കബനി നദി
മാനന്തവാടി: കാവേരിയുടെ പ്രധാന പോഷകനദികളിലൊന്നായ കബനിക്ക് ഖരമാലിന്യം ഭീഷണിയാവുന്നു. മാലിന്യംതള്ളുന്നതുമൂലം രൂപംകൊള്ളുന്ന പായലുകള്‍ ആവാസ വ്യവസ്ഥയ്ക്ക് ഭീഷണിയാകുന്നതായാണ് കണ്ടെത്തല്‍. പനമരം വലിയപുഴയില്‍ വ്യാപകമായി പായല്‍ കണ്ടെത്തിയത് പൊതുജനങ്ങളിലും പരിസ്ഥിതി പ്രവര്‍ത്തകരിലും ആശങ്കയുണ്ടാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് മാനന്തവാടി മേരിമാതാ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ ജന്തുശാസ്ത്രവിഭാഗം അസി. പ്രൊഫസര്‍ ഡോ. സനു വി. ഫ്രാന്‍സിസിന്റെ നേതൃത്വത്തിലുള്ളസംഘം പുഴയിലെ പായലിനെപ്പറ്റി പഠിച്ചത്. ബി. സജിന, പി.എല്‍. ലയ, പി.ജെ. പ്രബിന്‍ പ്രകാശ് എന്നിവരും പഠനത്തില്‍ പങ്കാളികളായി.
കഴിഞ്ഞ വര്‍ഷത്തിന് സമാനമായി ഇത്തവണയും പായല്‍ പടര്‍ന്നിരുന്നു. അനിയന്ത്രിതമായി മാലിന്യവും കൃഷിയിടങ്ങളില്‍ ഉപയോഗിക്കുന്ന വളവും ജലാശയങ്ങളില്‍ എത്തിച്ചേരുമ്പോള്‍ സംഭവിക്കുന്ന ആല്‍ഗെല്‍ ബ്ലൂം (Algal bloom ) പ്രതിഭാസമാണ് പനമരം പുഴയിലുണ്ടായതെന്ന് പഠനസംഘം പറഞ്ഞു. മാലിന്യവും രാസവളങ്ങളുടെഅംശവും പെരുകുമ്പോള്‍ ജലാശയങ്ങളില്‍ സ്വാഭാവികമായി വളരുന്ന സൂക്ഷ്മജീവികളായ ആല്‍ഗെകള്‍ക്ക് വലിയതോതില്‍ വളരാന്‍ അനുകൂല സാഹചര്യമുണ്ടാകുന്നു. ഇവ അനിയന്ത്രിതമായി പെരുകുന്നത് വെള്ളത്തിന്റെ നിറവും മണവും രുചിയും മാറുന്നതിന് കാരണമാകും. ബ്ലൂ ഗ്രീന്‍ ആല്‍ഗെ വിഭാഗത്തില്‍പ്പെടുന്നവയുടെ ക്രമാതീതമായ വര്‍ധന മനുഷ്യനും ജലജീവികള്‍ക്കും, വളര്‍ത്തുമൃഗങ്ങള്‍ക്കും ഒരുപോലെ ഹാനികരമാണ്. എന്നാല്‍ ഡിക്ടയോസ്ഫറിയം (Ditcyosphaeriyum ) ഗ്രീന്‍ ആല്‍ഗെകളുടെ സാന്നിധ്യമാണ് പനമരം പുഴയില്‍ കണ്ടെത്തിയത്. ഇവ പൊതുവെ മനുഷ്യര്‍ക്കും ജന്തുക്കള്‍ക്കും ഹാനികരമല്ലെതിനാല്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് പഠനസംഘം അഭിപ്രായപ്പെട്ടു.
ഓക്‌സിജന്‍ അളവ് കുറച്ച് ക്ലോറോക്കോക്ക്
ജലത്തിലെ ഓക്‌സിജന്റെ അളവ് ഗണ്യമായി കുറയാന്‍ കാരണമാകുന്ന ക്ലോറോക്കോക്ക് (Chlorococcum) ഗ്രീന്‍ ആല്‍ഗെയും പനമരം പുഴയില്‍ ക്രമാതീതമായി പെരുകിയിട്ടുണ്ട്. കുറഞ്ഞത് നാലുമുതല്‍ അഞ്ചു മില്ലിഗ്രാം ഓക്‌സിജന്‍ വരെ ഒരു ലിറ്റര്‍ വെള്ളത്തില്‍ അടങ്ങിയിട്ടുണ്ടെങ്കിലേ ആരോഗ്യമുള്ള ഒരു ആവാസ വ്യവസ്ഥയ്ക്ക് നിലനില്‍പ്പുള്ളു. പുഴയുടെ പലഭാഗത്തും ഓക്‌സിജന്റെ അളവ് ഒരുലിറ്ററില്‍ 3 .5 മില്ലിഗ്രാമിലും താഴെയാണ് എന്നത് ആശങ്കയുണ്ടാക്കുന്നു. മാലിന്യം വലിയതോതില്‍ പുഴയിലെത്തിയാല്‍ ആല്‍ഗെകള്‍ ക്രമാതീതമായി പെരുകി ഓക്‌സിജന്റെ അളവ് ഇല്ലാതാവുന്നതിനു വരെ കാരണമാകും. ഇത് ജലജീവികളുടെ ജീവന് ഭീഷണി ആവാനിടയുണ്ട്. കരമണ്ണിലാണ് ക്ലോറോക്കോക്ക് ഗ്രീന്‍ ആല്‍ഗെ സാധാരണമായി കാണപ്പെടുന്നത്. മണ്ണൊലിപ്പിലൂടെയും മറ്റും കരമണ്ണ് വ്യാപകമായി പുഴയിലെത്തിയതാവാം ഇതിനു കാരണമെന്നാണ് കരുതുന്നത്. വ്യാപകമായ മണ്ണെടുപ്പിന്റെ പരിണിത ഫലമാണിത്.
പ്രതിരോധിക്കണം ബ്ലൂ ഗ്രീന്‍ ആല്‍ഗെയെ
ഇപ്പോള്‍ ആശങ്കപ്പെടേണ്ടതില്ലെങ്കിലും പുഴയുടെ അവസ്ഥ പരിതാപകരമാണ്. പുഴയില്‍ കുമിഞ്ഞുകൂടിയ മാലിന്യവും കരിമണ്ണും നീരൊഴുക്ക് വര്‍ധിക്കുന്നതോടെ ഒലിച്ചുപോയാല്‍ വീണ്ടും സ്വാഭാവിക അവസ്ഥയിലെത്തും. എന്നാല്‍ പുഴയെ മാലിന്യത്തില്‍നിന്നും സംരക്ഷിച്ചില്ലെങ്കില്‍ സമീപ ഭാവിയില്‍ ബ്ലൂഗ്രീന്‍ ആല്‍ഗെ പോലുള്ള വിഷകാരികളായ ആല്‍ഗെകള്‍ പെരുകാനിടയുണ്ട്. പ്രധാന ജീവജല സ്രോതസ്സുകളായ നദികളെ സംരക്ഷിക്കാന്‍ അധികൃതരും പൊതുജനവും ഒരുപോലെ പ്രവര്‍ത്തിച്ചാലേ ഇവയുടെ ആരോഗ്യവും ആവാസവ്യവസ്ഥയും നിലനിര്‍ത്താന്‍ സാധിക്കൂ.
Content Highlights: Kabini river is threatened by solid waste


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..