ഡോ.സൊണാലി ഗാർഗ്
ന്യൂഡല്‍ഹി: ഡെല്‍ഹി യൂണിവേഴ്സിറ്റിയിലെ പ്രശസ്ത ഉഭയജീവി ഗവേഷക സൊണാലി ഗാര്‍ഗ് അടക്കം 42 പേര് ദേശീയ യുവശാസ്ത്രപുരസ്കാരത്തിന് അര്‍ഹരായി. 40 വയസില്‍ താഴെയുള്ളവരും വിവിധ പഠനമേഖലകളില്‍ ശ്രദ്ധേയമായ സംഭാവന നല്‍കിയവരുമായ ശാസ്ത്രജ്ഞര്‍ക്ക് ഇന്ത്യന്‍ നാഷണല്‍ സയന്‍സ് അക്കാദമി (ഐ.എന്‍.എസ്.എ) നല്കുന്ന പുരസ്കാരമാണിത്.
തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയിലെ പ്ലാന്റ് മോളിക്യുലാര്‍ ബയോളജി വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന സരസ്വതി നയ്യാരും 2022 ലെ പുരസ്കാര ജേതാക്കളില്‍ പെടുന്നു. സാധാരണയായി 40 പേര്‍ക്കാണ് യുവശാസ്ത്ര പുരസ്കാരം നല്കുന്നതെങ്കിലും, ഇത്തവണ 42 പേര്‍ക്ക് അവാര്‍ഡ് നല്കി.
യുവഗവേഷകര്‍ക്ക് രാജ്യത്ത് ലഭിക്കുന്ന ഏറ്റവും വലിയ ബഹുമതിയായി 'ഐ.എന്‍.എസ്.എ. മെഡല്‍ ഫോര്‍ യങ് സയന്റിസ്റ്റസ്' പരിഗണിക്കപ്പെടുന്നു. 1974 മുതലാണ് യുവഗവേഷകര്‍ക്ക് ഈ അവാര്‍ഡ് നല്കി തുടങ്ങിയത്. 2021 വരെ 925 പേര് ഈ ബഹുമതിക്ക് അര്‍ഹരായി.
ഡെല്‍ഹി യൂണിവേഴ്സിറ്റിയിലെ എണ്‍വിരോണ്‍മെന്റല്‍ സ്റ്റഡീസ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്ന് ഉഭയജീവി ഗവേഷണത്തില്‍ പി.എച്ച്.ഡി.നേടിയ ഡോ.സൊണാലി ഗാര്‍ഗ് ഇതിനകം പശ്ചിമഘട്ടത്തില്‍ നിന്നും രാജ്യത്തിന്റെ വടക്കുകിഴക്കന്‍ പ്രദേശത്തുനിന്നുമായി 50 പുതിയ ഇനം തവളകളെ കണ്ടെത്തി ശാസ്ത്രലോകത്തിന് മുന്നില്‍ അവതരിപ്പിച്ച ഗവേഷകയാണ്. ഇന്ത്യയില്‍ ആദ്യമായിട്ടാണ് ഒരു ഗവേഷക ഈ നേട്ടം കൈവരിക്കുന്നത്.
തവളകളെ സംബന്ധിച്ച് സൊണാലി നടത്തിയ കണ്ടെത്തലുകള്‍, പശ്ചിമഘട്ടം പോലുള്ള പ്രദേശങ്ങളുടെ പാരിസ്ഥിതിക പ്രാധാന്യം വ്യക്തമാക്കുന്നതാണ്. നിലവില്‍ യു.എസിലെ പ്രശസ്തമായ ഹാര്‍വാഡ് യൂണിവേഴ്സിറ്റിയില്‍ ബയോഡൈവേഴ്സിറ്റി പോസ്റ്റ് ഡോക്ടറല്‍ ഫെലോ ആണ്, ഉത്തര്‍പ്രദേശ് സ്വദേശിയായ ഡോ.സൊണാലി.
ഇന്ത്യന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സയന്‍സിലെ (ഐ.ഐ.എസ്.സി) നാല് ഫാക്കല്‍റ്റി അംഗങ്ങളായ ശുഭോജോയ് ഗുപ്ത, മോഹിത് കുമാര്‍ ജോളി, ശ്രീമോണ്ട ഗയേന്‍, ആര്.വെങ്കിടേഷ് എന്നിവരും ഇക്കുറി യുവപുരസ്കാരം ലഭിച്ചവരില്‍ പെടുന്നു.
Content Highlights: insa young scientist awards 2022 declared
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..