ചുള്ളിയോട് അഞ്ചാംമൈലിലെ അലവിമൂച്ചി എന്ന മാവ്
ചുളളിയോട്: ഒരു മാമ്പഴക്കാലത്തിനുകൂടി കാത്തുനില്‍ക്കാതെ അലവിമൂച്ചി ചുള്ളിയോട്ടുകാരോട് വിടചൊല്ലി. മാമ്പൂ നിറഞ്ഞ ശിഖരങ്ങള്‍ ആദ്യംവീണു. പിന്നെ നൂറ്റാണ്ടിന്റെ കരുത്തുളള ഉടലും. വികസനത്തിന് തടസ്സമായിനിന്ന മരത്തിന്റെ കടയ്ക്കല്‍ ഇലക്ട്രിക് വാള് കടന്നുപോയപ്പോള്‍ ഒരു നാടാകെയാണ് കണ്ണീര്‍പൊഴിച്ചത്. ആ വലിയ വീഴ്ചയ്ക്ക് സാക്ഷിയാകാന്‍ ഏറെപ്പേര്വന്നു. സാമൂഹികമാധ്യമങ്ങളില്‍ അനുശോചനക്കുറിപ്പുകള്‍ നിറഞ്ഞു. ചുള്ളിയോട്ടുകാര് പാതിമനസ്സോടെ അലവിമൂച്ചിക്ക് യാത്രാമൊഴിയേകി.
ചുള്ളിയോട്-ബത്തേരി അന്തര്‍സംസ്ഥാന പാതയോരത്ത് അഞ്ചാംമൈലില്‍ തണല്‍വിരിച്ചുനിന്ന നാട്ടുമാവിന്റെ പേരാണ് അലവിമൂച്ചി. റോഡ് വികസനത്തിന്റെ ഭാഗമായി പാതയോരത്തെ മരങ്ങള്‍ മുറിച്ചുമാറ്റുന്ന കൂട്ടത്തിലാണ് ഈ മരവും മുറിച്ചുമാറ്റിയത്. മംഗലംകാപ്പുമുതല് അഞ്ചാംമൈല്വരെ നൂറോളം മരങ്ങള്‍ മുറിച്ചെങ്കിലും ആര്‍ക്കും ഇത്ര വേദനിച്ചില്ല. പക്ഷേ, നാട്ടുമാവിന്റെ ശിഖരങ്ങള്‍ നിലംപൊത്തിയപ്പോള്‍ കുറെ മനുഷ്യര്‍ നിശബ്ദരായി അകലെ കാത്തുനിന്നു.
പഴയ തലമുറയുടെ വിശപ്പകറ്റിയും പല തലമുറകള്‍ക്ക് തേനൂറും രുചിപകര്ന്നും നിലകൊണ്ട മരമുത്തശ്ശനെ യാത്രയാക്കാന്‍. നാലാള് ചേര്ന്നുപിടിച്ചാല് വട്ടമെത്താത്ത കൂറ്റന്‍മാവ് ഞൊടിയിടയില്‍ അപ്രത്യക്ഷമായി. അവര്‍ കണ്ണുകള്‍ ഇറുക്കിയടച്ചു. വലിയ ശബ്ദത്തോടെ തടി നിലംപൊത്തിയപ്പോള്‍ തിരിഞ്ഞൊരു നോട്ടമെറിയാതെ ഏവരും തിരിഞ്ഞുനടന്നു. അത്രമേല്‍ വൈകാരികമായൊരു അടുപ്പമായിരുന്നു അലവിമൂച്ചിയും ചുള്ളിയോട് പ്രദേശവാസികളും തമ്മിലുണ്ടായിരുന്നത്.
ഒരിക്കല്‍ കഴിച്ചാല്‍ നാവില്‍ തങ്ങിനില്ക്കുന്ന രുചിയാണ് അലവിമൂച്ചിയുടെ മാമ്പഴത്തിന്. നാട്ടില്‍ മാമ്പഴമില്ലാത്ത സീസണുകളിലും അലവിമൂച്ചി നിറയെ കായ്ക്കും. ചെറിയ കോഴിമുട്ടയുടെ വലിപ്പമുള്ള മാമ്പഴം പെറുക്കാന്‍ കുട്ടികള്‍വരും. പുലര്‍ച്ചെ ഈ മരത്തിന് ചുവട്ടില്‍ മാമ്പഴം ശേഖരിക്കാനെത്താത്ത ചുള്ളിയോട്ടുകാര് കുറവാണ്. അതുകൊണ്ടാണ് അലവിമൂച്ചി ഓര്‍മയായി എന്ന തലക്കെട്ടില്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ നിറഞ്ഞത്. പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ മരത്തെക്കുറിച്ച് ഓര്മ പങ്കുവെച്ചു. വികസനം കാലത്തിന്റെ അനിവാര്യതയെന്ന തിരിച്ചറിവില്‍ അലവമൂച്ചിക്ക് വിടചൊല്ലി.
പേരിനുപിന്നിലെ കഥ
അലവിമൂച്ചിയെന്ന പേരിനുപിന്നില്‍ പതിറ്റാണ്ടുകള്‍ പഴക്കമുള്ള കഥയുണ്ട്. തൊവരിമല എസ്റ്റേറ്റില്‍ ജോലിക്കെത്തിയ മലപ്പുറം കുന്നുമ്മല്‍ സ്വദേശിയായ അലവിയും മാവും തമ്മിലുളള ബന്ധത്തില്‍നിന്നാണ് വ്യത്യസ്തമായ നാമം കൈവരുന്നത്. മാമ്പഴക്കാലത്ത് അലവി അതിരാവിലെ ചാക്കുമായെത്തി മാമ്പഴം ശേഖരിക്കും. തൊവരിമലയിലെ എസ്റ്റേറ്റ് പാടികളില്‍ കൊണ്ടുപോയി വില്‍ക്കും. മാമ്പഴക്കാലമായാല്‍ അലവിയുടെ അധികവരുമാനമായിരുന്നു ഈ കച്ചവടം. അലവിയും മാവും തമ്മിലുള്ള ബന്ധത്തിന്റെ ഓര്‍മയ്ക്ക് നാട്ടുകാര്‍ ചാര്‍ത്തിയ പേരാണ് അലവിമൂച്ചി. അധികമാര്ക്കുമറിയാതിരുന്ന ഈ കഥകള്‍ തേടിപ്പിടിച്ച് പുറംലോകത്തെത്തിച്ചത് ചുള്ളിയോട് പ്രവാസിസംഘം പ്രസിഡന്റ് ഹമീദ് കൂരിയാടനും സഹപ്രവര്‍ത്തകരും ചേര്‍ന്നാണ്.
Content Highlights: Mango tree named 'Alavimoochi' cut down for development purpose
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..