പ്രതീകാത്മക ചിത്രം | Photo-Gettyimage
കഴിഞ്ഞ അഞ്ചുവര്‍ഷക്കാലയളവില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉത്പാദിപ്പിച്ചത് കൊക്ക-കോളയെന്ന് റിപ്പോര്‍ട്ട്. പെപ്സിക്കോ, നെസ്ലെ എന്നീ ബഹുരാഷ്ട്ര കമ്പനികളാണ് മലിനീകരണത്തില്‍ രണ്ടും മൂന്നും സ്ഥാനത്ത്. 'ബ്രേക്ക് ഫ്രീ ഫ്രം പ്ലാസ്റ്റിക്' ഗ്ലോബല്‍ ബ്രാന്‍ഡ് ഓഡിറ്റ് റിപ്പോര്‍ട്ട് 2022-ലാണ് ഇത് സംബന്ധിച്ച് വിവരങ്ങളുള്ളത്. പരിസ്ഥിതി സംരക്ഷണത്തിലൂടെ ആഗോളതാപനം നിയന്ത്രിക്കാനായി നടത്തിയ COP-27 കാലാവസ്ഥാ ഉച്ചകോടിയുടെ സ്പോണ്‍സര്‍മാരിലൊരാളാണ് കൊക്ക-കോള.
കഴിഞ്ഞ് അഞ്ച് വര്‍ഷത്തിലും മാലിന്യം ഉത്പാദിപ്പിക്കുന്നവരില്‍ കൊക്ക-കോളയാണ് മുന്നില്‍. 2021-നെ അപേക്ഷിച്ച് മാലിന്യ ഉത്പാദനത്തില്‍ 63ശതമാനം വര്‍ധനവാണ് കൊക്ക കോളയുടെ ഉത്പന്നങ്ങളില്‍ മാത്രമുണ്ടായത്. 2022-ലെ കണക്കനുസരിച്ച് പെപ്സിക്കോ, സി.ജി ഫുഡ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, പെര്‍ഫെറ്റി വാന്‍ മെലെ (ആല്പന്ലിബേ, മെന്റോസ് തുടങ്ങിയവ പുറത്തിറക്കുന്ന ഫുഡ് കമ്പനി) എന്നിവരാണ് ഇന്ത്യയില്‍ പ്ലാസ്റ്റിക് മലീനീകരണത്തില്‍ മുന്നില്‍. 2021 ല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ മാലിന്യം ഉത്പാദിപ്പിച്ചത് കര്‍ണാടക മില്‍ക്ക് ഫെഡറേഷനായിരുന്നു
കഴിഞ്ഞ അഞ്ച് വര്‍ഷക്കാലമായി 11,000 ആഗോള സംഘടനകള്‍ രണ്ട് ലക്ഷത്തിലധികം വരുന്ന വോളണ്ടിയര്‍മാരുടെ സഹായത്തോടെ ലോകത്തിന്റെ വിവിധഭാഗങ്ങളിലെ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് നടത്തിയ പഠന റിപ്പോര്‍ട്ടിന്റെ ക്രോഡീകരണമാണ് 'ബ്രേക്ക് ഫ്രീ ഫ്രം പ്ലാസ്റ്റിക്' ഗ്ലോബല്‍ ബ്രാന്‍ഡ് ഓഡിറ്റ് റിപ്പോര്‍ട്ട്.
പോളിയീതലെയ്ന്‍ ടെറാഫ്ത്തലേറ്റ് (പിഇറ്റി-PET), ഹൈ ഡെന്‍സിറ്റി പോളീയീതലെയ്ന്( HDPE) , പോളിവിനൈല്‍ ക്ലോറൈഡ്( PVC) തുടങ്ങിയ ഇനം പ്ലാസ്റ്റിക്കുകളുടെ കൂടിയ സാന്നിധ്യമാണ് കഴിഞ്ഞ അഞ്ചു വര്‍ഷ കാലയളവില്‍ ഇന്ത്യയില്‍ കണ്ടെത്തിയത്. ഫോസില്‍ ഇന്ധനങ്ങളുടെ സഹായത്തോടെയാണ് ഇതില്‍ ഭൂരിഭാഗവും വരുന്ന പ്ലാസ്റ്റിക്കുകള്‍ തയ്യാറാക്കുന്നത്.
ഈ വര്‍ഷം ഈജിപ്തില്‍ നടന്ന COP- 27 ആഗോള കാലാവസ്ഥാ ഉച്ചകോടിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുക എന്നതായിരുന്നു. അതേ സമയം ഉച്ചകോടിയില്‍ കൊക്ക കോള സ്പോണ്‍സര്‍ഷിപ്പിനെ തുടര്‍ന്ന് പ്രതിഷേധമുയര്‍ന്നിരുന്നു.
Content Highlights: major companies among plastic polluters in last five years
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..