ലോലിത എന്ന കൊലയാളി തിമിംഗല പ്രദർശത്തിനിടെ | Photo: twitter.com/peta
അഭ്യാസപ്രകടനങ്ങള്‍ കൊണ്ട് തന്നെ കാണാനെത്തുന്നവരെ സന്തോഷിപ്പിച്ചും വിസ്മയിപ്പിച്ചും ഫ്ളോറിഡയിലെ മിയാമി സീക്വേറിയത്തില്‍ കഴിഞ്ഞ 52 വര്‍ഷമായി ലോലിതയുണ്ട്. ആഴക്കടലില്‍ ആയിരം അടി വരെ വരെ നീന്താന്‍ കെല്‍പ്പുള്ള ആ സമുദ്ര ജീവി കേവലമൊരു കൃത്രിമജലാശയത്തില്‍ ജീവിച്ചുതീര്‍ത്തത് അരനൂറ്റാണ്ട് കാലം. അവളോളം ഏകാന്തതയറിഞ്ഞ മറ്റൊരു ജലജീവിയുണ്ടാകുമോ? ലോലിതയുടെ അഭ്യാസപ്രകടനങ്ങള്‍ക്ക് ആരാധകരേറെയായിരുന്നു. അവളോട് ഇഷ്ടം തോന്നിയവര്‍ വീണ്ടും വീണ്ടും സീക്വേറിയത്തിലെത്തിയപ്പോള്‍ മറ്റു ചിലര്‍ കടലിന്റെ വിശാലതയിലേക്കുള്ള മോചനത്തിനായി വര്‍ഷങ്ങളോളം യത്‌നിച്ചു. ആ പോരാട്ടങ്ങള്‍ക്ക് പരിസമാപ്തിയാവുകയാണ്. പരിസ്ഥിതി സ്നേഹികളുടെയും സന്നദ്ധസംഘടനകളുടേയും ദീര്‍ഘ നാളുകളായുള്ള ആവശ്യം ഒടുവില്‍ ലക്ഷ്യം കണ്ടിരിക്കുന്നു.
മെരുക്കി വളര്‍ത്തിയതില്‍ ഏറ്റവും പ്രായം കൂടിയ ആ ഓര്‍ക്ക തിമിംഗലം 57-ാം വയസില്‍ വീണ്ടും കടലിലേക്കുള്ള യാത്രാ ഒരുക്കത്തിലാണ്, ഇനിയൊരു തിരിച്ചുവരവില്ലാതെ. അടുത്ത രണ്ടുവര്‍ഷങ്ങള്‍ക്കുള്ളില്‍ ലോലിതയെ മോചിപ്പിക്കുമെന്നാണ് സീക്വേറിയം അധികൃതര്‍ അറിയിച്ചത്. സാലിഷ് സമുദ്രത്തിലേക്കാകും ലോലിതയെ മോചിപ്പിക്കുക.
കിസ്‌കയുടെ മരണവും ലോലിതയുടെ മോചനവും
നീണ്ട നാള്‍ ഏകാന്ത വാസം അനുഭവിച്ചിരുന്ന കാനഡയിലെ കിസ്‌ക എന്ന ഓര്‍ക്ക തിമിംഗലം ചത്തത് വലിയ വാര്‍ത്തയായിരുന്നു. 1979-ല്‍ പിടികൂടിയ കിസ്‌ക ഒരു ദശാബ്ദത്തിലേറെയായി കാനഡയിലെ മറൈന്‍ലാന്‍ഡ് തീംപാര്‍ക്കില്‍ ഒറ്റയ്ക്കായിരുന്നു. കൂട്ടില്‍ തലയിടിച്ചും മറ്റും സ്വയം മുറിവേല്‍പ്പിക്കുന്ന കിസ്‌കയുടെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിടക്കം വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. ഇത്തരത്തില്‍ ഇവയുടെ മോചനങ്ങള്‍ക്കായി ഒരു വലിയ വിഭാഗം മുറവിളി കൂട്ടുന്നതിനിടയിലാണ് ലോലിതയുടെ മോചന പ്രഖ്യാപനം. 2021-ല്‍ സീക്വേറിയത്തിന്റെ നടത്തിപ്പ് ചുമതല ദി ഡോള്‍ഫിന്‍ കമ്പനി ഏറ്റെടുക്കുന്നതോടെയാണ് മോചന ആവശ്യം അധികൃതര്‍ അംഗീകരിച്ചത്.
