Photo:AP
പടിഞ്ഞാറന്‍ ഏഷ്യയിലെയും വടക്കന്‍ ആഫ്രിക്കയിലെയും പൊടിക്കാറ്റ് ഇന്ത്യയില്‍ മഴയ്ക്ക് കാരണമാകുന്നുണ്ടെന്ന് മലയാളികള്‍ ഉള്‍പ്പെട്ട ഗവേഷക സംഘത്തിന്റെ പഠനം. ശാന്തസമുദ്രത്തിന് ചൂടുപിടിക്കുന്ന എല്‍നിനോ പ്രതിഭാസംമൂലം വരള്‍ച്ചയനുഭവപ്പെടുന്ന സമയത്താണ് പൊടിപടലവും മഴയും തമ്മിലുള്ള ബന്ധം കൂടുതല്‍ പ്രകടമാകുക.
ഭുവനേശ്വര്‍ ഐ.ഐ.ടിയിലെ സമുദ്ര, കാലാവസ്ഥാ പഠനവകുപ്പിലെ ഗവേഷക വിദ്യാര്‍ഥിനിയായ നന്ദിനി ഗോപിനാഥ്, അസിസ്റ്റന്റ് പ്രൊഫസര്‍ വി. വിനോജ് എന്നിവരുള്‍പ്പെട്ട പഠനം ക്ലൈമറ്റ് ആന്‍ഡ് അറ്റ്മോസ്ഫെറിക് സയന്‍സ് ജേണലിലാണ് പ്രസിദ്ധീകരിച്ചത്.

പൊടികൂടുമ്പോള് മഴകൂടും
പശ്ചിമേഷ്യയിലെയും വടക്കന്‍ ആഫ്രിക്കയിലെയും മരുഭൂമികളില്‍ നിന്നുള്ള പൊടിപടലങ്ങള്‍ കാറ്റിലൂടെ അറബിക്കടലിന് മുകളില്‍ വന്ന് തങ്ങും. അന്തരീക്ഷത്തിന്റെ ചൂടുകൂടും. ഇത് മണ്‍സൂണ്‍ കാറ്റിന് അധിക ഊര്‍ജം നല്‍കും.
അതുവഴി അറബിക്കടലിന്റെ അന്തരീക്ഷത്തില്‍ നിന്ന് കൂടുതല്‍ നീരാവി ഇന്ത്യയുടെ ആകാശത്തേക്ക് എത്തുകയും മഴയായി പെയ്യുകയും ചെയ്യും.
അതായത് അറബിക്കടലിന് മുകളില്‍ പൊടിപടലങ്ങള്‍ കൂടിയാല്‍ ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളില്‍ ഇന്ത്യയില്‍ പെട്ടെന്നുള്ള ഒറ്റപ്പെട്ട മഴയുണ്ടാകാന്‍ സാധ്യതയുണ്ട്. എല്‍നിനോ പ്രതിഭാസംമൂലം പൊതുവേ ഇന്ത്യയില്‍ മഴ കുറയുകയാണ് ചെയ്യുക. അത്തരം സാഹചര്യങ്ങളില്‍ ചിലപ്പോഴൊക്കെ ഈ പൊടി-മഴ ബന്ധം ഗുണകരമാകാറുണ്ട്. 2014 മുതലുള്ള നിരീക്ഷണങ്ങളുടെ ഫലമാണ് ഈ നിഗമനം.
കേരളത്തിനും പ്രധാനം
ഇന്ത്യയില്‍ 10 ശതമാനം മഴ അധികം പെയ്താല്‍ വെള്ളപ്പൊക്കവും 10 ശതമാനം കുറഞ്ഞാല്‍ വരള്‍ച്ചയും എന്നതാണ് അവസ്ഥ. അതുകൊണ്ട് മഴയെ സ്വാധീനിക്കുന്ന ഓരോ ചെറിയ ഘടകങ്ങള്‍ക്കും അതീവ പ്രാധാന്യമുണ്ടെന്ന് വിനോജ് പറയുന്നു.
അറബിക്കടലിലെ പൊടിപടലത്താലുള്ള മഴ ഇന്ത്യയില്‍ ഏതൊക്കെ ഭാഗത്താണ് കാര്യമായി പെയ്യുന്നതെന്ന് അറിയാന്‍ പഠനങ്ങള്‍ പുരോഗമിക്കുകയാണ്. തീര്‍ച്ചയായും കേരളത്തിലും അത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വിനോജിന്റെ നിഗമനം.
തമിഴ്നാട്ടിലെ ഗൂഡല്ലൂരില്‍ ജനിച്ചു വളര്‍ന്ന വിനോജിന്റെ കുടുംബവേരുകള്‍ പാലക്കാട്ടാണ്. പ്രധാനമന്ത്രിയുടെ റിസര്‍ച്ച് ഫെലോ പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള നന്ദിനി ഗോപിനാഥും പാലക്കാട്ടുക്കാരിയാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..