സഹൽ
എടപ്പാൾ: അന്റാർട്ടിക്കയിലെ സാറ്റലൈറ്റ് പര്യവേക്ഷണസംഘത്തിൽ എടപ്പാൾ സ്വദേശിയും. പോത്തനൂരിലെ ദാറുൽ റിഫാഖത്തിലെ സഹലാണ് ഐ.എസ്.ആർ.ഒ.യുടെ സ്വന്തം ഗ്രൗണ്ട് സ്റ്റേഷനായ അന്റാർട്ടിക് ഗ്രൗണ്ട് എർത്ത് ഒബ്സർവേഷനി(എ.ജി.ഇ.ഒ.എസ്.)ൽ നടക്കുന്ന ഗവേഷണസംഘത്തിലുള്ളത്.
ബെംഗളൂരു ഐ.എസ്.ആർ.ഒ. ടെലിമെട്രി ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്വർക്കിൽ ശാസ്ത്രജ്ഞനായ ഇദ്ദേഹം നവംബറിലാണ് ഇന്ത്യൻ സാറ്റലൈറ്റിന്റെ നിയന്ത്രണത്തിനും ഡേറ്റ കൈകാര്യം ചെയ്യലിനുമായി അന്റാർട്ടിക്കയിലെ സ്റ്റേഷനിലെത്തിയത്. ഇവിടെ 1989-ൽ സ്ഥാപിച്ച മൈത്രീ സ്റ്റേഷനും 2012-ൽ സ്ഥാപിച്ച ഭാരതീസ്റ്റേഷനുമാണ് ഇന്ത്യക്കുള്ളത്. ഗോവ, ഹൈദരാബാദ് എന്നിവിടങ്ങളിലെ പ്രവർത്തനമികവിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇദ്ദേഹത്തിന് പുതിയ ദൗത്യം ലഭിച്ചത്.
സാറ്റലൈറ്റുകളുടെയും ലോഞ്ച് വെഹിക്കിളുകളുടെയും ട്രാക്കിങ് ആണ് ഇവിടെ പ്രധാന പ്രവർത്തനം. ഭൂമധ്യരേഖയിലുള്ളതിനേക്കാൾ കൃത്യതയാർന്ന നിരീക്ഷണവും ട്രാക്കിങും ഈ സ്റ്റേഷനിൽനിന്നാണ് സാധ്യമാകുന്നത്. ഒരു വർഷം നീളുന്ന ദൗത്യത്തിൽ സഹലടക്കം അഞ്ചു പേരാണുള്ളത്. വളയംകുളം അസബാഹ് കോളേജ് പ്രിൻസിപ്പൽ എം.എൻ. മുഹമ്മദ് കോയയുടെയും കോഴിക്കോട് ഗവ. എൻജിനിയറിങ് കോളേജ് പ്രൊഫസർ സി.എം. സാജിതയുടെയും മകനാണ്.
പൊന്നാനി വിജയമാത സ്കൂൾ, എടപ്പാൾ ഐ.എച്ച്.ആർ.ഡി. കോളേജ് എന്നിവിടങ്ങളിലെ പഠനത്തിനുശേഷം തിരുവന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പെയ്സ് സയൻസ് ആൻഡ് ടെക്നോളജിയിൽനിന്നാണ് എൻജിനിയറിങ് ബിരുദമെടുത്തത്. പിന്നീട് ഐസറിൽനിന്ന് ഫിസിക്സ് ഇന്റഗ്രേറ്റഡ് എം.എസ്. പൂർത്തിയാക്കി.
Content Highlights: keralite sahal in antarctican expedition team
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..