മെരുക്കപ്പെട്ട കൊലയാളി തിമിംഗലങ്ങള്‍ ലോകമെമ്പാടും വന്‍തോതില്‍ ചത്തൊടുങ്ങിയതും പ്രതിഷേധ സ്വരങ്ങള്‍ക്കിടയാക്കി. ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം കൂട്ടിലടക്കപ്പെട്ടതില്‍ 174- ഓളം ഓര്‍ക്കകള്‍ ചത്തതായാണ് കണക്കുകള്‍. അമേരിക്കയിലുള്ള സീവേള്‍ഡില്‍ മാത്രം 18 ഓര്‍ക്കകള്‍ മെരുക്കപ്പെട്ട നിലയിലുണ്ട്.
കടലാഴങ്ങളില്‍ നിന്ന് സീക്വേറിയത്തിലേക്ക്
ഓര്‍ക്ക തിമിഗംലങ്ങള്‍ വന്‍തോതില്‍ വേട്ടയാടപ്പെട്ട 1970-കളിലാണ് ലോലിത മിയാമി സീക്വേറിയത്തിലെത്തുന്നത്. പിടികൂടുമ്പോള്‍ നാല് വയസ്സ് മാത്രമായിരുന്നു ലോലിതയ്ക്ക് പ്രായം.ലോലിതയോടൊപ്പം എട്ട്
ഓര്‍ക്ക തിമിംഗലങ്ങളെ കൂടി പിടികൂടിയിരുന്നു. പിടികൂടിയവര്‍ പിന്നീട് മിയാമി സീക്വേറിയത്തിന് ലോലിതയെ വില്‍ക്കുകയായിരുന്നു. മറ്റൊരു സതേണ്‍ റെസിഡന്റ് വെയിലായ ഹ്യൂഗോയൊടൊപ്പമായിരുന്നു അന്ന് ലോലിതയുടെ പ്രദര്‍ശനങ്ങള്‍ നടന്നിരുന്നത്. എന്നാല്‍ 1980-ല്‍ സീക്വേറിയത്തില്‍ നിരന്തരം തലയിടിച്ച് ഹ്യൂഗോ പ്രാണന്‍ വെടിഞ്ഞു. ലോലിതയുടെ ഏകാന്തദിനങ്ങള്‍ ആരംഭിച്ചത് അവിടെ നിന്നാണ്. മറ്റൊരു കൂട്ടില്ലാതെ ഏകാന്തതയില്‍ ലോലിത പിന്നിട്ടത് നാല് പതിറ്റാണ്ട് കാലമാണ്. 20 അടിയോളം നീളമുള്ള ലോലിതയ്ക്ക് വളരെ ചെറിയ സ്ഥലം മാത്രമായിരുന്നു ആ സീക്വേറിയത്തില്‍ ആകെ അനുവദിക്കപ്പെട്ടത്. മിയാമി സീക്വേറിയത്തിലെ മൃഗങ്ങള്‍ക്ക് മതിയായ രീതിയിലുള്ള പരിചരണം നല്‍കുന്നില്ലെന്ന് യുണൈറ്റ്ഡ് സ്റ്റേറ്റ്സ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് അഗ്രികള്‍ച്ചര്‍ ഇന്‍സ്പെക്ഷന്‍ കണ്ടെത്തിയിരുന്നു.
മുന്നൊരുക്കങ്ങള്‍
മോചിപ്പിച്ചതിന് ശേഷം 24 മണിക്കൂര്‍ നേരത്തേക്ക് ലോലിത നിരീക്ഷണത്തിലാവും. അതിനായി വാഷിങ്ടണിന്റെയും കാനഡയുടെയും ഇടയിലുള്ള ഒരു സമുദ്ര സാങ്ച്വറിയില്‍ ലോലിതയെ പാര്‍പ്പിക്കും. വര്‍ഷങ്ങളായി പാര്‍ക്കിലെ ജീവനക്കാര്‍ നല്‍കുന്ന ഭക്ഷണമാണ് ലോലിത കഴിക്കുന്നത്. അതിനാല്‍ ഇവിടെ വെച്ച് തിമിംഗല വിദഗ്ധര്‍ ഇരപിടിക്കാനും മറ്റും ലോലിതയ്ക്ക് പരിശീലനം നല്‍കും. പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നത് വരെ ഈ തിമിംഗലത്തെ നിരീക്ഷണത്തില്‍ വെക്കും.
