പ്രതീകാത്മക ചിത്രം | Photo-Gettyimage
1.9 മില്ല്യണ്‍ സ്‌ക്വയര്‍ കിലോമീറ്റര്‍ തീര പ്രദേശങ്ങളിലെ ആവാസവ്യവസ്ഥയെ മനുഷ്യ നിര്‍മിതമായ കൃത്രിമ വെളിച്ചങ്ങള്‍ ഹാനികരമായി ബാധിക്കുന്നുവെന്ന് കണ്ടെത്തല്‍. യൂണിവേഴ്‌സിറ്റി ഓഫ് പ്ലിമത്ത്, പ്ലിമത്ത് മറൈന്‍ ലബോറട്ടറി, ദി ആര്‍ട്ടിക് യൂണിവേഴ്‌സിറ്റി ഓഫ് നോര്‍വേ എന്നിവിടങ്ങളിലെ ഗവേഷകരുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. കൃത്രിമ വെളിച്ചം മനുഷ്യരുടെ ആരോഗ്യം, കരയിലെ ആവാസവ്യവസ്ഥ എന്നിവയെ ബാധിക്കുമെന്നത് സംബന്ധിച്ച് നേരത്തെ സംശയങ്ങള്‍ നിലനിന്നിരുന്നു.
എന്നാല്‍ സയന്റിഫിക് അമേരിക്കനില്‍ പ്രസിദ്ധീകരിച്ച ലേഖനമനുസരിച്ച് ഇത്തരത്തിലുള്ള കൃത്രിമ വെളിച്ചങ്ങള്‍ സമുദ്ര ജീവികളെയും ബാധിക്കുമെന്ന് കണ്ടെത്തി. കെട്ടിടങ്ങള്‍, ബോട്ട് എന്നിവിടങ്ങളില്‍ നിന്നും വരുന്ന വെളിച്ചം ഉള്‍സമുദ്രത്തിലേക്കും വളരെ വേഗത്തില്‍ യാത്ര ചെയ്യും. ഇത് സ്വാഭാവിക ആവാസവ്യവസ്ഥയ്ക്ക് തടസ്സമാകുന്നു.
1.9 മില്ല്യണ്‍ സ്‌ക്വയര്‍ കിലോമീറ്റര്‍ തീര പ്രദേശത്ത് ഏകദേശം ഒരു മീറ്റര്‍ ആഴത്തില്‍ കൃത്രിമ വെളിച്ചം രൂക്ഷമായി ബാധിക്കുന്നുണ്ട്. തീരദേശ നഗരങ്ങളുടെ സമീപത്തായുളള 75 ശതമാനത്തോളം കടലും പ്രകാശ മലിനീകരണത്തിന് ഇരയാകുന്നുണ്ട്.
സമുദ്ര ജീവികളില്‍ ഏറിയ പങ്കും നിലാ വെളിച്ചത്തിലാണ് ആഹാരം തേടുന്നത്. കൃത്രിമ വെളിച്ചം ആഹാര ലഭ്യത കുറയ്ക്കുന്നു. ആഹാരമന്വേഷിക്കുന്നത് മാത്രമല്ല ഇരയില്‍ നിന്ന് രക്ഷതേടല്‍, പ്രത്യുത്പാദനം, ഉറക്കം എന്നിവയ്ക്ക് പ്രക്യതിദത്ത വെളിച്ചത്തെയാണ് സമുദ്ര ജീവികള്‍ ആശ്രയിക്കുന്നത്. എന്നാല്‍ വെളിച്ചം ഇതിന് തടസ്സം സൃഷ്ടിക്കുന്നു.
കൃത്രിമ വെളിച്ചങ്ങള്‍ സ്വാഭാവികമായ ആവാസവ്യവസ്ഥയെ തകിടം മറിക്കുന്നു. അധികമായി എത്തുന്ന വെളിച്ചം അമിതമായ തോതില്‍ ചൂട് സംഭാവന ചെയ്യുന്നു. ഇത് കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്നു.
തടാകങ്ങളിലും മറ്റും വെളിച്ച മലിനീകരണം സൂപ്ലാങ്കടണ്‍ പോലെയുള്ളവയെ തടയും. ഇത് ആല്‍ഗകളുടെ എണ്ണം പെരുകാന്‍ കാരണമാകുകയും അതു വഴി ജലത്തിലെ ഗുണനിലവാര തോത് കുറയുകയും ചെയ്യും. കൃത്രിമ വെളിച്ചങ്ങള്‍ സമുദ്രങ്ങളിലെ സസ്യങ്ങള്‍ക്കും ഹാനികരമാകുന്നുണ്ട്.
Content Highlights: light pollution becomes threat for oceans
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..