പ്രതീകാത്മക ചിത്രം | Photo-Gettyimage
പാരീസ്: ആഗോളതലത്തില്‍ നാം പിന്നിട്ടത് റെക്കോഡ് ചൂട് വര്‍ഷങ്ങളെന്ന് യൂറോപ്യന്‍ യൂണിയന് റിപ്പോര്‍ട്ട്. 2020-നു ശേഷം, കഴിഞ്ഞ എട്ടു വര്‍ഷങ്ങളായിരുന്നു ആഗോളതലത്തില്‍ കൂടുതൽ ചൂട് രേഖപ്പെടുത്തിയ വര്‍ഷങ്ങള്‍. എൽ നിനോ പ്രതിഭാസവും റെക്കോഡ് ചൂട് വര്‍ഷങ്ങള്‍ രേഖപ്പെടുത്തുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നാണെന്ന് യൂറോപ്യന്‍ യൂണിയന്റെ കാലാവസ്ഥാ നിരീക്ഷണ സംവിധാനം പറയുന്നു. 19-ാം നൂറ്റാണ്ടില്‍ അന്തരീക്ഷ ഊഷ്മാവ് രേഖപ്പെടുത്താന്‍ തുടങ്ങിയതിന് ശേഷമുള്ള അഞ്ചാമത്തെ ചൂടേറിയ വര്‍ഷമായിരുന്നു 2022 എന്നും കോപ്പര്‍നിക്കസ് ക്ലൈമറ്റ് ചേഞ്ച് സര്‍വീസില്‍ പറയുന്നു.
പാക്കിസ്താനും വടക്കെ ഇന്ത്യയും കഴിഞ്ഞ രണ്ടു മാസക്കാലയളവില്‍ അഭിമുഖീകരിച്ചതു റെക്കോഡ് ഉഷ്ണതാപമാണ്. രണ്ടു പ്രദേശങ്ങളിലും താപനില 40 ഡിഗ്രി സെല്‍ഷ്യസ് കടക്കുന്ന സാഹചര്യവുമുണ്ടായി. തൊട്ടുപിന്നാലെ പ്രളയവും പാക്കിസ്താന് അഭിമുഖീകരിക്കേണ്ടി വന്നു. പുത്തന്‍ റെക്കോഡുകളുടേത് കൂടിയായിരുന്നു 2022. ഫ്രാന്‍സ്, ബ്രിട്ടന്, സ്പെയിന്, ഇറ്റലി എന്നിവിടങ്ങളില്‍ 2022-ല്‍ റെക്കോഡ് ശരാശരി താപനില രേഖപ്പെടുത്തുകയുണ്ടായി. രേഖപ്പെടുത്താന്‍ തുടങ്ങിയതിന് ശേഷമുള്ള ചൂടേറിയ രണ്ടാം വര്‍ഷമാണ് യൂറോപ്പും അഭിമുഖീകരിച്ചത്.
ഉഷ്ണതാപങ്ങള്ക്ക് പുറമേ വരള്‍ച്ചാ സംഭവങ്ങളും 2022-ല്‍ രേഖപ്പെടുത്തപ്പെട്ടു. 30 വര്‍ഷത്തിനിടെ ആഗോള ശരാശരിയെ അപേക്ഷിച്ച് രണ്ടിരിട്ടി താപനില വര്‍ധനവാണ് യൂറോപ്പില്‍ രേഖപ്പെടുത്തിയത്. യൂറോപ്പിലും ആഗോളതലത്തിലും കാലാവസ്ഥാ പ്രതിസന്ധികളുടെ കൂടി വര്‍ഷമായിരുന്നു 2022. നാമിപ്പോള്‍ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന കാലാവസ്ഥാ പ്രതിസന്ധികളുടെ തെളിവ് കൂടിയായി ഇത് കണക്കാക്കപ്പെടുന്നു. ചൈനയിലും പടിഞ്ഞാറന്‍ യൂറോപ്പിലും കാലാവസ്ഥാ പ്രതിസന്ധി കൃഷി, ജലവിതരണം, ഊര്‍ജം എന്നിവയെയും ബാധിച്ചു.
ഭൂമിയുടെ ധ്രുവപ്രദേശങ്ങളിലും (Polar Region) കടുത്ത ചൂട് വില്ലനായി. കിഴക്കന്‍ അന്റാര്‍ട്ടിക്കയുടെ ഉള്‍പ്രദേശത്ത് ഉയർന്ന താപനില 17.7 ഡിഗ്രി സെല്‍ഷ്യസായി രേഖപ്പെടുത്തി. 65 വര്‍ഷത്തിനിടെ രേഖപ്പെടുത്തിയതില്‍വെച്ച് ചൂടേറിയ താപനിലയായിരുന്നു ഇത്. ഗ്രീന്‍ലന്‍ഡില്‍ സെപ്റ്റംബറില്‍, ശരാശരിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 8 ഡിഗ്രി സെല്‍ഷ്യസിന്റെ അധിക വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇത് പ്രദേശത്ത് മഞ്ഞുപാളികള്‍ ഉരുകുന്നതിന് കാരണമാകുകയും അതു ആഗോള സമുദ്രനിരപ്പ് കൂട്ടുകയും ചെയ്തു.
2016, 2017, 2019, 2020 തുടങ്ങിയ വര്‍ഷങ്ങളിലാണ് ആഗോളതലത്തില്‍ ഏറ്റവും ചൂട് രേഖപ്പെടുത്തപ്പെട്ട വര്‍ഷങ്ങളെന്ന് കോപ്പര്‍നിക്കസ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ആഗോളതാപനത്തിന് ഗണ്യമായ സംഭാവന നല്കുന്ന കാര്‍ബണ്‍ ഡയോക്സൈഡ്, മീഥെയ്ന്‍ തുടങ്ങിയ ഹരിത ഗൃഹവാതകങ്ങളുടെ ബഹിര്‍ഗമനവും ഉയര്‍ന്ന തോതിലാണ്. ദശാബ്ദത്തിലെ ഏറ്റവും ഉയര്‍ച്ചയാണ് ഇരുവാതകങ്ങളുടെയും അന്തരീക്ഷ ബഹിര്‍ഗമനത്തില്‍ ആഗോളതലത്തില്‍ രേഖപ്പെടുത്തിയത്. കാര്‍ബണ്‍ ഡയോക്സൈഡ് അളവ് 417 പാര്‍ട്ട്സ് പെര് മില്ല്യണായി ഉയര്‍ന്നെങ്കില്‍ മീഥെയ്ന്‍ ബഹിര്‍ഗമനം 1,894 പാര്‍ട്സ് പെര് മില്ല്യണായി ഉയര്‍ന്നു.
Content Highlights: last eight years was the most warmest years globally
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..