അമ്മയ്‌ക്കൊപ്പം ഒത്തുചേരുമോ?
ലോലിതയുടെ അമ്മയെന്ന് കരുതപ്പെടുന്ന 90 വയസ്സോളം പ്രായമുള്ള ഓഷ്യന്‍സണ്‍ എന്ന വിളിപ്പേരുള്ള ഓര്‍ക്ക ഇപ്പോഴും കടലില്‍ ഉണ്ടെന്നാണ് കരുതുന്നത്. അതിനാല്‍ സ്വതന്ത്ര്യയാവുന്നതോടെ ലോലിത അമ്മ തിമിംഗലത്തിനൊപ്പം ഒത്തുചേരാന്‍ സാധ്യതയുള്ളതായി വിലയിരുത്തപ്പെടുന്നു. ലോലിതയുടെ മോചനത്തിനായി ശബ്ദമുയര്‍ത്തിയവരില്‍ താരങ്ങളായ ജോണി ഡെപ്പുള്‍പ്പെടെയുള്ളവരുണ്ടായിരുന്നു. 21-ാം നൂറ്റാണ്ടിലാണ് വന്‍തോതില്‍ പരിശീലനം നല്‍കി ഓര്‍ക്ക തിമിംഗലങ്ങളെ പ്രദര്‍ശനങ്ങള്‍ക്ക് ഉപയോഗിച്ച് തുടങ്ങിയത്.
വംശനാശഭീഷണി നേരിടുന്നവര്‍
കൊലയാളി തിമിംഗലങ്ങളെന്നാണ് അറിയപ്പെടുന്നതെങ്കിലും ഡോള്‍ഫിന്‍ കുടുംബത്തിലാണ് ഇക്കൂട്ടര്‍ ഉള്‍പ്പെടുന്നത്. നോര്‍ത്ത് പസഫിക് സമുദ്രമാണ് പ്രധാന ആവാസവ്യവസ്ഥ. സമുദ്രങ്ങളില്‍ ഈ കൊലയാളി തിമിംഗലം മനുഷ്യരെ കൊന്നതായി തെളിവുകളില്ല. 2005-ലാണ് ഈ വിഭാഗത്തില്‍പ്പെടുന്ന കൊലയാളി തിമിംഗലങ്ങളെ വംശനാശ ഭീഷണി നേരിടുന്ന വിഭാഗക്കാരായി പ്രഖ്യാപിച്ചത്.
വളരെ ബുദ്ധിസാമര്‍ത്ഥ്യമുള്ള ജീവി വിഭാഗം കൂടിയാണ് ഓര്‍ക്ക തിമിംഗലങ്ങള്‍. ചെറു സംഘങ്ങളായിട്ടാകും ഓര്‍ക്ക തിമിംഗലങ്ങള്‍ കാണപ്പെടുക.ആണ്‍ തിമിംഗലങ്ങള്‍ക്ക് 9,800 കിലോഗ്രാം വരെ ഭാരമുണ്ടാകും. കണ്ണാടിയില്‍ നോക്കി സ്വയം തിരിച്ചറിയാവുന്ന അപൂര്‍വം ജീവി വിഭാഗങ്ങളിലൊന്ന് കൂടിയാണിവ. 90 ശതമാനം സമയവും സമുദ്രത്തിലാകും ഓര്‍ക്കകള്‍ സമയം ചെലവഴിക്കുക. പെണ്‍ തിമിംഗലങ്ങള്‍ക്ക് ആണ്‍ തിമിംഗലങ്ങളെക്കാള്‍ ഭാരം കുറവുമായിരിക്കും.
Content Highlights: lolita worlds oldest killer whale in captivity maybe set free after 52 years
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..