മാധവ് ഗാഡ്ഗിൽ | ഫോട്ടോ:ജയേഷ്.പി
വന്യമൃഗങ്ങൾ മനുഷ്യനെ ആക്രമിക്കുകയും വയനാട്ടിൽ ഒരാൾ കൊല്ലപ്പെടുകയും ചെയ്തതിനെ മുൻനിർത്തി പരിസ്ഥിതി ശാസ്ത്രജ്ഞനും പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ പാനൽ അംഗവുമായ മാധവ് ഗാഡ്ഗിൽ മാതൃഭൂമി പ്രതിനിധി എൻ. ശ്രീജിത്തിന് അനുവദിച്ച അഭിമുഖത്തിൽ നിന്ന്
? വന്യമൃഗങ്ങൾ നാട്ടിലേക്കിറങ്ങി മനുഷ്യനെ കൊല്ലുന്നിടത്തോളം എത്തി. ഇക്കാര്യത്തെ എങ്ങനെ നോക്കി കാണുന്നു
=വന്യമൃഗങ്ങളെ നിയന്ത്രിതമായ രീതിയിൽ വേട്ടയാടുന്നത് അവയുടെ എണ്ണം കുറയ്ക്കാനും വനത്തിനടുത്ത് ജീവിക്കുന്നവരെ മൃഗങ്ങളിൽനിന്ന് സംരക്ഷിക്കാനും സാധ്യമാക്കും. ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യജീവികളെ കൊല്ലരുതെന്ന് പറയുന്നത് ഭരണഘടനാ വിരുദ്ധമാണ്. വന്യമൃഗങ്ങളെ നിയന്ത്രിതമായി വേട്ടയാടേണ്ടത് ഇന്നത്തെ കാലത്തെ ഏറ്റവും വലിയ ആവശ്യങ്ങളിലൊന്നാണ്. 1972-ലെ വന്യജീവി സംരക്ഷണനിയമം മനുഷ്യർക്ക് മൃഗങ്ങളുടെ ആക്രമണത്തിൽനിന്ന് സ്വയം പ്രതിരോധിക്കാനുള്ള അവകാശത്തെ നിഷേധിക്കുന്നതാണ്. സംരക്ഷിത വനമേഖലയ്ക്ക് പുറത്തിറങ്ങി മനുഷ്യന്റെ ആവാസ മേഖലയിൽ അതിക്രമിച്ചു കടക്കുന്ന വന്യജീവികളെ കൊല്ലുന്നതിൽ തെറ്റില്ല. ഇന്ത്യയിൽ മാത്രമാണ് രാജ്യവ്യാപകമായി മൃഗവേട്ടയ്ക്ക് നിരോധനമുള്ളത്. പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തിക്കൊണ്ടുള്ള വന്യജീവി സംരക്ഷണമാണ് വേണ്ടത്.
? വന്യജീവികളുടെ എണ്ണം ഓരോ ദിവസവും കുറഞ്ഞുവരുകയാണെന്നും അതിനെ കൊല്ലരുതെന്ന വാദവും ശക്തമാണല്ലോ
=വന്യജീവികളെ സംബന്ധിച്ച കൃത്യമായ കണക്കുകളില്ല. കാട്ടുപന്നികളുടെയും കടുവകളുടെയും ആക്രമണത്തിൽ കൊല്ലപ്പെടുന്ന ആളുകളുടെ എണ്ണം കൂടിവരുകയാണ്. വന്യജീവികൾക്ക് മനുഷ്യനെ കൊല്ലാം, സ്വയംരക്ഷയ്ക്കുപോലും വന്യജീവികളെ കൊല്ലാൻ പാടില്ലെന്നുമുള്ള നിലപാട് മണ്ടത്തരമാണ്. വന്യമൃഗങ്ങളുടെ എണ്ണം സംബന്ധിച്ച് സർക്കാർ വകുപ്പുകളുടെ കൈവശമുള്ള കണക്കുകൾ പലതും നുണയാണ്. മനുഷ്യജീവന് ഭീഷണിയാകുന്ന വന്യമൃഗങ്ങളെ വേട്ടയാടാൻ അനുമതി നൽകണം. തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് ഇതിന് അധികാരം നൽകണം. വേട്ടയ്ക്ക് ലൈസൻസ് നൽകുന്നതടക്കമുള്ള കാര്യങ്ങളിൽ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് തീരുമാനമെടുക്കാൻ അനുവാദം നൽകണം. കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം നാട്ടുകാരുമായി ആശയവിനിമയം നടത്തി മൃഗങ്ങളുടെ പട്ടിക തയ്യാറാക്കണം.
? വേട്ട, വന്യജീവികളുടെ നാശത്തിന് കാരണമാകില്ലേ
=നിയന്ത്രണങ്ങളോടു കൂടിയ വേട്ട മൃഗങ്ങളുടെ വംശനാശത്തിന് കാരണമാകില്ല. വനത്തിൽ ജീവിക്കുന്നവരെ മൃഗങ്ങളിൽനിന്ന് സംരക്ഷിക്കാനും സഹായകമാകും. കാട്ടിൽ ജീവിക്കുന്ന മനുഷ്യരുടെ അവസ്ഥകൂടി നഗരത്തിൽ കഴിയുന്ന തീവ്ര പ്രകൃതി സംരക്ഷണവാദികൾ അനുഭവിച്ചറിയണം. വന്യജീവി സംരക്ഷണനിയമം കാലോചിതമായി പരിഷ്കരിക്കണം. അമേരിക്കയും ഇംഗ്ലണ്ടും ആഫ്രിക്കൻ രാജ്യങ്ങളും മൃഗവേട്ട അനുവദിക്കുന്നുണ്ട്. കടുവവേട്ട പൂർണമായും നിരോധിക്കുന്നത് യുക്തിഭദ്രമായ കാര്യമായിതോന്നുന്നില്ല. പക്ഷികളെയോ മൃഗങ്ങളെയോ വേട്ടയാടുന്നതുകൊണ്ടല്ല, മറിച്ച് കീടനാശിനിയുടെ അനിയന്ത്രിതമായ ഉപയോഗം പോലുള്ള മറ്റ് കാര്യങ്ങളാണ് ജൈവവൈവിധ്യം നശിപ്പിക്കുന്നത്.
? ഗാഡ്ഗിലാണ് മലയോര കർഷകരുടെ മനസ്സിൽ തീകൊരിയിട്ടതെന്ന് കേരള വനംവകുപ്പ് മന്ത്രി ഇന്ന് പറഞ്ഞു
= ഞാൻ പരിസ്ഥിതി ശാസ്ത്രജ്ഞനാണ്. ഒപ്പം ജനാധിപത്യത്തെ അത്രമാത്രം ഞാൻ സ്നേഹിക്കുന്നുണ്ട്. പശ്ചിമഘട്ട മലനിരകൾ സംരക്ഷിക്കപ്പെടുക തന്നെ വേണം. ഞാനൊരിക്കലും ആരുടെയും മനസ്സിൽ തീ കോരിയിട്ടിട്ടില്ല. ഭാവിയെ മുൻ നിർത്തിയാണ് കാര്യങ്ങൾ പറഞ്ഞത്. മന്ത്രിക്ക് അദ്ദേഹത്തിന്റെ അഭിപ്രായം പറയാൻ അവകാശമുണ്ട്. അദ്ദേഹം, അദ്ദേഹത്തിന്റെ അഭിപ്രായം പറയട്ടെ. ഞാൻ എന്റേതും.
Content Highlights: interview on madhav gadgil
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..