130 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി മഞ്ഞുവീഴ്ചയില്ലാതെ ജപ്പാനിലെ ഫുജി പര്‍വതം. ജപ്പാനിലെ ഏറ്റവും ഉയരമുള്ള പര്‍വതമാണ് ലോകപ്രശസ്തമായ മൗണ്ട് ഫുജി. സാധാരണഗതിയില്‍ ഒക്ടോബറാവുമ്പോഴേക്കും കൊടുമുടി മഞ്ഞ് മൂടിയിരിക്കും. എന്നാല്‍ ഇത്തവണ ഒക്ടോബര്‍ 30 കഴിഞ്ഞിട്ടും ഇതുവരെ മഞ്ഞുവീഴ്ചയുടെ ലക്ഷണം പോലുമില്ലെന്ന് സി.എന്‍.എന്‍ ഉള്‍പ്പടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 130 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഫുജി ഒക്ടോബറിന് ശേഷവും മഞ്ഞില്ലാതായിരിക്കുന്നത്.
ഈവര്‍ഷത്തേത് ജപ്പാനിലെ ഏറ്റവും ചൂടേറിയ വേനല്‍ക്കാലമെന്ന റെക്കോര്‍ഡിന് പിന്നാലെയാണ് ഈ കാലതാമസം. ജൂണ്‍, ആഗസ്റ്റ് മാസങ്ങളില്‍ ശരാശരിയേക്കാള്‍ 1.76 ഡിഗ്രി സെല്‍ഷ്യസ് അധികമായിരുന്നു രാജ്യത്തെ താപനില. ഇത് കാലാവസ്ഥ വ്യതിയാനം മൂലമാണെന്ന ആശങ്ക വ്യാപകമായിരുന്നു. ഇപ്പോള്‍ ഫുജിയില്‍ മഞ്ഞുവീഴ്ചയുമില്ലാതായതോടെ രാജ്യം ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങള്‍ നേരിടുകയാണെന്ന് ചൂണ്ടിക്കാട്ടുകയാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍. ആഗോളതാപനം മൂലം അന്തരീക്ഷതാപം ലോകവ്യാപകമായി ഉയരുന്നതിന്റെ ഒടുവിലത്തെ ഇരയാണ് ഈ പര്‍വതമെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു.

മൗണ്ട് ഫുജി
ജപ്പാനിലെ ഏറ്റവും ഉയരമേറിയതും പ്രശസ്തവുമായ പര്‍വതമാണ് ഫുജി. എല്ലാ വര്‍ഷവും നിരവധി പര്‍വതാരോഹകരും സഞ്ചാരികളും ഈ പര്‍വതം കയറാനായി എത്താറുണ്ട്. ജപ്പാന്റെ സംസ്കാരത്തില്‍ ഏറെ പ്രധാനപ്പെട്ട പര്‍വതമാണ് 3,776 മീറ്റര്‍ ഉയരമുള്ള ഫുജി. ചില വിഭാഗങ്ങള്‍ക്ക് ഇതൊരു തീര്‍ഥാടന കേന്ദ്രം കൂടിയാണ്. വര്‍ഷത്തില്‍ പകുതിയും മഞ്ഞുമൂടിക്കിടക്കുന്ന ഫുജി ഒരു സജീവ അഗ്നിപര്‍വതം കൂടിയാണ്. 300 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഫുജിയില്‍ അവസാനമായി അഗ്നിപര്‍വത സ്ഫോടനമുണ്ടായത്. അമിത ടൂറിസത്തിന്റെ പ്രതിസന്ധികള്‍ കാരണം ജപ്പാന് ഇവിടെ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
ഇതിന്റെ ഭാഗമായി ഇപ്പോള്‍ നിശ്ചിത എണ്ണം സഞ്ചാരികളെ മാത്രമേ പര്‍വതത്തിലേക്ക് കയറ്റിവിടുകയുള്ളു. അതോടൊപ്പം പര്‍വതത്തിലേക്ക് പ്രവേശിക്കാന്‍ ഫീസും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അമിതമായ വിനോദസഞ്ചാര പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പ്രാദേശിക ഭരണകൂടത്തിന്റെ ഈ നടപടി. ഇപ്പോള്‍ പരിസ്ഥിതി ആശങ്കകളും ഉയര്‍ന്നതോടെ ഫുജിയിലേക്കുള്ള ടൂറിസത്തിന് കൂടുതല്‍ വിലക്കുകള്‍ കൊണ്ടുവന്നേക്കുമെന്ന വാര്‍ത്തകളും സജീവമാണ്.
Content Highlights: japans mount fuji remain snowless breaks 130 years record
Published: 02 Nov 2024, 10:50 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented