കോഴിക്കോട്: വന്യമൃഗങ്ങളെ നിരീക്ഷിക്കാന്‍ പുതിയ അത്യാധുനിക നിരീക്ഷണ സംവിധാനങ്ങള്‍ വേണമെന്ന് കേരള വനം വന്യജീവി വകുപ്പിന്റെ നിര്‍ദേശം. മുഖ്യമന്ത്രിയ്ക്ക് സമര്‍പ്പിച്ച പഠന റിപ്പോര്‍ട്ടിലാണ് വന്യജീവി വകുപ്പ് ഈ നിര്‍ദേശം മുന്നോട്ട് വെച്ചിരിക്കുന്നത്.

ജനവാസ മേഖലകളിലേക്ക് വന്യജീവികള്‍ പ്രവേശിക്കുന്നത് മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്കുള്ള ശാശ്വത പരിഹാരം എന്ന നിലയിലാണ് അധികൃതര്‍ ഈ നിര്‍ദേശം മുന്നോട്ട് വെക്കുന്നത്. ഒരു കോടി രൂപ ഈ പദ്ധതിയ്ക്കായി ചിലവ് വരുമെന്നാണ് കണക്കാക്കുന്നത്. 

മൂന്നാര്‍, വാളയാര്‍, ആറളം എന്നീ മേഖലകളില്‍ 'അഡ്വാന്‍സ്ഡ് ഡിറ്റക്ഷന്‍ സംവിധാനം' സ്ഥാപിക്കാനാണ് പദ്ധതി. ആനയെപ്പോലുള്ള മൃഗങ്ങള്‍ നടക്കുമ്പോഴുള്ള ഭൂമിയുടെ കമ്പനം തിരിച്ചറിയുന്ന സീസ്മിക് സെന്‍സര്‍, മൃഗങ്ങളുടെ ശരീര താപനില ഉപയോഗിച്ച് അവയെ കണ്ടെത്താന്‍ സാധിക്കുന്ന തെര്‍മല്‍ ക്യാമറ പോലുള്ള ഉപകരണങ്ങൾ ഇവിടങ്ങളിൽ സ്ഥാപിക്കണമെന്നാണ് പഠനം നിർദേശിക്കുന്നത്.

കോയമ്പത്തൂര്‍, പാലക്കാട് റെയില്‍ പാതയിലെ വനമേഖലയില്‍ മൃഗങ്ങളുമായുള്ള തീവണ്ടി കൂട്ടിയിടി ഒഴിവാക്കാനും ആനകളും മറ്റ് വന്യ മൃഗങ്ങളും ജനവാസ മേഖലയിലേക്കിറങ്ങിയുള്ള ആളപായം ഒഴിവാക്കാനും ഈ പുതിയ സംവിധാനം സഹായിക്കുമെന്നാണ് വിലയിരുത്തല്‍. 

നിലവില്‍ ഉത്തരാഖണ്ഡിലെ രാജാജി ടൈഗര്‍ റിസര്‍വില്‍ ഈ സംവിധാനം പ്രയോഗത്തിലുണ്ട്.  കേന്ദ്ര വനംവകുപ്പും വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുമായി ചേര്‍ന്ന് ചണ്ഡിഗഡിലെ സെന്‍ട്രല്‍ സൈന്റിഫിക് ഇന്‍സ്ട്രുമെന്റേഷന്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷനാണ് ഇത് വികസിപ്പിച്ചത്.