റോസ് ഐസ് ഷെൽഫിന് അടിയിലുള്ള ജലശേഖരത്തിൽ കണ്ടെത്തിയ ജീവികൾ | Photo-NIWA / Craig Stevens
അന്റാര്‍ട്ടിക്കയിലെ മഞ്ഞുപാളിക്കടിയില്‍ ഭീമന് ജലശേഖരം കണ്ടെത്തിയതിന് പിന്നാലെ സമുദ്ര ജീവികളുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് ശാസ്ത്രജ്ഞര്‍. ന്യൂസീലന്‍ഡിലെ ഒരുക്കൂട്ടം ഗവേഷകരാണ് അന്റാര്‍ട്ടിക്കയിലെ ഏറ്റവും വലിയ മഞ്ഞുപാളികളായ റോസ് ഐസ് ഷെല്ഫിന് കീഴില്‍ 500 മീറ്റര്‍ ആഴത്തിലാണ് സമുദ്ര ജീവികളുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. ശുദ്ധജലവും ഉപ്പുജലവും തമ്മില്‍ കൂടിച്ചേരുന്ന പ്രദേശത്തിന് (estuary) മഞ്ഞുരുകലില്‍ പങ്കുണ്ടോ എന്നറിയുന്നതിനാണ് സംഘം പര്യവേഷണം നടത്തിയത്.
മേഖലയില്‍ ഐസ് തുരന്ന് ഭൂഗര്‍ഭ ജലത്തിലേക്ക് ക്യാമറ കണ്ണുകളോടിച്ചപ്പോള്‍ കണ്ടെത്തിയത് മറ്റൊരു ആവാസവ്യവസ്ഥയായിരുന്നു. കൊഞ്ചുകളുടെയും ഞണ്ടുകളുടെയും അതേ വംശാവലിയുള്ള ചെറിയ സമുദ്ര ജീവികളാണ് ക്യാമറയില്‍ പതിഞ്ഞത്. വിശ്വാസ്യത ഉറപ്പ് വരുത്താനായി സംഘം ഒന്നുക്കൂടി വ്യക്തതയാര്‍ന്ന ദൃശ്യങ്ങള്‍ ശേഖരിച്ചു. തുടര്‍ന്ന് 5 മില്ലീമീറ്റര്‍ വലിപ്പമുള്ള ആര്‍ത്രോപോഡുകളുടെ കൂട്ടത്തെയും ഗവേഷകര്‍ക്ക് കണ്ടെത്താനായി.
ഗവേഷക സംഘത്തിലെ ഒരു അംഗം തന്നെയാണ് റോസ് ഐസ് ഷെല്‍ഫിനെ കുറിച്ചുള്ള പഠനങ്ങള്‍ക്കിടെ ഇത്തരത്തിലൊരു പ്രദേശം ആദ്യമായി കണ്ടെത്തുന്നത്. നദിയുടെ സ്വഭാവ രീതികളും മറ്റും മനസിലാക്കുന്നതിന് ഉപകരണങ്ങള്‍ സ്ഥാപിച്ചാണ് സംഘം മടങ്ങിയത്. എന്താണ് ജലശേഖരത്തെ വേറിട്ട് നിര്ത്തുന്നതെന്നറിയാന് കൂടുതല്‍ പഠനങ്ങള്‍ സംഘം നടത്തും. ഇത്തരത്തില്‍ ഒളിഞ്ഞു കിടക്കുന്ന നിരവധി ഭൂഗര്‍ഭജല സംവിധാനങ്ങള്‍ അന്റാര്ട്ടിക്കയിലുടനീളമുണ്ടെന്നും അവ നിരന്തരം പഠന വിധേയമാക്കണമെന്നും വിദ്ഗധര്‍ പറയുന്നു.
പടിഞ്ഞാറന്‍ അന്റാര്‍ട്ടിക്ക് മഞ്ഞുപാളിക്കടിയില്‍ കഴിഞ്ഞമാസമാണ് യു.എസിലെ സാന്‍ ഡിയാഗോയില്‍ സ്ക്രിപ്പ്സ് ഇന്സ്റ്റിട്ട്യൂഷന് ഓഫ് ഓഷ്യാനോഗ്രാഫിയിലെ ഗവേഷകര്‍ ആദ്യമായി ജലശേഖരം കണ്ടെത്തുന്നത്. വില്ലിയന്‍സ് ഐസ് സ്ട്രീമിന് താഴെയുളള ജലം ചൂട് പിടിക്കുകയാണെങ്കില്‍ മഞ്ഞുപാളികളുടെ ചലനവേഗം കൂടുമെന്നാണ് നിഗമനം.
Content Highlights: Marine life discovered in Antarctic River Under Ice
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..