റിച്ചഡ് ലീക്കി
നയ്‌റോബി: ലോകപ്രസിദ്ധനായ കെനിയന്‍ പരിസ്ഥിതി പ്രവര്‍ത്തകനും പാലിയോ ആന്ത്രപ്പോളജിസ്റ്റുമായ റിച്ചഡ് ലീക്കി (77) ഞായറാഴ്ച അന്തരിച്ചു. കൊമ്പിനായി ആനകളെ വേട്ടയാടുന്നതിനെതിരേ നടത്തിയ ശക്തമായ പോരാട്ടമാണ് അദ്ദേഹത്തെ ലോകപ്രസിദ്ധനാക്കിയത്. മനുഷ്യവംശത്തിന്റെ പിറവി ആഫ്രിക്കയിലാണെന്ന് സ്ഥിരീകരിക്കുന്നതില്‍ അദ്ദേഹം നടത്തിയ പഠനങ്ങള്‍ വലിയ സംഭാവന നല്‍കി.
മാതാപിതാക്കളുടെ പാത പിന്തുടര്‍ന്നാണ് ഫോസിലുകളെക്കുറിച്ചും പുരാതന ആയുധങ്ങളെക്കുറിച്ചും പഠിച്ച് മനുഷ്യപരിണാമത്തിന്റെ ചരിത്രംതേടിയുള്ള അദ്ദേഹത്തിന്റെ യാത്രയുടെ തുടക്കം. പാലിയന്റോളജിസ്റ്റുമായ ലൂയിയും മേരി ലീക്കിയുമാണ് മാതാപിതാക്കള്‍. മനുഷ്യന്റെ പൂര്‍വികവിഭാഗങ്ങളിലൊന്നായ ഹോമോ ഇറക്ടസുകളുടെ ആവിര്‍ഭാവത്തെക്കുറിച്ച് അദ്ദേഹം പഠനങ്ങളിലൂടെ വിശദീകരിച്ചു.
1980-കളില്‍ കെനിയന്‍ വൈല്‍ഡ് ലൈഫ് സര്‍വീസ് തലവനായിരിക്കെയാണ് ആനക്കൊമ്പുവേട്ടയ്‌ക്കെതിരായ പ്രചാരണം തുടങ്ങിയത്. ആനകളും കണ്ടാമൃഗങ്ങളും വ്യാപകമായി വേട്ടയാടപ്പെട്ട കാലമായിരുന്നു ഇത്. വേട്ടക്കാരെ കാണുന്നമാത്രയില്‍ വെടിവെച്ചുകൊല്ലാന്‍ റേഞ്ചര്‍മാര്‍ക്ക് അദ്ദേഹം ഉത്തരവുനല്‍കി. കെനിയയുടെ ശേഖരത്തിലുണ്ടായിരുന്ന ആനക്കൊമ്പുകള്‍ പരസ്യമായി കത്തിച്ചുനശിപ്പിക്കുകയും ചെയ്തു.
നാഷണല്‍ മ്യൂസിയംസ് ഓഫ് കെനിയയുടെ ഡയറക്ടറായിരുന്നു. 1993-ലെ ഒരു വിമാനാപകടത്തില്‍ മുട്ടിനു താഴെ നഷ്ടമായി. കെനിയന്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചെങ്കിലും ശോഭിക്കാനായില്ല. കെനിയന്‍ സിവില്‍ സര്‍വീസ് തലപ്പത്തും ഏറെനാള്‍ പ്രവര്‍ത്തിച്ചു. രാജ്യത്തെ വ്യത്യസ്തമായി സേവിച്ച വ്യക്തിയാണദ്ദേഹമെന്ന് പ്രസിഡന്റ് ഉഹുരു കെനിയാത്ത പറഞ്ഞു.
Content Highlights: kenyan environmentalist richard leakey died
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..