പാലക്കാട്: കഞ്ചിക്കോട്ടെ പെപ്‌സി ഫാക്ടറിയില്‍ ഉത്പാദനം താത്കാലികമായി നിര്‍ത്തി. ഫെബ്രുവരി എട്ടുമുതല്‍ ഉത്പാദനം നിര്‍ത്തിവെച്ചതായാണ് വിവരം. ഉത്പാദനം നിര്‍ത്തിയതായി കമ്പനി സ്ഥിരീകരിക്കുന്നില്ല. ജല ഉപഭോഗം കുറച്ചതായാണ് കമ്പനിയുടെ വിശദീകരണം.

വെള്ളം വേണ്ടത്ര കിട്ടാത്തതിനെത്തുടര്‍ന്നാണ് പ്രവര്‍ത്തനം നിര്‍ത്തിയതെന്ന് തൊഴിലാളിസംഘടനകള്‍ പറയുന്നു. പ്രവര്‍ത്തനം നിര്‍ത്തിവെച്ച സാഹചര്യത്തില്‍ കരാര്‍തൊഴിലാളികള്‍ക്ക് മാസം 16 ദിവസം തൊഴിലോ തത്തുല്യമായ വേതനമോ വേണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടിട്ടില്ല. ബുധനാഴ്ച ഇതുമായി ബന്ധപ്പെട്ട് ജില്ലാ ലേബര്‍ ഓഫീസറുടെ സാന്നിധ്യത്തില്‍നടന്ന ചര്‍ച്ചയിലും സമവായമായില്ല. കരാര്‍തൊഴിലാളികളെ നല്കുന്ന സ്ഥാപനങ്ങളുടെ പ്രതിനിധികളും തൊഴിലാളിസംഘടനാ പ്രതിനിധികളും പങ്കെടുത്തു.

ആഴ്ചയില്‍ മൂന്നുദിവസം കരാര്‍തൊഴിലാളികള്‍ക്ക് ജോലി നല്കാമെന്ന നിര്‍ദേശമാണ് കരാര്‍ കമ്പനികളുടെ പ്രതിനിധികള്‍ മുന്നോട്ടുവച്ചതെന്ന് പെപ്‌സികോ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ (ഐ.എന്‍.ടി.യു.സി.) ജനറല്‍ സെക്രട്ടറി കെ. സുരേഷ് പറഞ്ഞു. 97 സ്ഥിരം ജീവനക്കാരും 246 കരാര്‍തൊഴിലാളികളുമുള്‍പ്പെടെ എഴുനൂറോളം പേരാണ് കഞ്ചിക്കോട്ടെ പെപ്‌സിയിലുള്ളത്.

വരള്‍ച്ച രൂക്ഷമായതോടെ കഞ്ചിക്കോട്ട് വ്യവസായമേഖലയില്‍ വെള്ളമുപയോഗിക്കുന്ന സ്ഥാപനങ്ങളുടെ ഉപഭോഗത്തില്‍ 75 ശതമാനം കുറവുവരുത്താന്‍ ദുരന്തനിവാരണസമിതിയും ജില്ലാ ഭരണകൂടവും നിര്‍ദേശിച്ചിരുന്നു. പെപ്‌സിക്ക് ദിവസം ആറുലക്ഷം ലിറ്റര്‍ വെള്ളമുപയോഗിക്കാന്‍ ഹൈക്കോടതിയുടെ അനുമതിയുണ്ട്. ഇപ്പോള്‍ ദുരന്തനിവാരണസമിതിയുടെ നിര്‍ദേശപ്രകാരം ദിവസം ഒന്നരലക്ഷം ലിറ്റര്‍ വെള്ളംമാത്രമാണ് ഉപയോഗിക്കാനാവുക. ഇത് ശേഖരിച്ച് ആഴ്ചയില്‍ മൂന്നുദിവസം ഉത്പാദനം നടത്താമെന്ന നിര്‍ദേശമാണ് കമ്പനി മുന്നോട്ടുവെയ്ക്കുന്നത്.

ജല ഉപഭോഗത്തിന്റെ കണക്ക് ശേഖരിക്കുന്നു

സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലെ വിവിധ സ്ഥാപനങ്ങളുടെ ജല ഉപഭോഗത്തിന്റെ കണക്ക് അടിയന്തരമായി ശേഖരിക്കാന്‍ നിര്‍ദേശിച്ചതായി കളക്ടര്‍ പറഞ്ഞു. ജലവിഭവവകുപ്പ്, ഭൂജലവകുപ്പ്, വാട്ടര്‍ അതോറിറ്റി എന്നിവ രണ്ടുനാള്‍ക്കകം കണക്ക് ശേഖരിക്കാനാണ് നിര്‍ദേശം. ജലം ഉപയോഗിക്കുന്നതിന്റെ കണക്കെടുക്കുമെന്ന് കഴിഞ്ഞദിവസം മന്ത്രി നിയമസഭയിലും പറഞ്ഞിരുന്നു.