വരെ നീണ്ടുനില്‍ക്കും. ഇതിന് കിഴക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന പവിഴപ്പുറ്റുകളിലും ചുഴലിക്കാറ്റ് വീശാനുള്ള സാധ്യതയുണ്ട്. പ്രതിവര്‍ഷം ശരാശരി നാല് ചുഴലിക്കാറ്റുകള്‍ വരെ ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. എന്നാല്‍ ശരാശരിയെക്കാള്‍ ഉയര്‍ന്ന തോതില്‍ ഇവിടെ ചുഴലിക്കാറ്റ് ഉണ്ടാകാനുള്ള സാഹചര്യമില്ല താനും. പവിഴപ്പുറ്റുകളുടെ 1300 കിലോമീറ്ററോളം വരുന്ന പ്രദേശമാകും ബ്ലീച്ചിങ്ങിന് വിധേയാമാകുക. അമിതമായ താപമാണ് പവിഴപ്പുറ്റുകളെ ബ്ലീച്ചിങ്ങിലേക്ക് നയിക്കുന്നതെന്ന് നേരത്തെ ശാസ്ത്രലോകം കണ്ടെത്തിയിട്ടുണ്ട്.
ശരീരത്തിലെ സൂക്ഷ്മജീവികളെ പുറന്തള്ളുന്നത് വഴിയാണ് പവിഴപ്പുറ്റുകള്‍ ഈ പ്രക്രിയക്ക് വിധേയമാകുക. പവിഴപ്പുറ്റുകളില്‍ നിന്ന് പുറന്തള്ളപ്പെടുന്ന മൈക്രോ ആല്‍ഗേകള്‍ അവയ്ക്ക് വെള്ള നിറം നല്കുന്നു. പവിഴപ്പുറ്റുകള്‍ക്ക് നിറവും പോഷകങ്ങളും നല്‍കുന്നത് ഇത്തരം ആല്‍ഗേകളാണ്. ബ്ലീച്ചിങ്ങിനെ പവിഴപ്പുറ്റുകള്‍ അതിജീവിക്കുന്ന സാഹചര്യങ്ങള്‍ അപൂര്‍വ്വമായി ഉണ്ടാകാറുണ്ട്. എന്നാല്‍ ഇത്തരത്തില്‍ അതിജീവിക്കുന്ന പവിഴപ്പുറ്റുകളുടെ ആരോഗ്യസ്ഥിതി വളരെ മോശമായിരിക്കും.
മറ്റ് വര്‍ഷങ്ങളെ അപേക്ഷിച്ച കാലാവസ്ഥാ വ്യതിയാനം കുറവ് പ്രത്യാഘാതം പവിഴപ്പുറ്റുകളില്‍ ഏല്‍പ്പിച്ച വര്‍ഷമായിരുന്നു 2021. ഇതേ വര്‍ഷം പവിഴപ്പുറ്റുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി. എന്നാല്‍ പുതിയതായി രൂപം കൊണ്ടവ പലതും ബ്ലീച്ചിങ്ങിന് വിധേയമാകാനുള്ള സാധ്യതകള്‍ ഏറെയാണ്. ആഗോള സമുദ്രനിരപ്പിലെ ഉയര്‍ച്ചയും കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളും 1998, 2002, 2016, 2017, 2020 എന്നീ വര്‍ഷങ്ങളില്‍ ഗ്രേറ്റ് ബാരിയര്‍ റീഫിലെ പവിഴപ്പുറ്റുകള്‍ കൂട്ടത്തോടെ ബ്ലീച്ചിങ്ങിന് വിധേയമാകാനുള്ള കാരണങ്ങളായി.
1998 മുതല്‍ 2,300 കിലോമീറ്ററിനുള്ളിലെ രണ്ട് ശതമാനം വരുന്ന പവിഴപ്പുറ്റുകള്‍ മാത്രമാണ് ബ്ലീച്ചിങ്ങിനെ അതിജീവിച്ചത്. മാര്‍ച്ച് ആദ്യത്തോടെ താപ തോത് കുറയുന്നത് പവിഴപ്പുറ്റുകള്‍ക്ക് പുതുജീവന്‍ നല്‍കുമെന്നും പറയപ്പെടുന്നു. ഈ വേനല്‍ക്കാലത്ത് വടക്കന്‍ പ്രദേശങ്ങളിലുള്ള പവിഴപ്പുറ്റുകള്‍ വീണ്ടും ബ്ലീച്ചിങ്ങിന് വിധേയമാവുകയാണെങ്കില്‍ വളര്‍ന്നു വരുന്ന പവിഴപ്പുറ്റുകള്‍ക്ക് അവ ഭീഷണിയായി തീരും. കാലാവസ്ഥാ വ്യതിയാനത്തോടു വളരെ വേഗത്തില്‍ പ്രതികരിക്കുന്നവയാണ് പവിഴപ്പുറ്റുകള്‍.കാലാവസ്ഥ വ്യതിയാനമുള്ള ഒരു ലോകത്ത് ഇത് സര്‍വസാധാരണം ആണെന്നാണ് ശാസ്ത്രലോകം പറയുന്നത്.
Content Highlights: mass bleaching could occur in great barrier reef by next year
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..